ലേഖനം / ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്

കാത്തോലിക്ക് എന്‍സൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ ‘ഈറ്റില്ലം’ എന്നാണ്. 1557 -ല്‍ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ബഹുമാനപ്പെട്ട ആന്റണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂര്‍വ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചന് രണ്ടുമൂന്നു വാക്കുകളില്‍ നടത്തുന്ന സുഖാന്വേഷണം ഏത് പ്രശ്നമുള്ളവര്‍ക്കും സമാശ്വാസം പകരുന്നത്, അദ്ദേഹം വികാരിയായിരുന്ന കുമ്പളം സെന്റ് ജോസഫ് ഇടവകാഗങ്ങള്‍ക്കും അദ്ദേഹം മേലുത്തരവാദിത്വം വഹിക്കുന്ന ഫോര്‍ട്ട് കൊച്ചി മെത്രാസന മന്ദിരത്തിലെ അരമന കോടതിയില്‍ എത്തുന്നവര്‍ക്കും ഒരു സ്ഥിരാനുഭവമാണ്.
ഫോര്‍ട്ട് കൊച്ചി മൗണ്ട് കാര്‍മല്‍ പെറ്റി സെമിനാരിയില്‍ 1986-ല്‍ തുടങ്ങിയ ഒന്നിച്ചുള്ള ഒരു സ്നേഹ യാത്രയാണ് എനിക്ക് നിയുക്ത മെത്രാനുമായി ഉള്ളത്.
സൗഹാര്‍ദ്ദത്തെ ആത്മീയത നിറയുന്ന സാഹോദര്യ -സ്നേഹമായി വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. വിനയവും പക്വതയും ലാളിത്യവും നിറഞ്ഞ ഈ വൈദികനെ കൊച്ചി രൂപതാ ഭരണമേല്‍പ്പിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പാ ഒരു യഥാര്‍ത്ഥ ഇടയനെ തന്നെയാണ് കൊച്ചിയിലെ അജഗണത്തിന് നല്‍കുന്നത്.
1970 ഒക്ടോബര്‍ 14-ാം തീയതി മുണ്ടംവേലി കാട്ടിപ്പറമ്പില്‍ ജെയ്ക്കബിന്റെയും ട്രീസയുടെയും ഏഴുമക്കളില്‍ ഏറ്റവും ഇളയവനായി ജനിച്ച അദ്ദേഹം മുണ്ടംവേലി സെന്റ് ലൂയിസ് സ്കൂളിലെ ഹൈസ്കൂള്‍ തലംവരെയുള്ള പഠനകാലത്തുതന്നെ സ്കൂളിനടുത്തുള്ള ദേവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കുകൊണ്ടിരുന്നു. എസ്എസ്എല്‍സി കഴിഞ്ഞ് ഫോര്‍ട്ട് കൊച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലന കാലം പൗരോഹിത്യത്തിന്റെ ചില ചിത്രങ്ങള്‍ പകര്‍ന്നു തന്നു.
പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ കൊച്ചി രൂപത വൈദിക പരിശീലന പദ്ധതിയില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഞങ്ങളും ഭാഗഭാക്കുകളായി മാറി. അതായത് ആന്റണി അച്ചനും കൂട്ടുകാരായ ഞങ്ങള്‍ 20 പേരും സ്വന്തം വീടുകളില്‍ താമസിച്ചുകൊണ്ട് പ്രീ ഡിഗ്രി പഠനത്തിന് പോകുവാന്‍ ഉള്ളതായിരുന്നു ആ പരീക്ഷണം. നാലു ബാച്ചുകളില്‍ രൂപത നടത്തിയ ആ രീതി പിന്നീട് പിന്‍വലിച്ചു, കാരണം വളരെ കുറച്ചുപേര്‍ മാത്രമാണ് തിരികെ സെമിനാരിയിലേക്ക് പഠനം പൂര്‍ത്തിയാക്കുവാന്‍ എത്തിയത്. ആന്റണിയച്ചനടക്കം ഞങ്ങള്‍ ആറു പേര് തിരികെ എത്തി. വീണ്ടും ഒരു വര്‍ഷം നീളുന്ന പ്രത്യേക പഠനസമയം. അപ്പോഴും
പൗരോഹിത്യജീവിതത്തിന്റെ ആഴത്തിലുള്ള അറിവുകള്‍ സ്വായത്തമാക്കാനായില്ല, എങ്കിലും ആത്മീയ പരിശീലനമുറകള്‍ കൂടുതലായി അഭ്യസിച്ചു തുടങ്ങിയിരുന്നു. ഈ കാലയളവിലൊക്കെയും ഹൃദ്യമായ സൗഹാര്‍ദ്ദത്തോടെ എല്ലാ കൂട്ടുകാരുടെയും പ്രിയപ്പട്ടവനായി ആന്റണിയച്ചന് മാറിയിരുന്നു.
തുടര്‍ന്ന് 1990-93 കാലയളവില്‍ അന്ന് മംഗലപ്പുഴ സെമിനാരിയുടെ കൂടെ ഭാഗമായിരുന്ന കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ആന്റണി അച്ചന് തന്റെ ജീവിതത്തെ പൗരോഹിത്യത്തിന്റെ രീതികളിലേക്ക് പരുവപ്പെടുത്തിയിരുന്നു. അന്നത്തെ കൊച്ചി രൂപതാ മെത്രാനായിരുന്ന സ്നേഹ സ്മരണാര്‍ഹനായ അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ ജീവിത മാതൃകയും സമീപനങ്ങളും ആന്റണി അച്ചനിലും കൂട്ടരിലും നല്ല സ്വാധീനം ചെലുത്തിയിരുന്നു. തന്റെ പ്രിയ സെമിനാരിക്കാരായ അഞ്ചു പേരെയും വിദേശത്ത് തുടര്‍പഠനം നടത്തുവാന്‍ വേണ്ടി അദ്ദേഹം വിട്ടു. അന്ന് റോമിലെ പ്രൊപ്പഗന്ത ഫീദെയുടെ സെമിനാരിയിലെ വൈസ് റെക്ടറും പിന്നീട് കൊച്ചി രൂപത മെത്രാനുമായ റൈറ്റ് റവ. ഡോ. ജോണ്‍ തട്ടുങ്കല്‍, ആന്റണി അച്ചനും എനിക്കും അവിടെ പ്രവേശനം തരപ്പെടുത്തി. പൊന്തിഫിക്കല്‍ ഉര്‍ബാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് തിയോളജിയില്‍ ബിരുദവും ബൈബിള്‍ അധിഷ്ഠിത ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തീകരിച്ച് നാട്ടിലെത്തിയ അദ്ദേഹം 1998 ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വന്തം ഇടവകയായ മുണ്ടംവേലി പള്ളിയില്‍ വച്ച് കുരീത്തറ പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്
‘നിനക്ക് എന്റെ കൃപ മതി’ (2കൊറി, 12:9) എന്ന തിരുവചനങ്ങള്‍ ആപ്തവാക്യമായി ഏറ്റെടുത്താണ് അദ്ദേഹം വൈദികന് ആകുന്നത്. തുടര്‍ന്ന് കൊച്ചി രൂപതയിലെ വിവിധ ദേവാലയങ്ങളിലും ഇറ്റലിയിലെ മിലാന്, റോം എന്നീ രൂപതകളിലെ ചില ഇടവകകളിലും വൈദിക ശുശ്രൂഷകള്‍ ചെയ്ത അദ്ദേഹം ഈ കാലയളവില്‍ തന്നെ കാനോനിക നിയമത്തില്‍ കൂടി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം കൊച്ചി രൂപതയുടെ വിവാഹ കോടതിയുടെ ജുഡീഷ്യല്‍ വികാരിയായും കുമ്പളം സെന്റ് ജോസഫ് ഇടവകയുടെ വികാരിയായും സേവനമനുഷ്ഠിച്ചു വരുമ്പോഴാണ് റോമില്‍ നിന്ന് രൂപതാ മെത്രനായുള്ള നിയമനം ലഭിക്കുന്നത്. ഇറ്റാലിയന്‍ ഇംഗ്ലീഷ് ഭാഷകളിലെ നൈപുണ്യവും നല്ല രീതിയില്‍ തന്നെ ജര്‍മന്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള മികവും അദ്ദേഹത്തിന് ഉണ്ട്.
കാട്ടിപ്പറമ്പില്‍ അച്ചനെ കുറിച്ച് ഒരു ക്ഷിപ്ര – ഹ്രസ്വ നിര്‍വചനം വേണമെങ്കില്‍, അതിനിണങ്ങുന്ന ഒരു പ്രയോഗം ‘ദൈവത്തിന്റെ സ്വന്തം സൗമ്യനായ വിശ്വസ്തന് ‘ എന്നതായിരിക്കും. ഈ സ്വകീയമായ സൗമ്യതയും വിശ്വസ്തതയും, ഇവിടത്തെയും വിദേശരാജ്യങ്ങളിലെയും പഠനവും ആത്മീയ പരിശീലനവും വഴി കൂടുതല്‍ ആഴമുള്ളതായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.
അദ്ദേഹം സേവനം ചെയ്തുപോന്ന ഇന്നാട്ടിലെയും വിദേശത്തേയും പള്ളികളിലെ വിശ്വാസികള്‍ അദ്ദേഹത്തിന്റെ സൗമ്യതയില്‍ ചാലിച്ചെടുത്ത ത്യാഗമനോഭാവത്തോടുകൂടിയ സേവന ശുശ്രൂഷകളെകുറിച്ച് വാചാലരാവുന്നത് ഒത്തിരിയേറെ സന്ദര്‍ഭങ്ങളില്‍ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. തന്റെ മുന്നില്‍ വരുന്ന ഏതൊരു വ്യക്തിയെയും സമയവും ശ്രദ്ധയും നല്‍കിക്കൊണ്ട് മനസ്സിലാക്കുന്ന ഒരു നല്ല ഇടയന്റെ സ്ഥിരമനോഭാവം അദ്ദേഹത്തിന് കൈമുതലാണ്. പലവിധ മാനസിക-ആത്മീയ-ഭൗതിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞ് ആന്റണിയച്ചനെ തേടിയെത്തുന്നവരുടെ മടക്കം പ്രസാദാത്മകത നിറഞ്ഞ മനസ്സുകളായിട്ടാണ് എന്നുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയായി മാറുന്നു.
ഇന്നത്തെ കാലത്ത് കത്തോലിക്ക വിവാഹ-കുടുംബ ബന്ധങ്ങളില്‍ ഉള്ള അസ്വസ്ഥതകള്‍ക്കും അപചയങ്ങള്‍ക്കും വിഷമതകള്‍ക്കും വേര്പിരിയലിനുമൊക്കെയുള്ള കാര്യകാരണങ്ങളും പരിഹാരവും നടത്തിക്കൊണ്ടുള്ള ആന്റണി അച്ചന്റെ ക്ലാസുകളും കല്യാണ പ്രസംഗങ്ങളും മറ്റും, കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വിവാഹ ജീവിതത്തെ കുറിച്ചുള്ള ക്ലാസിക് വിശകലനങ്ങളും വിശദീകരണങ്ങളുമായി പരക്കെ അറിയപ്പെടുന്നുണ്ട്. സൗമ്യമായി അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങള്‍ ആത്മാവില്‍ കോറിയിടുന്നത് സ്നേഹത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ്. ഇവയെ ഒരായുസ്സിന്റെ ആത്മീയ മുതല്‍ക്കൂട്ടായിട്ടാണ് പലരും കരുതിപ്പോരുന്നത്. മുതിര്‍ന്ന തലമുറയുടെയും മാതാപിതാക്കളുടെയും അതിര് കടന്നുള്ള ‘വാത്സല്യ ‘വും ‘നിഷ്കര്‍ഷത’യും എങ്ങനെയാണ് യുവ ദമ്പതികളെ പെട്ടെന്ന് ദാമ്പത്യ ബന്ധങ്ങളില്‍ നിന്ന് വേര്‍പിരിയാന്‍ ഇടയാക്കുന്നത് എന്ന് അനുദിന ജീവിതത്തിലെ ചെറു ചെറു ഉദാഹരണങ്ങളും അടുക്കിലും ചിട്ടയിലുമുള്ള ലളിതമായ പദപ്രയോഗങ്ങളിലൂടെ മധുരതരമായി കോര്‍ത്തെടുത്ത് അദ്ദേഹം സമര്‍ത്ഥിക്കുമ്പോള്‍ അത് ഒരു ദാമ്പത്യജീവിതത്തിന് ജീവിതഗന്ധിയായ മൂലധനമായി മാറുന്നു.
തന്റെ മുന്നില്‍ പ്രശ്നങ്ങളുമായി നില്ക്കുന്നവര്, ദൈവം സ്നേഹത്തില്‍ ഒന്നിപ്പിച്ചവരാണെന്ന് ‘കാട്ടിയച്ച’ന് ഉറപ്പു തോന്നിയാല്‍, പിന്നെ കേരള കത്തോലിക്കാ സഭയിലെ ഏറ്റവും പഴയ അരമന കോടതിയിലെ അകത്തിളങ്ങളില് നടക്കുന്ന ഒരു ‘അജപാലനമുറ’യുണ്ട്. തന്റെ തനതു ശൈലിയില്‍ ആന്റണിയച്ചന് നടത്തുന്ന ‘സ്നേഹ കരച്ചിലു’കളും ‘അഭ്യര്‍ത്ഥനകളും’ ‘വാത്സല്യ ഭീഷണികളും’ ‘കാലു പിടിക്കലും’ ‘കണ്ണുരുട്ടലും ‘കയര്‍ക്കലും’ ഒക്കെ ഉള്‍പ്പെടുന്ന ഒന്നാണത്. ഇങ്ങനെയുള്ള ഈ ‘അജപാലനയഞ്ജ’ത്തിലൂടെ ഒത്തിരിയേറെ ദമ്പതിമാരെ രമ്യതയുടെ പാതയില്‍ തിരികെ എത്തിക്കാന്‍ അച്ചനു കഴിയുന്നു. ശണ്ഠകൂടി വേര്പിരിയുവാന് വേണ്ടി പരക്കംപാഞ്ഞു വരുന്നവരെ, അനുനയത്തിന്റെയും വികാരവിക്ഷോഭങ്ങളുടെ ‘അക്ഷരത്തെറ്റുകളെ’യും ചൂണ്ടിക്കാട്ടി നല്ല നസ്രായന്റെ പ്രതിപുരുഷന് എന്ന കണക്ക് മണിക്കൂറുകള്‍ എടുത്ത് വീണ്ടും ‘സ്നേഹകണ്ണികള്’ വിളക്കി ചേര്‍ത്ത് വിടുന്ന വൈഭവം ആന്റണി അച്ചന്റെ എടുത്തു പറയേണ്ട കരുതലില്‍ നിന്ന് വരുന്നതാണ്. അത് ക്ഷമയുടെ കാതലില്‍ തീര്‍ത്തെടുത്ത ഒന്നുമാണ്. അദ്ദേഹം ഒരു ദാമ്പത്യ ബന്ധത്തെ അസാധുവാക്കി, കാനോനിക നിയമങ്ങളുടെ അപര്യാപ്തത അതില്‍ കണ്ട് ഉറപ്പിച്ചാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്; അതായത് സ്നേഹനൂലിഴകളുടെ വീണ്ടും കൊരുക്കലിന് ഒരു വിദൂരസാധ്യത പോലും ആ ബന്ധങ്ങളില്‍ ഉണ്ടാകില്ല എന്നുള്ളതാണ് അത്.
ചില നേരങ്ങളില്‍ ചില ദമ്പതികളുടെ മനസ്സുകളിലെ മുറിവുകളെ എത്ര ഉണക്കുവാനും സൗഖ്യപ്പെടുത്തുവാനും ശ്രമിച്ചിട്ടും, അതില്‍ സഹകരിക്കാത്ത അവരുടെ തീരുമാനങ്ങളില്‍ ‘എന്തു പറയാനാണ്!’,എന്നു പറഞ്ഞ്
സ്വയം വേദനിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച് നെടുവീര്‍പ്പിട്ട് പോകുന്ന അച്ചന്റെ സങ്കട മനസ്സിനെ അടുത്തുനിന്നു വായിക്കുവാന്‍ പലവുര എനിക്ക് ഇടവന്നിട്ടുണ്ട്. സൗമ്യതയുടെ സംസ്കൃതിയില്‍ രൂപപ്പെടുത്തിയ മനസ്സും സ്വഭാവവും അച്ചനെ ഈ വക കാര്യങ്ങള്‍ മടുപ്പും മുഷിപ്പും കൊണ്ടു മൂടുന്നില്ല എന്ന് മാത്രമല്ല നിരാശനാകാതെ കൂടുതല്‍ തെളിമയോടെ നടക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
കത്തോലിക്ക വൈദിക സാഹിതിയില്‍ നന്മയുടെ സ്ഥിരനിക്ഷേപ സ്വഭാവമുള്ള ശുഭദായകമായ ഒരു പദപ്രയോഗം ഉണ്ട് ‘വിളിച്ചവന് വിശ്വസ്തനാണ് ‘എന്നതാണ് അത്. ഈ ആശയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥ പരിണാമങ്ങള്‍ തിരിച്ചറിയേണ്ടത് വിളിക്കപ്പെട്ടവന് വിളിച്ചവനോടും ചുറ്റുമുള്ളവരോടും താന്‍ അനുഭവിച്ചറിഞ്ഞ വിശ്വസ്തതയുടെ നാനാര്ത്ഥങ്ങളിലുള്ള പകര്‍ത്തിയെഴുത്ത് നടത്തുമ്പോഴാണ്. ഒരു വൈദികന് വിശുദ്ധനാകുന്നത് ഈ വിശ്വസ്തതയുടെ പകര്‍ത്തി എഴുത്തിലാണ്. വിളിച്ചവന്റെ, -ദൈവത്തിന്റെ- വിശ്വസ്തത അടങ്ങിയിരിക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലും നീതിയിലും കരുണാര്ദ്രതയിലും ആണ്.
കരുതലുള്ള സ്നേഹം ആന്റണിയച്ചന് പകര്‍ത്തി എഴുതുന്നത് അള്‍ത്താര ബാലകരില്‍ തുടങ്ങി അന്ത്യ ശുശ്രൂഷ സ്വീകരിക്കുന്ന ആത്മാവിനുവരെ ഹൃദയനനവിന്റെ തന്ത്രി മീട്ടി കൊടുത്തു കൊണ്ടാണ്. ഇത് കൊച്ചി രൂപതയുടെ പടിഞ്ഞാറെ അറ്റത്തുള്ള കല്ലഞ്ചേരി ദ്വീപും കിഴക്കേ അറ്റത്തുള്ള കുമ്പളം ദ്വീപു വരെയും ഒരുപോലെ അനുഭവിച്ചറിഞ്ഞതാണ്. സ്വന്തം ഭവനത്തില്‍ നിന്ന് പഠിച്ചെടുത്ത ദൈവഭയത്തിലും ഭക്തിയിലും ചാലിച്ചെടുത്ത കത്തോലിക്ക വിശ്വാസത്തെ, സഭാ ആസ്ഥാനമായ വത്തിക്കാന്റെ സ്വന്തം സെമിനാരിയില്‍ ‘കോളേജോ ഉര്‍ബാനോ’ യില്‍ വെച്ച് ആത്മീയതയുടെ ആഴത്തില്‍ സ്ഫുടം ചെയ്തെടുത്തതിന്റെ തെളിച്ച വെളിച്ചങ്ങളുടെ സമഗ്രത അച്ചന് തന്റെ മുഴു ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നു. അത് ഏവര്‍ക്കും ഇണങ്ങും വിധം അദ്ദേഹത്തിന് പങ്കുവയ്ക്കാന്‍ ആകട്ടെ! മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുടെ തട്ടും മുട്ടും ഇല്ലാതെ ഏവര്‍ക്കും സ്വീകാര്യമായ ക്രമങ്ങള്‍ ഒരുക്കുന്നതിലും പങ്കുവയ്ക്കുന്ന നീതി നടപ്പാക്കുന്നതിലും അജപാലനത്തിന്റെ ആദ്യനാളുകള്‍ തുടങ്ങിയ സാന്ത ക്രൂസ്സ് ബസിലിക്ക മുതല്‍ ഇന്നത്തെ ജുഡിഷ്യല്‍ വികാര്‍ എന്ന പദവിയില്‍ വരെ അദ്ദേഹത്തിന് ആയിട്ടുണ്ട്.
കരുണാര്‍ദ്രതയുടെ കാര്യത്തില്‍ കണ്ണീരിലും നൊമ്പരത്തിലും കാട്ടിപ്പറമ്പില്‍ അച്ചന് കയ്യിലുള്ളവ മാത്രമല്ല പങ്കുവെച്ചിരുന്നത്, കടം മേടിച്ചു ദാനം ചെയ്ത് കണ്ണീരൊപ്പുന്ന കഥകള്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ ഇടവകകളില്‍ നിന്നും തന്നെ കേള്‍ക്കാറുണ്ട്.
ജനസാന്ദ്രത കൊണ്ട് മുന്നിലും ഭൂവിസ്തൃതി കൊണ്ട് പിന്നിലുമാണ് ഒരു കാലത്ത് ദക്ഷിണേഷ്യയുടെ സിംഹഭാഗങ്ങള്‍ കൈയ്യാളിയിരുന്ന കൊച്ചി രൂപത ഇന്ന്. 27 വര്‍ഷം ബഹുമാനപ്പെട്ട ആന്റണിയച്ചന് വൈദിക ജീവിതത്തില്‍ കാത്തുസൂക്ഷിച്ച സ്നേഹത്തിന്റെയും നീതിയുടെയും വിശ്വാസത്തിന്റെയും കരുണാര്‍ദ്രതയുടെയും സമ്പത്ത് വര്‍ദ്ധിത പലിശയുള്ള സ്നേഹമായി രൂപത മുഴുവന്‍ എത്തട്ടെ. അതുവഴി ആത്മീയ നേതൃത്വവഴികള് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലും മാഞ്ഞുപോകില്ല എന്ന് ഉറപ്പ് ഈ മുത്തശ്ശി രൂപതയിലൂടെ ഉണ്ടാകട്ടെ. അത് മനുഷ്യര്‍ക്ക് അനിവാര്യമായി വേണ്ടതാണെന്ന് കൊച്ചിയുടെ നിയുക്ത മെത്രാന് തെളിയിക്കാന്‍ ആവട്ടെ.

നീണ്ട 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് എറണാകുളം ആലപ്പുഴ ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന കൊച്ചി രൂപതയ്ക്ക് പഴയ കൊച്ചി രാജ്യത്തിന്റെ പ്രദേശത്തുനിന്ന് ഒരു കൊച്ചിക്കാരനെ തന്നെ ഇടയാനായി കിട്ടുന്നത്. മുന്‍ഗാമികളായ രണ്ടു തിരുവതാംകൂര്കാരായ (റവ. ഡോ. ജോണ്‍ തട്ടുങ്കല്‍, റവ. ഡോ. ജോസഫ് കരിയില്‍) പിതാക്കന്മാര് തുടങ്ങിവച്ചതും നിലനില്ക്കുന്നതുമായ സകലതും പരിപോഷിപ്പിക്കാന്‍ അദ്ദേഹത്തിന് ആവട്ടെ. അവസാനത്തെ കൊച്ചിക്കാരനായ കൊച്ചിയുടെ മെത്രാന് അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ അവസാനകാല സെമിനാരിക്കാരില്‍ ഒരാളായ കാട്ടിപ്പറമ്പിലച്ചന് പഴയ കൊച്ചിയുടെയും പുതിയ കൊച്ചിയുടെയും സകല സ്പന്ദനങ്ങളും അറിഞ്ഞു മുന്നേറുവാനും തന്റെ ജനത്തിനായി ജീവിക്കാവാനുമുള്ള കരുത്തും കൃപയും ജഗദീശ്വരന് നല്കട്ടെ.
അതിനെല്ലാം ജ്യേഷ്ഠ സഹോദരനെ പോലെ സെമിനാരിക്കാരനായ കാലം മുതല്‍ അദ്ദേഹത്തെ അറിയുന്ന ആലപ്പുഴ രൂപതയുടെ മെത്രാനും കൊച്ചി രൂപതയുടെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്ററുമായ കൊച്ചിക്കാരനായ ബിഷപ് ജെയിംസ് ആനാപറമ്പലിന്റെ പിന്തുണയും ഉണ്ടാകും എന്ന് ഉറപ്പാണ്. ആന്റണി അച്ചനൊപ്പവും രൂപതയ്ക്കൊപ്പവും ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും, കൃത്യമായി പറഞ്ഞാല്‍ നാലു പതിറ്റാണ്ട് കൂടെ നടക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍ സ്നേഹസമ്പന്നനായ ആന്റണിയച്ചന് സകല ദൈവാനുഗ്രഹങ്ങളും നേരുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
