വത്തിക്കാൻ : ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിൽ അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഏകദേശം 15,000 യുവാക്കളുമായി, ലിയോ പതിനാലാമൻ പാപ്പാ വീഡിയോകോൺഫറൻസ് വഴിയായി സംവദിച്ചു. വിവിധ വിഷയങ്ങളിന്മേൽ യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും പാപ്പാ മറുപടി നൽകി.
നാം പാപാവസ്ഥയിൽ ആണെന്ന് തോന്നുമ്പോൾ, ദൈവത്തിന്റെ കരുണ സ്വീകരിക്കുവാൻ നമുക്ക് ബുദ്ധിമുട്ടു തോന്നുന്നുവെന്ന സംശയത്തിന്, നാം ദൈവത്തോട് കരുണ യാചിക്കുമ്പോഴെല്ലാം അവൻ നമ്മോട് ക്ഷമിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. കരുണ ചോദിക്കുന്നതിൽ നമുക്ക് മടുപ്പുതോന്നിയാലും, ക്ഷമിക്കുവാൻ കർത്താവിനു ഒരിക്കലും മടുപ്പ് തോന്നുകയില്ലെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
അനുരഞ്ജനത്തിന്റെ കൂദാശയിൽ നാം ഈ കരുണ ഒരു പ്രത്യേക രീതിയിൽ അനുഭവിക്കുന്നുവെന്നും, പുരോഹിതനിലൂടെ യേശു നമ്മെ കണ്ടുമുട്ടുന്നുവെന്നും പാപ്പാ പറഞ്ഞു. നാം സത്യസന്ധമായി നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും പ്രായശ്ചിത്തം സ്വീകരിക്കുകയും ചെയ്യുമ്പോൾ, പുരോഹിതൻ പാപമോചനം നൽകുന്നുവെന്നും, അതുവഴിയായി നാം ക്ഷമ സ്വീകരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ആകുലത നിറഞ്ഞ ജീവിതത്തിന്റെ നിമിഷങ്ങളിൽ, ദൈവം കൂടെയുണ്ടാകുമോ എന്ന ചോദ്യത്തിന്, നമ്മുടെ കഷ്ടപ്പാടുകൾ ദൂരെ നിന്നുകൊണ്ട് വീക്ഷിക്കുന്നവനല്ല കർത്താവെന്നും, മറിച്ച് സ്നേഹത്താൽ, അവൻ നമ്മുടെ കൂടെയുണ്ടെന്നും പറഞ്ഞ പാപ്പാ, യേശുവുമായി ഒരു ആത്മാർത്ഥ ബന്ധം ഉണ്ടാകുമ്പോഴാണ് അവനിൽ കൂടുതൽ വിശ്വാസമർപ്പിക്കുവാൻ നമുക്ക് സാധിക്കുന്നതെന്നും അടിവരയിട്ടു.
യേശുവുമായുള്ള നമ്മുടെ ബന്ധം, സുഹൃത്തുക്കൾക്കിടയിൽ എന്നതുപോലെ ആയിരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. പ്രാർത്ഥന,ധ്യാനം, വിശുദ്ധ കുർബാന, വചന വായന എന്നിവയുടെ നിമിഷങ്ങൾ ഇപ്രകാരം ഒരു ബന്ധം കർത്താവുമായി വളർത്തുവാൻ നമ്മെ സഹായിക്കുമെന്നും പാപ്പാ എടുത്തുപറഞ്ഞു. അതിനാൽ പ്രാർത്ഥനാപൂർവ്വമായ നിശ്ശബ്ദതയുടെ നിമിഷങ്ങൾ നാം വളർത്തിയെടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

