കൊച്ചി: ശബരിമല സ്വർണകൊള്ള കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം ആറാഴ്ച നീണ്ട അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. സമഗ്ര റിപ്പോർട്ടാകും എസ്ഐടി കോടതിയിൽ സമർപ്പിക്കുക.
റിപ്പോർട്ടു പരിഗണിക്കുന്ന കോടതി എന്തു തുടർനടപടികൾ സ്വീകരിക്കും എന്നത് നിർണായകമാവും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയാണ് കോടതിയെ അറിയിക്കുക. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടർ നടപടികളും എസ്ഐടി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കും.
അതീവ രഹസ്യമായിട്ടാകണം അന്വേഷണം എന്ന് ഹൈക്കോടതി എസ്ഐടിക്ക് കർശന നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശിച്ച ആറാഴ്ച സമയപരിധി ഇന്നവസാനിക്കും .

