കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ മുൻകൈയെടുത്ത് സബ്മിഷൻ ഉന്നയിക്കപ്പെട്ടിരുന്നു.
പിന്നീട് ഈ ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും 9.2.2021 തീയതി ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ ശുപാർശകൾ സർക്കാരിന് സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് 20.10.2023 തീയതി 33 വകുപ്പുകളിലേക്കായി ശുപാർശകൾ സംബന്ധിച്ച റിപ്പോർട്ട് ചോദിച്ച് സർക്കാർ അനൗദ്യോഗിക കത്തും നൽകിയിരുന്നു.
രണ്ടാഴ്ചക്കകം വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് അന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതുവരെയും ഇതു സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കെ എൽ സി എ ക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കേരള ഹൈക്കോടതിയെ സമീപിച്ചത്. കേസ് സർക്കാരിൻ്റെ മറുപടിക്കായി മാറ്റി. കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് നിലവിലെ അവസ്ഥ അറിയിക്കണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

