ലേഖനം / മേരി ജെന്‍സി
പ്രാര്‍ഥനാഭരിതമായ അങ്കണത്തില്‍ വളര്‍ന്ന ഒരു കുഞ്ഞുചെടി കുടുംബത്തിന്റെ തണലിലും മഴയിലും നനഞ്ഞ് വളര്‍ന്ന് ദൈവകൃപയില്‍ മനോഹരവും ശക്തവുമായ ഒരു വൃക്ഷമായി മാറിയിരിക്കുന്നു. ഉന്നതിയുടെ പീഠങ്ങളേറുമ്പോഴും ഡോ. ആന്റണി കാട്ടിപ്പറമ്പിലിന്റെ ഹൃദയം ഇപ്പോഴും കുടുംബനന്മയില് അഭിരമിക്കുന്നു. മാതാപിതാക്കളില്‍ നിന്ന്, സഹോദരീസഹോദരന്മാരില് നിന്ന്, കുഞ്ഞുങ്ങളില്‍ നിന്ന് നന്മ സ്വീകരിക്കാനും പല ഇരട്ടിയായി തിരികെ നല്‍കാനും അദ്ദേഹത്തിന് കഴിയുന്നു.
മുതിര്‍ന്നവരുടെ സ്നേഹവാത്സല്യമൂറുന്ന കണ്ണുകളിലും, ഇളയവരുടെ നിര്‍ദോഷ ചിന്തകളിലും, ഹൃദയചുമരുകളില് പതിഞ്ഞ വിശ്വാസഗീതങ്ങളുടെ താളത്തിലും എവിടെയും നമുക്ക് കാണാനാകുന്നത് ദൈവാഭിഷിക്തമായ ബന്ധത്തിന്റെ പ്രതിബിംബമാണ്. മനസിന്റെ ഗഹനങ്ങളില്‍ കനിവിന്റെ നിറകുടം, ജീവന് മുഴുവന്‍ പ്രാര്‍ഥനയായി മാറ്റുന്ന എളിമ- അതാണ് നിയുക്തഇടയന്റെ ശോഭയും ശക്തിയും.
കുടുംബത്തിന്റെ സ്നേഹനാളങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പടര്‍ന്നിരിക്കുന്നു; ഒരു വിശുദ്ധ പുഷ്പം പോലെ, ദൈവത്തിന്റെ വിരലടയാളമുള്ളൊരു നിഷ്കളങ്ക സൗരഭ്യം അവിടെ പ്രസരിക്കുന്നു.

ആന്റപ്പാങ്കിള് (നിയുക്ത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍) കുഞ്ഞായിരിക്കുമ്പോള്‍ എന്നെ കുളിപ്പിക്കുകയും ഉടുപ്പിടീക്കുകയും ചെയ്തിട്ടുണ്ട്. സെമിനാരിയില്‍ നിന്നു അവധിയില്‍ വീട്ടില്‍ വരുമ്പോള്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുമ്പോള്‍ എന്നെയും കൈക്കുപിടിച്ചു കൊണ്ടുപോകും. കൂട്ടുകാര്‍ ഒപ്പം നടന്ന് എന്നെ പുറകിലാക്കിയാലും എന്റെ കൈയില്‍ നിന്ന് ഒരിക്കലും അങ്കിള്‍ പിടിവിടില്ലായിരുന്നു. ആ കരുതലും സ്നേഹവും ഇപ്പോഴും ഉണ്ട്. ആ കരങ്ങളില്‍ പിടിച്ചു തുടക്കമിട്ടതു കൊണ്ടാകണം ഇന്നും പരിശുദ്ധ കുര്ബാനയ്ക്കുപോകുവാന് ഈശോ എന്നെ അനുഗ്രഹിക്കുന്നു.
ഒരിക്കല്‍ അങ്കിള്‍ സെമിനാരിയില്‍ നിന്നു ലീവിനു വന്ന സമയത്ത് ഞാന്‍ കെസിഎസ്എല്‍, മിഷ്യന് ലിംഗ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഒരു കൂപ്പണ്‍ വില്‍പ്പന ഉണ്ടായിരുന്നു. പരിചയമുള്ളവര്‍ 10, 15 എണ്ണമൊക്കെ എടുത്തു. അങ്കിളിന്റെ അടുത്തും കൊണ്ടുചെന്നു. എന്നോട് പറഞ്ഞു, ‘കൊച്ചേ അങ്കേട കയ്യില്‍ കാശില്ല.. പോക്കറ്റ് കാലിയാകേണ്ട എന്ന് കരുതി ഒരു പഴയ 5 ന്റെ നോട്ട് ഉണ്ട്’ ഞാന്‍ പറഞ്ഞു, ‘അതുമതി’. എന്റെ കൈയ്യില്‍ തന്ന 5 രൂപ പഴയതും കീറിയതുമായിരുന്നു. ആ ഒന്നുമില്ലായ്മയില്‍ നിന്നും തന്ന ആ അഞ്ചു രൂപയ്ക്കായിരുന്നു ഈശോ മൂല്യം കണ്ടത്. ഒന്നാം സമ്മാനമായ സ്വര്‍ണ്ണ മോതിരം ആ കൂപ്പണായിരുന്നു. ആ മോതിരം എനിക്കു തന്നെ തരുകയും ചെയ്തു. അങ്കിളിന്റെ ഒന്നുമില്ലായ്മയിലും ആ മോതിരം എനിക്കു തന്നതുകൊണ്ടാകും ഈശോയുടെ അടയാളമുള്ള ഈ മുദ്രമോതിരം ഇന്ന് അങ്കിളിന് ലഭിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അപ്പയുടെയും അമ്മയുടെയും (ആന്റണി കാട്ടിപ്പറമ്പിലിന്റെ പിതാവും മാതാവും- (ജേക്കബ്, ട്രീസ) മരണശേഷമാണ് അങ്കിളിനുവേണ്ടി ഞാന്‍ കൂടുതലായി പ്രാര്‍ഥിക്കാന്‍ തുടങ്ങിയത്. ഒക്ടോബര്‍ മാസമാണ് അപ്പയും അമ്മയും ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞത്. അങ്കിളിന്റെ ജന്മദിനവും ഒക്ടോബര്‍ മാസമാണ്. ഈ മാസം ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാസവുമാണ്. എന്റെ അപ്പയുടെയും അമ്മയുടെയും സ്നേഹവും, കരുണയും വാല്സല്യവും ഞാനിന്ന് കാണുന്നത് എന്റെ ആന്റപ്പാങ്കിളിലൂടെയാണ്.
ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ അങ്കിളിന് സുഖമില്ലെന്ന് സ്വപ്നം കാണും. ചിലപ്പോഴൊക്കെ അത് സത്യമാകാറുണ്ട്.
അങ്ങനെ ഒരു ദിവസം വെളുപ്പിന് ഞാന്‍ സ്വപ്നം കാണുന്നത് അങ്കിളിനെ തീരെ വയ്യാതായിട്ടാണ്. അന്നത്തെ പരിശുദ്ധ കുര്‍ബാനയില്‍ അങ്കിളിനു വേണ്ടി പ്രാര്‍ഥിക്കുന്ന സമയത്ത് ഈശോയുടെ തിരുശരീരവും തിരുരക്തവും ഉയര്‍ത്തുന്ന സമയം എന്റെ ചെവിയിലേക്ക് ഏശയ്യ 45 എന്ന ശബ്ദം കേട്ടു, എന്തായിരിക്കും ഏശയ്യ 45 എന്നോര്‍ത്ത് എനിക്ക് പേടിയായി. പരിശുദ്ധ കുര്‍ബാന കഴിഞ്ഞ് ആദ്യം തന്നെ ബൈബിള്‍ എടുത്ത് വായിച്ചു. 45 – 1 സൈറസിനെ നിയോഗിക്കുന്നു എന്ന വചനം ആയിരുന്നു അത്. ഈ വചനം കിട്ടിയത് കഴിഞ്ഞ വര്‍ഷം (2024) ഒക്ടോബര്‍ പതിനേഴാം തീയതി ആയിരുന്നു. അന്ന് തന്നെ ഞാന്‍ അങ്കിളിന് വചനം അയച്ചു കൊടുക്കുകയും ചെയ്തു. അന്ന് കിട്ടിയ വചനത്തിന്റെ അര്‍ത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. പരിശുദ്ധ കുര്‍ബാനയ്ക്ക് ഇത്രയേറെ മഹത്വം ഉണ്ടെന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു .

മേരി ജെന്‍സി
എന്തു പ്രയാസം ഉണ്ടെങ്കിലും അങ്കിള്‍ ആരോടും പറയില്ല, ഒറ്റക്കെല്ലാം സഹിക്കും. അത്രയ്ക്ക് സഹിക്കാന്‍ പറ്റാത്തപ്പോള്‍ മാത്രം പറയും എന്നാല്‍ മറ്റുള്ളവരുടെ വേദനകളെ സ്വന്തം വേദനകളായി കരുതുകയും എല്ലാ പ്രയാസങ്ങളും കേള്‍ക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യും. ഞാന്‍ അപ്പയും അമ്മയും എന്നു വിളിച്ചിരുന്ന ആന്റപ്പനങ്കിളിന്റെ മാതാപിതാക്കള്‍ പരസ്പരമുള്ള പരസ്നേഹത്തില്‍ അതിസമ്പന്നരായിരുന്നു. അവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളിലും മറ്റുള്ളവരെ സഹായിക്കാനുള്ള കരുണ കാണിച്ചു. ഇല്ലായ്മയില്‍ നിന്നു പോലും പാവങ്ങളെ സഹായിക്കാനും പ്രാര്‍ഥിക്കാനും, ഒന്നിച്ചു നിന്നു പ്രതിസന്ധികളെ മറികടക്കാനും അവര്‍ മിടുക്കരായിരുന്നു. കഷ്ടപ്പാടുകളെ കര്‍ത്താവിലേക്കുള്ള വഴിയായി അവര്‍ മാറ്റിയിരുന്നു. ആ ഗുണങ്ങളെല്ലാം ഇന്ന് ആന്റപ്പനങ്കിളില് നിറഞ്ഞു നില്‍ക്കുകയാണ്. അത് എന്നും അങ്ങനെ തന്നെയാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
കാട്ടിപ്പറമ്പിലെ കുഞ്ഞാന്റപ്പന്
ആന്റണി കാട്ടിപ്പറമ്പിലിന്റെ സഹോദരി റീത്താമ്മയുടെ ഓര്‍മ്മയാണ് ഇവിടെ പങ്കുവയ്ക്കുന്നത്: ‘ ഞങ്ങളുടെ മാതാപിതാക്കളായ ജേക്കബിന്റേയും ട്രീസയുടേയും വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ ആനി എന്ന പെണ്‍കുഞ്ഞ് ജനിച്ചു. പിന്നീട് തങ്കമ്മ, എല്‍സി, ജോസി, കുഞ്ഞപ്പന്, റീത്താമ്മ. ഏറ്റവും ഇളയതായി ഒരു ആണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞിന് ആന്റണി എന്നു പേരിട്ടു. ആന്റണിയെ ഞങ്ങള്‍ ആന്റപ്പന് എന്നു വിളിച്ചു.
കുട്ടിയായിരുന്നപ്പോള്‍ ആന്റപ്പന് അമ്മച്ചിയെ ആയിരുന്നു കൂടുതല്‍ ഇഷ്ടം. അമ്മച്ചി ജോലി കഴിഞ്ഞ് വരുമ്പോള്‍ എത്ര കളിയില്‍ ആണെങ്കിലും ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കും. ഈ ശീലം സെമിനാരിയില്‍ നിന്ന് വീട്ടില്‍ വരുമ്പോഴും ഉണ്ടായിരുന്നു.
ഞങ്ങളുടെ കുഞ്ഞുനാളില്‍ അപ്പിച്ചി പണിയും കഴിഞ്ഞ് വരുമ്പോഴാണ് അന്ന് രാത്രിക്ക് ഉള്ളതും പിറ്റേന്ന് ആവശ്യമുള്ളതുമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരുന്നത്. എത്ര വിശന്നാലും പട്ടിണി ആയിരുന്നാലും ഏഴു മണിക്കുള്ള കുരിശുവരയും എട്ടുമണിക്ക് പ്രാര്‍ഥനയും കഴിയാതെ ഭക്ഷണം തരില്ല. ഉള്ള ഭക്ഷണം എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കഴിക്കും. അത് വളരെ സന്തോഷമുള്ള കാര്യമാണ്. ഭക്ഷണം റെഡിയായി വരുമ്പോഴേക്കും ആന്റപ്പന് ഉറങ്ങിയിട്ടുണ്ടാവും. ഭക്ഷണം കഴിക്കാന്‍ എഴുന്നേല്‍പ്പിച്ചാല്‍ വാ തുറക്കില്ല. അപ്പോള്‍ അമ്മച്ചി പറയും. അപ്പുറത്തെ വീട്ടിലെ ബിനു ഭക്ഷണം കഴിക്കാന്‍ വാ തുറക്കില്ല, പക്ഷേ എന്റെ മകന് വാ തുറക്കും എന്ന്. അപ്പോള്‍ തന്നെ കണ്ണും വായും തുറക്കും. അങ്ങനെയായിരുന്നു ആന്റപ്പന് ഭക്ഷണം കൊടുത്തിരുന്നത.്
പ്രാര്‍ഥനയ്ക്ക് ആന്റപ്പന് ഉറക്കം തൂങ്ങിയാലും മുട്ടു വേദനിക്കുമ്പോള്‍ ഇരുന്നാലും വഴക്ക് പറയില്ല. പക്ഷേ ഞങ്ങള്‍ എല്ലാവരും പ്രാര്‍ഥന തീരുവോളം മുട്ടിന്മേല് നില്‍ക്കണം. ഇന്നത്തെപ്പോലെ ജപമാല മാത്രമല്ല വണക്കമാസവും നൊവേനയും ചൊല്ലും. ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നതും ഞാനും ആന്റപ്പനും കൂടിയാണ്. ആന്റപ്പന്റെ ആദ്യകുര്‍ബാന സ്വീകരണം വലിയ ആഘോഷത്തോടുകൂടിയാണ് നടന്നത് confirmation സ്വീകരിക്കുന്നത് കുരീത്തറ പിതാവില്‍ നിന്നുമാണ്. കുട്ടി ആയിരിക്കുമ്പോള്‍ അപ്പച്ചിയും അമ്മച്ചിയും പഠിപ്പിച്ച പ്രാര്‍ഥന, ‘ഈശോയെ എന്റെ അപ്പച്ചിയെ കാത്തുകൊള്ളണമേ, കൈ നിറച്ച കാശ് കിട്ടണേ, കിടക്കാന്‍ കിടപ്പാടം തരണമേ, ഉടുക്കാന്‍ വസ്ത്രം തരണമേ, കുടിക്കാന്‍ കഞ്ഞി തരണമേ ഇതായിരുന്നു ഞങ്ങളുടെ പ്രധാന പ്രാര്‍ഥനകള്‍’.

പ്രാര്‍ഥനയുടെ നിറവില്‍
സഹോദരി തങ്കയുടെ ഓര്‍മകള്‍: ‘ആന്റപ്പന് സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വീട്ടില്‍ വെക്കേഷന് വന്നപ്പോള്‍ ഇനി ഞാന്‍ സെമിനാരിയില്‍ പോകുന്നില്ല എന്ന് പറഞ്ഞു. നീ ഇഷ്ടപ്പെട്ട് പോയതല്ലേ… പിന്നെ എന്താണ് ഇങ്ങനെ പറയുന്നത്… എല്ലാവരും പ്രാര്‍ഥിച്ചു. ആന്പ്പന് തീരുമാനം മാറ്റി. സമയമായപ്പോള്‍ തിരികെ സെമിനാരിയിലേക്ക് പോവുകയും ചെയ്തു.
ഏറ്റവും പ്രധാനപ്പെട്ട ഒരു വെക്കേഷന് വീട്ടിലേക്ക് വരുമ്പോള്‍ അന്ന് വീട്ടിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളും ചെല്ലണം എന്നുണ്ടായിരുന്നു. കുരീത്തറ പിതാവ് അപ്പിച്ചിയോടും അമ്മച്ചിയോടും പറഞ്ഞു. ‘ ഈ ലീവ് എന്ന് പറഞ്ഞാല്‍ തിരിച്ച് സെമിനാരിയിലേക്ക് വരാന്‍ മടിക്കുന്നതും, വിവാഹ ജീവിതമോ വേറെ ജീവിതത്തിലേക്ക് തിരിയുകയോ ചെയ്തേക്കാം.
അങ്ങനെയൊന്നും നിങ്ങളുടെ മനസ്സ് തിരിഞ്ഞു പോവാതെ നിങ്ങള്‍ എന്ത് ലക്ഷ്യത്തിനാണോ വന്നത് അത് പൂര്‍ത്തിയാക്കണം’.
അങ്ങനെ ആന്റപ്പന് വീട്ടില്‍ വന്നു തിരികെ പോകാന്‍ സമയമായപ്പോള്‍ ആന്റപ്പന് പോവണ്ട എന്നായി…
കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ പോയാല്‍ കുഞ്ഞപ്പന് ചേട്ടന് ഒറ്റയ്ക്ക് പണിയെടുത്ത് റീത്താമ്മയെ കെട്ടിക്കേണ്ടി വരും. അതുകൊണ്ട് ഞാന്‍ പോകുന്നില്ല എന്ന്.
പ്രശ്നം ഗുരുതരമായപ്പോള്‍ അപ്പിച്ചിയും അമ്മച്ചിയും പറഞ്ഞു, ഇഷ്ടമില്ലെങ്കില്‍ പോവണ്ട എന്ന്. എങ്കിലും അപ്പിച്ചിക്കും അമ്മച്ചിക്കും സങ്കടമായി. എല്ലാവരും കണ്ണീരോടെ പ്രാര്‍ഥിക്കാന്‍ തുടങ്ങി. അന്നേ ദിവസത്തെ കുടുംബ പ്രാര്‍ഥനയില്‍ ആന്റപ്പനോട് ബൈബിള്‍ വായിക്കാന്‍ പറഞ്ഞു. ഈശോ എന്താണ് പറയുന്നത് അതുപോലെ ചെയ്യാമെന്ന് പറഞ്ഞു കൊടുത്തു.
പ്രാര്‍ഥിച്ചുകൊണ്ട് ബൈബിള്‍ തുറന്നപ്പോള്‍ പത്രോസ് ഈശോയെ മൂന്ന് പ്രാവശ്യം തള്ളിപ്പറയുന്ന വചനഭാഗം ആണ് കിട്ടിയത.് ഇതു വായിച്ചുകേട്ടപ്പോള്‍ ബലഹീനരായ കുടുംബാംഗങ്ങള്‍ എല്ലാവരും ചിന്തിച്ചത്, ദൈവമേ ഇനി ആന്റപ്പന് സെമിനാരിയില്‍ പോവുകയില്ലായിരിക്കും എന്നാണ്. പ്രാര്‍ഥന കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ ആന്റപ്പന് എന്നോട് വന്നു പറഞ്ഞു, ചേച്ചീ ആ തള്ളിപ്പറഞ്ഞ പത്രോസ് പിന്നീട് എന്താണ് ചെയ്തത് എന്ന് എല്ലാവര്ക്കും അറിവുള്ളതല്ലേ…. ഞാന്‍ നാളെ സെമിനാരിയിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചു.
ഇത് കേട്ടപ്പോള്‍ എല്ലാവര്ക്കും വളരെ സന്തോഷമായി. ദൈവത്തിന് നന്ദിയും പറഞ്ഞു. ആന്റപ്പന് വളരെ സന്തോഷത്തോടെയാണ് സെമിനാരിയിലേക്ക് പോയത്. പിന്നെയും പല പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഉപരിപഠനത്തിന് പോവുകയും അവിടെവെച്ച് ഒരുപാട് പരീക്ഷണങ്ങള്‍ ഒക്കെ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. അന്നൊക്കെ ലെറ്റര്‍ സംവിധാനമാണ് ഉണ്ടായിരുന്നത് . പ്രാര്‍ഥനയില്‍ മാത്രമേ പിടിച്ചുനില്ക്കാന് പറ്റൂ, എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന് കത്തില്‍ പറയും. എല്ലാവരുടെയും പ്രാര്‍ഥന കുഞ്ഞിന്റെ ഒപ്പം ഉണ്ടായിരുന്നു.
തിരികെ നാട്ടില്‍ വന്ന് വൈദിക പട്ടം സ്വീകരിച്ചു. തിരുപ്പട്ട സ്വീകരണത്തിന് മറ്റ് രണ്ട് പേരുമുണ്ടായിരുന്നു. ജോണിയച്ചന് (ഫാ. ജോണി സേവ്യര്‍-ഇപ്പോഴത്തെ കൊച്ചി രൂപത ചാന്‍സലര്‍) തമ്പിയച്ചന്‍ (ഫാ. തമ്പി തൈക്കൂട്ടത്തില്‍), ആന്റണിയച്ചന് ഇവര്‍ മൂന്നുപേരും ഒരുമിച്ചാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്. മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയില്‍ വച്ചാണ് ഈ തിരുകര്‍മ്മങ്ങള്‍ നടന്നത്. ആദ്യമായി കൊച്ചച്ചന് ആയിരുന്നത് ഫോര്‍ട്ട്കൊച്ചി ബസിലിക്കയില്‍ ആണ.് അതിനുശേഷം പിന്നെയും ഉപരിപഠനത്തിനായി പോയി. അവിടെവെച്ച് നടുവേദനയും ഓപ്പറേഷനും ഒരുപാട് വേദനകളും ഉണ്ടായി. പരിശുദ്ധ കുര്‍ബാന ചൊല്ലാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.
ആ സമയത്ത് ജോണിയച്ചനാണ് ആന്റപ്പന് സഹായം ആയത്. അപ്പിച്ചിയുടേയും അമ്മച്ചിയുടെയും സഹോദരങ്ങളുടെയും മക്കളുടെയും പ്രാര്‍ഥനയില്‍ പ്രതിസന്ധികള്‍ എല്ലാം ദൈവം മാറ്റി തന്നു. വീണ്ടും പരിശുദ്ധ കുര്‍ബാന ചൊല്ലാനുള്ള കൃപ നല്കി.

കുഞ്ഞനിയനെ കാത്തിരിക്കുന്നു
ജേഷ്ഠന് കുഞ്ഞപ്പന്റെ ഓര്‍മ്മയില്‍: ‘ആന്റപ്പന് 3 – 4 വയസ്സുള്ളപ്പോള്‍ വണക്കമാസത്തിന്റെ അവസാനം വീടുകളില്‍ ലദീഞ്ഞ ചൊല്ലാന്‍ പള്ളിയില്‍നിന്നും വികാരിയച്ചന് വരും. അന്നൊക്കെ അച്ചന് വീട്ടില്‍ വരുമ്പോള്‍ പായ വിരിച്ച് തലയിണ വെച്ച് അതിന്റെ പുറത്ത് വെള്ളത്തുണി വിരിക്കും. അച്ചന് മുട്ടുകുത്താന്‍ വേണ്ടിയാണ് ഇത്. ഇത് കാണുമ്പോള്‍ ആന്റപ്പനു മനസ്സിലാകും, ഇന്ന് അച്ചന് വീട്ടില്‍ വരുന്നുണ്ട് എന്ന്. അച്ചന് വരുമ്പോള്‍ അമ്മയുടെ അരികില്‍ കാണുമെങ്കിലും പിന്നെ ആളെ കാണില്ല. അച്ചന് പോയി കഴിയുമ്പോള്‍ ആളെ കാണാതെ തിരക്കി ചെല്ലുമ്പോള്‍ അടുക്കളയുടെ പിറകിലുള്ള ചാര്‍ത്തില്‍ ഒരു മൂലയ്ക്ക് കുത്തിയിരിക്കുന്നുണ്ടാകും. വിളിച്ചിട്ട് വരാഞ്ഞതിനാല്‍ പോയി ചെന്ന് എടുത്തിട്ട് ചോദിച്ചു, എന്തിനാണ് ഒളിച്ചിരുന്നത് എന്ന്. അപ്പോള്‍ ആന്റപ്പന് പറയുകയാണ് അച്ഛന് വെള്ളമൊഴിക്കും (ഹനാന് വെള്ളം/ പുത്തന്‍ വെള്ളം ) അതുകൊണ്ടാണ് ഒളിച്ചിരുന്നതെന്ന്. ഹനാന് വെള്ളം പേടിച്ച് ഓടിയ ആളാണ് ഇന്ന് ദൈവകൃപയാല്‍ ഇവിടെ വരെ എത്തിയത.്
ആന്റപ്പന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ജോലിക്ക് പോവുകയാണ.് ഞാന്‍ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും ആന്റപ്പനെ തിരക്കും. അടുത്തവീട്ടില്‍ കളിക്കുന്നത് കണ്ടാല്‍ ഒന്നും പറയില്ല. പക്ഷേ റോഡില്‍ നില്‍ക്കുന്നത് കണ്ടാല്‍ വീട്ടില്‍ പോകാന്‍ പറയും. കുറച്ച് കഴിഞ്ഞ് പോകാം എന്ന് ആന്റപ്പന് പറയും, അപ്പോള്‍ തന്നെ വടിയെടുത്ത് ഓടിച്ചു വിടും വീട്ടിലേക്ക്. അന്നത്തെ എന്റെ പേടി മറ്റു കുട്ടികളുമായി വഴക്കുണ്ടാക്കുമോ ചീത്ത പറയാന്‍ പഠിക്കുമോ എന്നൊക്കെ ആയിരുന്നു. ഇതൊക്കെ കഴിഞ്ഞ ഇടയ്ക്ക് വരെ ആന്റപ്പന് പറയുമായിരുന്നു. ചേട്ടന്മാര് എന്നെ മര്യാദയ്ക്ക് റോഡില്‍ കളിക്കാന്‍ പോലും വിട്ടില്ലെന്ന്. പിന്നീട് അച്ചനാകാന്‍ പോയപ്പോള്‍ ഞാന്‍ പറയും, ഇയാള്‍ അച്ചനായിട്ട് വേണം എനിക്ക് കപ്യാര് ആകാന്‍ എന്ന്. ദൈവാനുഗ്രഹത്താല്‍ ആന്റപ്പന് പുരോഹിതനായി. അന്നുമുതല്‍ വരാന്‍ പറ്റുന്ന ഞായറാഴ്ചകള്‍ ആണെങ്കില്‍ ഉച്ചകഴിഞ്ഞ് ആന്റപ്പന് വീട്ടില്‍ വരും. അപ്പിച്ചിയും അമ്മിച്ചിയും ഞങ്ങള്‍ എല്ലാവരും കാത്തിരിക്കും. അതുപോലെ ഇനിയും കാത്തിരിക്കും. ആന്റപ്പന്റെ വരവിന് വേണ്ടി.
നിഷ്കളങ്കത, എളിമ, സഹനത്തിനുള്ള കഴിവ്
സഹോദരി എല്‍സിയുടെ ഓര്‍മ്മയില്‍: ആന്റപ്പന് ചെറുതായിരിക്കുമ്പോള്‍ കുഞ്ഞപ്പന് പറയും, എന്റെ ഷര്‍ട്ട് തേക്ക്, എന്റെ സൈക്കിള്‍ കഴുക്. അപ്പോള്‍ കടയില്‍ പോകാന്‍ അമ്മച്ചി പറയും. അങ്ങനെ ഒരുവിധം പണിയെല്ലാം ആന്റപ്പനെ ഏല്‍പ്പിക്കും. എല്ലാവര്ക്കും ചെയ്തുകൊടുക്കുകയും ചെയ്യും. ഒരു ദിവസം എന്റെ ജോലിസ്ഥലത്ത് നിന്നും ഞങ്ങള്‍ ഒരുമിച്ച് നടന്നു വരുമ്പോള്‍ കൊച്ച് എന്നോട് പറഞ്ഞു, ചേച്ചി എന്നോട് ആര്‍ക്കും ഇഷ്ടമില്ല, എന്നെക്കൊണ്ട് എല്ലാ പണിയും എടുപ്പിക്കും എന്ന് സങ്കടം പറഞ്ഞു. മോനെ സ്നേഹക്കുറവല്ല മോനല്ലേ വീട്ടില്‍ കൊച്ചായിട്ടുള്ളൂ, ബാക്കി എല്ലാവരും ജോലിക്ക് പോകുന്നവരല്ലേ അതുകൊണ്ടല്ലേ മോനോട് ചെയ്യാന്‍ പറയുന്നത്. ദൈവം നിഷ്കളങ്കമായ ഒരു മനസ്സും എളിമയും എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സിന്റെ ഉടമയുമാക്കി ആന്റപ്പനെ മാറ്റി. എല്ലാം സ്നേഹത്തോടെ ചെയ്യുമായിരുന്നു. തിരുപ്പട്ടം സ്വീകരിച്ചു കഴിഞ്ഞ് ഉപരിപഠനത്തിന് പോയതിനുശേഷം എന്റെ കൊച്ച് ഒരുപാട് വേദനകള്‍ സഹിച്ചു. ഏതു വേദനയിലും എന്റെ കൊച്ച് ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചു.
തമ്പുരാന് എന്റെ കുഞ്ഞിനെ കാത്തു. ഒരു ദിവസം സംസാരത്തിനിടയില്‍ ആരോ രോഗാവസ്ഥയിലാണെന്ന് പറഞ്ഞപ്പോള്‍, ആന്റപ്പന് പറഞ്ഞത് അവര്‍ക്ക് എന്തിനാ ആ രോഗവും പ്രയാസവും വരുന്നത് ഞാന്‍ നല്ല തടി അല്ലേ.. എനിക്ക് വന്നാല്‍ മതിയായിരുന്നു എന്നാണ്. ഇതായിരുന്നു ഞങ്ങളുടെ ആന്റപ്പന്. ഇതുവരെ പരിപാലിച്ച ദൈവത്തിന് ആയിരം നന്ദി പറയുന്നതോടൊപ്പം ത്രിയേക ദൈവത്തിന്റെ സംരക്ഷണം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു

പരസ്പരം കാണാതെ കല്യാണം
സഹോദരി ആനിയുടെ ഓര്‍മ്മയില്‍: ആന്റപ്പന് ഒരു വയസ്സുള്ളപ്പോള്‍ ആണ് എന്റെ വിവാഹം. കുടുകുടെ ചിരിക്കുന്ന മകനായിരുന്നു എന്റെ ആന്റപ്പന്. പെണ്ണുകാണാന്‍ വന്നദിവസം അവന്റെ കളിയും ചിരിയും ആ ഉണ്ടക്കണ്ണും കണ്ട് വിരുന്നുകാര് പോയി. ചെക്കന് എന്നെയും ഞാന്‍ ചെക്കനെയും കണ്ടില്ല. കല്യാണദിവസം ചെക്കനാണെന്ന് കരുതി വേറെ ആളെയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. കുഞ്ഞാന്റപ്പന്റെ ലീലാവിലാസങ്ങള്‍ കാരണം കല്യാണ ദിവസമാണ് എന്റെ മൈക്കിളൂട്ടിയെ (ഭര്‍ത്താവ്) എനിക്ക് കാണാന്‍ സാധിച്ചത്.
അള്‍ത്താര ബാലന്
സഹോദരന് ജോസിയുടെ ഓര്‍മ്മയില്‍: ആന്റപ്പന്റെ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞപ്പോള്‍ മുതല്‍ അപ്പിച്ചി എല്ലാ ദിവസവും പള്ളിയില്‍ വിടുമായിരുന്നു. യാക്കോബ് ശ്ലീഹയുടെ തിരുന്നാളിന് ഇനിമ ഇരുത്തിയതിനുശേഷം ആണ് അള്‍ത്താര ബാലനായി ശുശ്രൂഷ തുടങ്ങിയത്. സെമിനാരിയില്‍ ചേര്‍ന്ന ജോണി എന്ന മുണ്ടംവേലിക്കാരന്റെ കൂട്ടും വൈദികന് ആകണം എന്ന ആഗ്രഹത്തിന് കൂടുതല്‍ ബലം നല്‍കിയിട്ടുണ്ട്.
നന്മ നിറഞ്ഞ ഒരു കുടുംബം
ജേഷ്ഠന് ജോസിയുടെ ഭാര്യ മോളിയുടെ ഓര്‍മ്മ: ഞാന്‍ വിവാഹം കഴിഞ്ഞ് വരുമ്പോള്‍ ആന്റപ്പന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. എല്ലാ ദിവസവും പള്ളിയില്‍ പോകും. പള്ളിയില്‍ പോകാന്‍ അപ്പിച്ചി വിളിക്കുന്ന വിളിയാണ് ഞാനിന്നും ഓര്‍ക്കുന്നത.് ആന്റപ്പാ എന്ന് നീട്ടി വിളിക്കും. ഒറ്റ വിളിക്ക് തന്നെ എഴുന്നേല്ക്കും, ഓടി പള്ളിയില്‍ പോകും. പള്ളിയില്‍ നിന്നു വന്നാല്‍ വരാന്തയില്‍ കാലും നീട്ടി ഇരുന്ന് കുറച്ചുനേരം പഠിക്കും. സ്കൂളില്‍ പോകാന്‍ സമയം ആകുമ്പോള്‍ രണ്ടു കൂട്ടുകാര്‍ വരും, റൂബനും ടെന്സനും. അവരുടെ കൂടെ സ്കൂളില്‍ പോകും. തിരികെ വന്നാല്‍ ഉടനെ കളിക്കാന്‍ പോകും. കല്പ്പൊടിയില് പൊതിഞ്ഞായിരിക്കും തിരികെ വീട്ടില്‍ എത്തുന്നത.് 7മണിക്ക് മുന്‍പ് വീട്ടില്‍ എത്തണം. അത് നിര്‍ബന്ധമുള്ള കാര്യമാണ.് പിന്നെ ഈ കുടുംബത്തിലെ ഒരുമിച്ചുള്ള പ്രാര്‍ഥനയും ഭക്ഷണം കഴിക്കലും ആണ് ഏറ്റവും വലിയ സന്തോഷം. ഭക്ഷണം കഴിക്കുന്ന സമയത്താണ് എല്ലാവരുടെയും മനസ്സ് തുറക്കുന്നത.് അത് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ നന്മയാണ്.
ആരേയും ബുദ്ധിമുട്ടിക്കാത്ത മാഷ്
ജേഷ്ഠന് കുഞ്ഞപ്പന്റെ ഭാര്യ മിനിയുടെ ഓര്‍മ്മയില്‍: വീട്ടിലെ മറ്റുള്ളവരെ പോലെ ആന്റപ്പന് എന്നോ അച്ചനെന്നോ ഞാന്‍ വിളിക്കാറില്ല. മാഷേ എന്നാണ് വിളിക്കുന്നത്. സെമിനാരിയില്‍ നിന്നു വന്നാല്‍ മിക്കവാറും രാത്രി പുറത്തുനിന്ന് ആയിരിക്കും ഭക്ഷണം. എതെങ്കിലും അച്ചന്മാരുടെയോ കൂട്ടുകാരുടെയോ കൂടെയോ ആയിരിക്കും. ഒരു ദിവസം രാത്രി വന്നപ്പോള്‍ ഭക്ഷണം എടുക്കാന്‍ എടുക്കാന്‍ പറഞ്ഞു. അന്നാണെങ്കില്‍ ചോറും ഇല്ലായിരുന്നു. ഞാന്‍ ആകെ വിഷമിച്ചു നില്ക്കുമ്പോള് എന്ത് പറ്റി ചേച്ചി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ചോറ് ഇരിപ്പില്ല. പുട്ട് ഇരിപ്പുണ്ട് എന്ന് പറഞ്ഞു. അത് മതി ചേച്ചി, ചോറു വേണമെന്ന് നിര്‍ബന്ധമില്ല എന്ന് പറഞ്ഞു. ആരെയും ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കാത്ത സ്വഭാവം ഒരു പ്രത്യേകതയായിരുന്നു.
ബെഡും ബ്രെഡും, പൈനാപ്പിള്‍, പഠനം, വിവാഹം, പ്രാര്‍ഥന
സഹോദരീ സഹോദര പുത്രന്മാരായ ഷൈജുവിന്റെയും സാജുവിന്റേയും ജോസ്നയുടേയും രേഷ്മയുടേയും റിനോയുടേയും ജോസ്മിയുടേയും ഷിനോയുടേയും ഷിന്‍സിയുടേയും ഷിജുവിന്റേയും, ബിജുവിന്റേയും, സൗമ്യയുടേയും ഓര്‍മ്മയില്‍: ഞാനും (ഷൈജു) അച്ചയും തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. അച്ച സെമിനാരിയില്‍ പോയപ്പോള്‍ ഉള്ള ഒരു രസകരമായ കാര്യം ഓര്‍മയുണ്ട്. സെമിനാരിയിലേക്ക് അച്ചയെ കൊണ്ടാക്കുവാന് പോയ സമയത്ത് മൈക്കിള്‍ എന്ന പേരുള്ള ഒരു കൂട്ടുകാരന് കൂടെ ഉണ്ടായിരുന്നു. ബെഡ് (കിടക്ക) ഇല്ല എന്ന് ആരോ പറഞ്ഞു, കേട്ടപാതി കേള്‍ക്കാത്ത പാതി മൈക്കിള്‍ അവിടെ നിന്നു പാഞ്ഞു പോയി കൈ നിറയെ ബ്രെഡുമായി തിരികെ വന്നു.
ഞാന്‍ (സാജു)രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ കൂട്ടുകാര്‍ എന്തെങ്കിലും വഴക്കിനു വന്നാല്‍ അത് ചോദിക്കാന്‍ ഓടിയെത്തുന്ന ഒരു ചേട്ടന് ആയാണ് ആന്റപ്പന് അച്ചയെ എനിക്ക് ഓര്‍മ്മയുള്ളത്. അങ്ങനെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സില്‍ എനിക്ക് ആശ്വാസമായിട്ടുള്ള ഒരു ചേട്ടന് ആണ് എന്റെ അച്ച. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ നിന്നു വന്നപ്പോള്‍ ഒരിക്കല്‍ ജോയ് അങ്കിളിന്റെ ഒപ്പം പണിക്ക് പോയിരുന്നു അച്ച. ആദ്യമായി കിട്ടിയ കാശിന് പൈനാപ്പിള്‍ വാങ്ങി വന്നത് ഇന്നലെ എന്നതുപോലെ ഓര്‍ക്കുന്നു.
പഠനകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ് അങ്കിളെന്ന് ജോസ്ന ഓര്‍ക്കുന്നു. പത്താം ക്ലാസ് നല്ല മാര്‍ക്കോടെ പാസാകണമെന്ന് അങ്കിള്‍ എപ്പോഴും പറയുമായിരുന്നു. എനിക്ക് നല്ല പ്രോത്സാഹനം ഉണ്ടായിരുന്നു.
തുടര്‍ന്നുള്ള പഠനകാര്യങ്ങളില്‍ എല്ലാം ഫുള്‍സപ്പോര്‍ട്ട് ആയിരുന്നു. എന്തു പഠിക്കണം എന്ന് പറഞ്ഞാലും അതിനെപ്പറ്റി ഫുള്‍ ഡീറ്റെയില്‍സ് പറഞ്ഞു തരുമായിരുന്നു. ഇപ്പോഴും എന്ത് സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം വിളിക്കുന്നത് അങ്കിളിനെ ആണ്.
തന്റെ (രേഷ്മ) വിവാഹ ആലോചനയുടെ സമയത്ത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ അങ്കിളിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അതിന് ഒരു പരിഹാരം കാണാന്‍ സാധിച്ചു. ആ സംഭവം എന്റെ ജീവിതത്തിന്റെ വലിയൊരു വഴിത്തിരിവായിരുന്നു.
ഞാന്‍ (റിനോ) കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് അങ്കിള്‍. അദ്ദേഹം ഫോളോ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അങ്കിള്‍ എനിക്കും പറഞ്ഞു തന്നിട്ടുള്ളത.് ഏത് കാര്യം ചെയ്യുമ്പോഴും പ്രാര്‍ഥിക്കണം. അങ്കിളിന്റെ ചിന്ത എന്ന് പറയുന്നത് അങ്കിള്‍ എപ്പോഴും എന്ത് ചെയ്യുന്നതിനുമുമ്പും ദൈവത്തിന്റെ ഇഷ്ടം നോക്കും. അതിനു ശേഷം മാത്രമേ എന്തും തുടങ്ങാറുള്ളൂ. അങ്കിളിന് എവിടെയെങ്കിലും ആഡംബരമായി പോകേണ്ടിവരുന്ന അവസരം വന്നാല്‍ അങ്കിള്‍ അവിടെ പോവില്ല. ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മള് ഒരിക്കലും ആഡംബരമായി ചെയ്യരുത്. നമ്മള് ഒരിക്കലും അഹങ്കാരികളായി പോകരുത,് എളിമയോടുകൂടി ചെയ്യണം. ദൈവത്തിനോട് പ്രാര്‍ഥിച്ചിട്ട് വേണം ചെയ്യാന്‍. എല്ലാം കര്‍ത്താവ് തന്ന കഴിവില്‍ നിന്നാണ് നമ്മള് ആയിരിക്കുന്നതും നമുക്ക് ഉള്ളതും. അതില്‍ ഒരിക്കലും അഹങ്കാരം അല്ലെങ്കില്‍ ആഡംബരം ഉണ്ടാകരുത്. ഇതെല്ലാം ദൈവത്തിന്റെ കഴിവാണ.് ദൈവത്തില്‍ നിന്നാണ് എല്ലാം നമുക്ക് ലഭിച്ചത.് എല്ലാറ്റിനുമുപരി എന്റെ അങ്കിള്‍ വളരെ സിമ്പിള്‍ ആയ വ്യക്തിയാണ്.
തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നല്ലൊരു അപ്പച്ചനായി ആന്റപ്പനങ്കിള് കൂടെയുണ്ടെന്നാണ് ജോസ്മി അനുസ്മരിക്കുന്നത്.
താന്‍ (ഷിനോ) അച്ചനില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത അച്ചന്റെ ക്ഷമയും ഏതുപ്രശ്നത്തിലും സമാധാനപരമായ ഇടപെടലും ആണ്. നമ്മള് ഏതൊരു പ്രശ്നവുമായി അച്ചന്റെയടുത്തു ചെന്നാലും അച്ചന് ആ പ്രശ്നത്തെ വളരെ ക്ഷമയോടെ കേള്‍ക്കുകയും ആ പ്രശ്നത്തിന് വളരെ സമാധാനപരമായി പരിഹാരം കാണുകയും ചെയ്യും.
എന്റെ (ഷിന്‍സി) ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ അങ്കിളിന്റെ ഏറ്റവും വലിയ ഇടപെടലാണ് ഇന്നും എന്റെ ജീവിതത്തില്‍ ഒരു വെളിച്ചമായി നില്‍ക്കുന്നത്. ഇന്നും കുടുംബത്തിലെ ഏതു കാര്യത്തിലും അങ്കിളിന്റെ പ്രാര്‍ഥന ആവശ്യപ്പെട്ടാല്‍ അത് ഫലവത്താകാറുണ്ട.് 65 അംഗങ്ങളാണ് ഇപ്പോള്‍ കാട്ടിപ്പറമ്പില്‍ കുടുംബത്തിലുള്ളത്.
(ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലിന്റെ സഹോദരിയുടെ പുത്രിയാണ് ലേഖിക)

