വത്തിക്കാൻ : കാലാവസ്ഥാവ്യതിയാനം ഈ ഭൂമിയിലുള്ള എല്ലാ ജീവിതങ്ങൾക്കും പ്രതിസന്ധി ഉണർത്തുന്നുണ്ടെന്നോർമ്മിപ്പിച്ചും, ഈയൊരു വലിയ പ്രതിസന്ധിക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചും പരിശുദ്ധ സിംഹാസനം.
കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബെലെമിൽ നടന്നുവരുന്ന കോപ് 30 ഉച്ചകോടിയുടെ രണ്ടാം ഭാഗം ആരംഭിച്ചതിന്റെ ഭാഗമായി നവംബർ 18 ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനത്തെ പ്രതിനിധാനം ചെയ്ത് സംസാരിക്കവെ, ബ്രസീലിലെ നൂൺഷ്യോ, ആർച്ച്ബിഷപ് ജ്യാമ്പത്തിസ്ത ദി ക്വാത്രോ (Archbishop Giambattista Diquattro), ലിയോ പതിനാലാമൻ പാപ്പാ കോപ്30-ലേക്കയച്ച സന്ദേശത്തെ അധികരിച്ച്, ഈയൊരു പ്രതിസന്ധിക്ക് അന്താരാഷ്ട്രതലത്തിൽ ഒരുമിച്ചുള്ള പരിഹാരം തേടേണ്ടതിന്റെയും മനുഷ്യാന്തസ്സും പൊതുനന്മയും ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യം എടുത്തുപറഞ്ഞു.
ഏകീകൃതവും, ദൂരക്കാഴ്ചയുള്ളതുമായ ഒരു നയമാണ് കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ വേണ്ടതെന്ന് ആർച്ച്ബിഷപ് ദി ക്വാത്രോ ഓർമ്മിപ്പിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെന്നത് ഭൂമിയിൽ എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒന്നാണെന്നും, അതുകൊണ്ടുതന്നെ എല്ലായിടങ്ങളിലും നിന്നുള്ള സഹകരണം ആവശ്യമാണെന്നും, പ്രാദേശിക താത്പര്യങ്ങളെക്കാൾ പൊതുവായ നന്മ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പതിയെ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി, കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷഫലങ്ങൾ കൂടുതൽ പാവപ്പെട്ടവരെയും ദുർബലരായവരെയുമാണ് ബാധിക്കുകയെന്ന് എടുത്തുപറഞ്ഞു.
ലോകത്തിന്റെ തെക്കുഭാഗത്തുള്ള സ്ത്രീകളും പെൺകുട്ടികളുമാണ് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കൂടുതലായി അനുഭവിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ആർച്ച്ബിഷപ് ദി ക്വാത്രോ, സ്വാർത്ഥ താത്പര്യങ്ങൾ മാറ്റി വയ്ക്കണമെന്നും, പൊതുനന്മയും വരും തലമുറകളെയും മുന്നിൽ കാണേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.
സുസ്ഥിരവും, സൃഷ്ടിയെ സംരക്ഷിക്കുന്നതുമായ മാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ, കാലാവസ്ഥാപ്രതിസന്ധിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു.
