ചെന്നൈ:തമിഴ്നാട്ടിൽ ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ കുമ്മൻഗുഡി പാലത്തിന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടം.
തിരുപ്പത്തൂരിൽ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു. ബസിൻറെ ഡ്രൈവർ ഉൾപ്പെടെ 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തിരുപ്പത്തൂരിലെയും മധുരയിലെയും കാരൈക്കുടിയിലെയും സർക്കാർ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ, 40-ലധികം യാത്രക്കാർ ഗുരുതരമായ പരിക്കുകളോടെ തിരുപ്പത്തൂർ, മധുര, കാരൈക്കുടി സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

