പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി
തദ്ദേശ തിരഞ്ഞെടുപ്പ് 2025ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്. പ്രചാരണം പൊടിപാറുന്നു. നാട്ടിലെ പ്രധാന പാര്‍ട്ടികളെല്ലാം രംഗത്തുണ്ട്. മത്സരാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇടവഴികള്‍ താണ്ടി, കുണ്ടും കുഴിയും കടന്ന്, ഓരോ മുക്കിലും മൂലയിലുമെത്തുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളാകണമെന്നില്ല ഓരോ വാര്‍ഡിന്റെയും ഡിവിഷന്റെയും വോട്ടിംഗ് ഗതിയെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും.
സ്ഥാനാര്‍ത്ഥിക്ക് തന്റെ വാര്‍ഡിലെ സമ്മതിദായകരോടുള്ള ബന്ധവും, പ്രദേശത്തിന്റെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളും, വികസനത്തെപ്പറ്റിയുളള അടിസ്ഥാന സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും എല്ലാം ചേര്‍ന്നുള്ള രാഷ്ട്രീയസ്വഭാവം പാര്‍ട്ടിരാഷ്ട്രീയത്തിന് അതീതമായി നിലയുറപ്പിച്ചെന്ന് വരാം. ജാതി-മത താല്പര്യങ്ങളിലൂന്നി നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ, തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ജനസമൂഹം ഗൗനിച്ചേക്കുമെന്ന് നിര്‍ബന്ധമില്ല.
2025-ല തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചില പ്രത്യേകതകളിലൊന്ന്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട ചിലര്‍ ജീവനൊടുക്കി എന്ന വാര്‍ത്തയാണ്. പാര്‍ട്ടികള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം കൈയൊഴിയുന്നുണ്ടെങ്കിലും, മറ്റു ചില കാരണങ്ങള്‍ മരണത്തിന്റെമേല്‍ ചാര്‍ത്തുന്നുണ്ടെങ്കിലും, തഴയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം തിരഞ്ഞെടുപ്പ് ചുവരെഴുത്തുപോലെ മായാതെ നില്‍ക്കുകയാണ്. പാര്‍ട്ടികള്‍ക്കും പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ക്കു മുഖത്തേല്‍ക്കുന്ന അടിപോലെയാണത്. പുതിയ കാലത്തിന്റെ നവസാങ്കേതികവിദ്യയുടെ കരുത്തില്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ മനുഷ്യര്‍ക്ക് എപ്പോഴും സാധിക്കണമെന്നില്ല.
ത്രിതല പഞ്ചായത്തീരാജിന്റെ പരിധിയിലും വരുതിയിലും വരുന്ന അധികാരത്തെപ്പറ്റിയോ വിഭവ വിതരണത്തെപ്പറ്റിയോ വോട്ടുചെയ്യുന്നവര്‍ക്ക് ധാരണ നല്‍കുന്നതായി ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളില്‍ കാണുന്നില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനപത്രികകള്‍ പലതും തമാശരൂപേണയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അങ്ങനെയെങ്കിലും ജനസാമാന്യത്തിലേക്ക് അവയെല്ലാം എത്തുന്നുണ്ട് എന്നത് നിസാരമാക്കേണ്ടതില്ലായെന്നുമാത്രം. ‘ജെന്‍ -സി’ കളെ പരിഗണിച്ച് വശത്താക്കിക്കളയുമെന്നുവരെ വാഗ്ദാനങ്ങള്‍ നിരക്കുകയാണ്. ‘പാരാ-സോഷ്യല്‍’ എന്ന നവ സാമൂഹ്യകാലത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടര്‍മാരെ സ്വാധീനിച്ച്, തനിക്കനുകൂലമായി വോട്ട് മെഷീന്റെ പച്ച ബട്ടണ്‍ അമര്ത്താനാകുമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ കണക്കുകൂട്ടല്‍ എന്നു തോന്നുന്നു.
‘വിലായത്ത് ബുദ്ധ’ സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റ് ഭാസ്ക്കരന്റെ രാഷ്ട്രീയ നിരീക്ഷണം പോലൊന്ന് സ്ഥാനാര്‍ത്ഥികളിലും പാര്‍ട്ടികളിലും ധാരണയായി സമകാലത്ത് ശക്തമാണെന്നു തോന്നുന്നു. തൊട്ടടുത്ത് നില്ക്കുന്ന അകില് മരത്തിന്റെ വേരിലേക്ക് തന്റെ കൂര്‍ത്ത മൂര്‍ച്ചയുള്ള വേരിറക്കി വിലായത്ത് ചന്ദനം തന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നതുപോലെ, വോട്ടര്‍മാര്‍ തന്നെ ഊറ്റുകയാണെന്നാണ് ഭാസ്ക്കരന്റെ നിലപാട്. നേരേമറിച്ചാണ് കാര്യങ്ങളുടെ രീതിയെന്നാണ് പൊതുധാരണയിലുള്ളത്. ധാരണ എന്തായാലും അധികാരത്തിലേയ്ക്ക് നീങ്ങിനില്ക്കാതെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഗതിയുണ്ടാകില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. അതിനുവേണ്ടത് എന്തും ചെയ്യാമെന്ന മട്ടിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം പൊതുവെ പരുവപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
‘പ്രഹ്ലാദന് ഗോപാലന്മാരുടെ നിരാഹാര പ്രസംഗം’ എന്ന ഒരു പ്രയോഗം സാധ്യമാക്കുന്നതുപോലെ സദാചാര പ്രസംഗങ്ങള്‍ കൊണ്ട് ഈ തിരഞ്ഞെടുപ്പുകാലം നിറഞ്ഞു കവിയുകയാണ്. പീച്ചിസംഭവവും പി.ടി. ചാക്കോയും മറവിയിലേക്ക് പോയിട്ടില്ലാത്ത രാഷ്ട്രീയ പത്രമെഴുത്തുകാര്ക്ക് ഗോപാലനെ എളുപ്പം പിടികിട്ടും. പി.ടി. ചാക്കോയുടെ രാജി വേണമെന്നു പറഞ്ഞ്
നിയമസഭയുടെ ഉമ്മറത്ത് 1964 ജനുവരി 30-ന് നിരാഹാരം തുടങ്ങിയ ഗോപാലന് നടത്തിയ പ്രസ്താവന ക്ലാസ്സിക്കള്‍ വിറ്റാണ്: തലേന്ന് രാത്രി ഗാന്ധിജി തന്റെ സ്വപ്നത്തില്‍ വന്ന് സദാചാരം സംരക്ഷിക്കാന്‍ മരണംവരെ പോരാടാന്‍ തന്നോട് നിര്‍ദ്ദേശം നല്‍കിയെന്ന് ഗോപാലന് പത്രക്കാരെ അറിയിക്കുന്നതാണ് നാട്ടില്‍ ചിരി പടര്‍ത്തിയത്. സദാചാരം നല്ല വാക്കാണ്. പ്രസക്തമായ നിലപാടാണ്. കേരള രാഷ്ട്രീയ പ്രയോഗത്തില്‍ അതിന്റെ നില അഴുക്കുചാലിലായി എന്നുമാത്രം.
പ്രചാരണത്തിന് തീ പിടിപ്പിക്കാന്‍ ഇതിലും മേന്മയുള്ള ഒരു പ്രയോഗം കേരള രാഷ്ട്രീയത്തില്‍ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ.
2025ന്റെ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെന്നത് സന്തോഷകരമാണ്. ആണത്ത അധികാര പ്രമത്തതകള്ക്കുമീതെ പുതിയകാല രാഷ്ട്രീയ ഭൂപടം രചിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നത് പ്രതീക്ഷപകരുന്നു. 1946-ല്‍ എറണാകുളത്തെ ആനന്ദപുരം പ്രദേശത്ത് (ഇന്നത്തെ ഹൈക്കോടതിക്കടുത്ത് കോമ്പാറയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം) നടന്ന വനിതാ സമ്മേളനത്തില്‍ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ സഹധര്‍മ്മിണി കുഞ്ഞമ്മ കറുപ്പന് നടത്തിയ പ്രഭാഷണത്തിലെ ഒരു വരിയാണ് 2025-ലെ തിരഞ്ഞെടുപ്പിലെ സ്ത്രീസാന്നിധ്യമോര്ത്ത് പറയാനുള്ളത്: ‘സാമുദായിക വളര്‍ച്ചയ്ക്ക് തികച്ചും ഉത്തര
വാദികളായ സ്ത്രീകള്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ മറക്കരുത്. അവരുടെ അവകാശങ്ങള്‍ വകവച്ചതരാതിരിക്കാന് ഇനി ആരാണ് മുതിരുക?’ (കടപ്പാട്: ചെറായി രാമദാസ്, ദാക്ഷായണി വേലായുധന്, പ്രണത ബുക്സ്).

