കൊച്ചി : രോഗികളുടെ അവകാശങ്ങൾ ഓർമ്മപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ. മുൻകൂർ തുക അടയ്ക്കാത്തതിൻ്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുത് . ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ എക്സ്റേ ഉൾപ്പെടെയുള്ള എല്ലാ പരിശോധനഫലങ്ങളും രോഗിക്ക് കൈമാറാനും കോടതി ഉത്തരവായി . രോഗികളുടെ അവകാശങ്ങൾക്കും ചികിത്സ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആരോഗ്യത്തോടെ ജീവിക്കുകയെന്ന ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടെന്നും കോടതി പറഞ്ഞു . ഡോക്ടർമാരുടെ വിവരങ്ങളും ഓരോ ചികിത്സയ്ക്കുമുള്ള നിരക്കുകളും ആശുപത്രികളുടെ പ്രവേശന ഭാഗത്തും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. നിരക്കുകളടക്കം പ്രദർശിപ്പിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നൽകിയ അപ്പീലുകൾ തള്ളികൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിർണായക ഉത്തരവ്.
രോഗികൾക്കായി ആശുപത്രികളിൽ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കണം. പരാതി പരിഹാര സംവിധാനം നടപ്പിലാക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി ഉണ്ടാകും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ വിശദമായി പരിശോധിക്കണമെന്നും പണമില്ലാത്തതിൻ്റെയോ രേഖകളിലെ സാങ്കേതികത്വത്തിൻ്റെ പേരിലോ ചികിത്സ നിഷേധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

