വിയറ്റ്നാം: കനത്ത മഴ തുടരുന്നതിനാൽ വിയറ്റ്നാമിലും തായ്ലാൻഡിലും വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. നിരവധി പേർ മരിച്ചു. വിയറ്റ്നാമിൽ തിങ്കളാഴ്ച ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മരണസംഖ്യ 91 ആയി. തായ്ലൻഡിൽ അഞ്ചുപേർ കൂടി മരിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ഒക്ടോബർ മുതൽ തുടരുന്ന കനത്ത മഴ ഈ ആഴ്ച അവസാനത്തോടെ തിരിച്ചെത്തുമെന്നും ഇത് ചില പ്രദേശങ്ങളിൽ അധിക അപകടസാധ്യത സൃഷ്ടിക്കുമെന്നും വിയറ്റ്നാമിന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. വിയറ്റ്നാമിലെ നൂറ് ദശലക്ഷത്തിലധികം ജനങ്ങളിൽ പകുതിയോളം പേരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസം .
വിയറ്റ്നാമിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് മധ്യ പർവതപ്രദേശമായ ഡാക് ലാക്കിലാണ്, അവിടെ കുറഞ്ഞത് 63 പേർ മുങ്ങിമരിച്ചു.ഖാൻ ഹോവ, ലാം ഡോങ്, ഗിയ ലായ്, ദനാങ്, ഹ്യൂ, ക്വാങ് ട്രൈ എന്നീ പ്രവിശ്യകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തുടർച്ചയായ മഴയുടെ ഫലമായി കുറഞ്ഞത് 500 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട് . മുഴുവൻ നഗരപ്രദേശങ്ങളും കൃഷിഭൂമിയും വെള്ളത്തിനടിയിലായി.

