ലെബനൻ : വിശുദ്ധ ഷർബെല്ലിന്റെ ഭൗതീക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രാർത്ഥനാവേളയിൽ നൽകിയ ഹ്രസ്വ സന്ദേശം ആരംഭിച്ചത് അന്നയായിലെ സന്യാസസമൂഹം, തനിക്ക് നൽകിയ സ്വീകരണത്തിനും, സുപ്പീരിയർ ജനറലിന്റെ സ്വാഗത വാക്കുകൾക്കും നന്ദിയർപ്പിച്ചുകൊണ്ടാണ്. ഈ പ്രാർത്ഥനാലയത്തിന്റെ മനോഹരമായ ചുറ്റുപാടുകൾ പോലും, നമ്മെ ഏറെ ആകർഷിക്കുന്നുവെന്നും പാപ്പാ തുടർന്ന് പറഞ്ഞു.
വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.
അധികം വാചാലനാകാതെ, നിശബ്ദമായി ജീവിച്ച, എന്നാൽ ലോകമെമ്പാടും പ്രശസ്തി വ്യാപിച്ച വിശുദ്ധ ചാർബലിന്റെ പൈതൃകം എന്താണെന്നും, നമ്മെ എന്താണ് ഈ വിശുദ്ധൻ പഠിപ്പിക്കുന്നതെന്നും പാപ്പാ ചോദിച്ചു. ദൈവമില്ലെന്നു പറഞ്ഞു ജീവിക്കുന്നവരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കാൻ പരിശുദ്ധാത്മാവ് അവനെ രൂപപ്പെടുത്തിയെന്നും, ശബ്ദകോലാഹലങ്ങൾക്കിടയിൽ ജീവിക്കുന്നവർക്ക് നിശബ്ദതയും, ഉപരിപ്ലവമായി ജീവിക്കുന്നവർക്ക് എളിമയും, സമ്പത്ത് തേടുന്നവർക്ക് ദാരിദ്ര്യവും കണ്ടെത്തുവാൻ ഈ വിശുദ്ധന്റെ ജീവിതം സഹായകരമായെന്നും, ഇന്നത്തെ ലോകത്തിൽ ഇവ വൈരുധ്യാത്മകമായി തോന്നുമെങ്കിലും, അതാണ് മരുഭൂമിയിൽ ദാഹജലം അന്വേഷിക്കുന്ന ഏവരെയും ആകർഷിച്ചതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
മെത്രാന്മാർക്കും, സമർപ്പിതർക്കും വിശുദ്ധ ചാർബെൽ ദൈവവിളിയുടെ സുവിശേഷമൂല്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ സമൂലവും എളിമയുള്ളതുമായ ജീവിതത്തിൻറെ സമഗ്രത ക്രൈസ്തവജീവിതത്തിനു മാതൃകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

എല്ലാ നന്മയുടെയും കൃപയുടെയും ഉറവിടമായ സ്വർഗ്ഗസ്ഥനായ പിതാവിനോട് നമുക്കുവേണ്ടി സഹായം എപ്പോഴും അപേക്ഷിക്കുന്നവനാണ്, വിശുദ്ധ ചാർബെൽ എന്നും പാപ്പാ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഭൗമിക ജീവിതത്തിനിടയിൽ അദ്ദേഹത്തെ കാണുന്നതിനായി നിരവധി ആളുകൾ എത്തിയിരുന്നുവെന്നും, ഇന്നും, എല്ലാ മാസവും ഇരുപത്തിരണ്ടാം തീയതി, വിവിധ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെയെത്തി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.
“സഹോദരി സഹോദരന്മാരേ, ഇന്ന് സഭയുടെയും ലെബനന്റെയും ലോകത്തിന്റെയും ആവശ്യങ്ങൾ വിശുദ്ധ ചാർബലിന്റെ മധ്യസ്ഥതയിൽ ഭരമേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു “, പാപ്പാ പറഞ്ഞു. ഗാർഹിക സഭയായ കുടുംബങ്ങൾ മുതൽ, ഇടവക, രൂപത സമൂഹങ്ങൾ, സാർവത്രിക സഭ തുടങ്ങിയ എല്ലാവരുടെയും കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഹൃദയങ്ങളുടെ പരിവർത്തനമില്ലാതെ സമാധാനമില്ലെന്നും, അതിനാൽ ദൈവത്തിലേക്ക് തിരിയാനും, പരിവർത്തനത്തിനായും, വിശുദ്ധൻ ഏവരെയും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ഒരു തിരി സമർപ്പിച്ചുകൊണ്ട്, ഈ അടയാളം വഴിയായി ലെബനനെയും, ജനങ്ങളെയും വിശുദ്ധ ചാർബലിന്റെ സംരക്ഷണത്തിനു താൻ ഭരമേൽപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
