എഡിറ്റോറിയൽ / ജെക്കോബി
ബിഹാറിന്റെ രാഷ് ട്രീയ ചരിത്രം അപ്പാടേ മാറുകയാണ്. ഹിന്ദി ഹൃദയഭൂമിയില്‍
ഇന്നേവരെ ബിജെപിക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ കഴിയാത്ത, ഒരു ബിജെപി
മുഖ്യമന്ത്രിയുണ്ടാകാത്ത ഏക സംസ്ഥാനമാണ് ബിഹാര്‍. ബിഹാര്‍ നിയമസഭാ
ചരിത്രത്തില്‍ ആദ്യമായി 2025-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ
ഒറ്റകക്ഷിയായി മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി സംസ്ഥാനം
ഭരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദളിനൊപ്പം (യുണൈറ്റഡ്)
ബിജെപി ഇത്തവണ നേടിയ അതിഭംഗീര വിജയം ദേശീയ തലത്തില്‍ പ്രധാനമന്ത്രി
മോദിയുടെ പെരുമയും പ്രഭാവവും കൂടുതല്‍ പ്രോജ്ജ്വലത്താക്കാന് പോന്നതാണ്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള
ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ നിതീഷ് കുമാറിന്റെയും ആന്ധ്രപ്രദേശ്
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ തേടേണ്ടിവന്നതിന്റെ
ക്ഷീണത്തില്‍ നിന്നു കരേറാന്‍ മോദിക്ക് ഹരിയാന, മഹാരാഷ് ട്ര, ഡല്‍ഹി
നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തകര്‍പ്പന്‍ നേട്ടത്തിനു പിന്നാലെ ബിഹാറിലെ
243 അംഗ നിയമസഭയില്‍ 202 സീറ്റ് നേടി എന്‍ഡിഎ കൈവരിച്ച സര്‍വ്വാതിശായിയായ
ജയം പതിന്മടങ്ങ് ഉത്തേജകമാകും. രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി)
കോണ്‍ഗ്രസും നയിക്കുന്ന മഹാഗഢ്ബന്ധന് എന്ന പ്രതിപക്ഷ മഹാസഖ്യം 35
സീറ്റുകളിലൊതുങ്ങി ഏതാണ്ട് നാമാവശേഷമായിരിക്കുന്നു.
ബിഹാറില്‍ ലാലു പ്രസാദ് യാദവും ഭാര്യ റാബ്ഡി ദേവിയും നയിച്ച ആര്‍ജെഡിയുടെ
ആധിപത്യം പൂര്‍ണമായി തകര്‍ന്ന 2010-ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 206
സീറ്റുകള്‍ നേടിയിരുന്നു – ജെഡിയു 115 സീറ്റും, ബിജെപി 91 സീറ്റും.
റാബ്ഡി ദേവിയുടെ ആര്‍ജെഡിക്ക് കിട്ടിയത് 22 സീറ്റുകള്‍. 243
മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് അന്നു കിട്ടിയത് നാലു സീറ്റ്
മാത്രം. ഇത്തവണ 101 മണ്ഡലങ്ങളില്‍ വീതം മത്സരിച്ച ബിജെപി 89 സീറ്റും
(സ്ട്രൈക്ക് റേറ്റ് 88%), ജെഡിയു 85 സീറ്റും (സ്ട്രൈക്ക് റേറ്റ് 84%)
നേടി. മത്സരിച്ച ഓരോ പത്തു സീറ്റില്‍ ഒമ്പതിലും ജയിക്കുന്ന അസാധാരണമായ
സ്ട്രൈക്ക് റേറ്റില്‍ ബിജെപി ഊറ്റംകൊള്ളുന്നു. ജെഡിയു സീറ്റുകളുടെ എണ്ണം
ഇരട്ടിയാക്കി – 2020ല്‍ 43 ആയിരുന്നത് ഇക്കുറി 85 ആയി കുതിച്ചുയര്‍ന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ
ആര്‍ജെഡി ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ (143) മത്സരിച്ച്
സംസ്ഥാനത്ത് മൊത്തത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു സമാഹരിച്ചെങ്കിലും
ജയിക്കാനായത് 25 സീറ്റില്‍ മാത്രമാണ്. ആര്‍ജെഡിയുടെ വോട്ടുവിഹിതം 23
ശതമാനമാണ് (1.15 കോടി വോട്ടുകള്‍). ബിജെപിക്ക് കിട്ടിയത് ഒരു കോടി
വോട്ടും (വോട്ടുവിഹിതം 20.08%), ജെഡിയുവിന് കിട്ടിയത് 96.67 ലക്ഷം
വോട്ടും (19.25%). കഴിഞ്ഞതവണ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റ് നേടിയ
കോണ്‍ഗ്രസ് ഇത്തവണ 61 മണ്ഡലങ്ങളില്‍ മത്സരിച്ചു, ജയിച്ചത് ആറു സീറ്റില്‍
മാത്രം.
നാലു ടേമില്‍ അധികാരത്തിലിരുന്ന എഴുപത്തിനാലുകാരനായ നിതീഷ് കുമാറിനെ
ഓര്‍മ്മക്കുറവും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെങ്കിലും ഭരണവിരുദ്ധ
വികാരം ലേശം പോലും ബാധിച്ചിട്ടില്ല എന്നതാണ് ഏറ്റം ആശ്ചര്യകരം. രാജ്യത്തെ
ഏറ്റവും ദരിദ്ര സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന
നിതീഷ് കുമാറിന് സദ്ഭരണത്തിന്റെ പേരില്‍ ‘സുശാസന്‍ ബാബു’ എന്ന
വിളിപ്പേരുണ്ട്. ലാലു പ്രസാദ് യാദവിന്റെ ‘കട്ടാ ജംഗിള്‍രാജ്’ കാലത്തെ
അഴിമതിയില്‍ നിന്നും കുടുംബവാഴ്ചയില്‍ നിന്നും ക്രമസമാധാനത്തകര്‍ച്ചയില്‍
നിന്നും ബിഹാറിനെ മോചിപ്പിച്ച്, പാലങ്ങളും റോഡുകളും ഫ്ളൈഓവറുകളും
വിമാനത്താവളങ്ങളും വൈദ്യുതിയും പോലുള്ള അടിസ്ഥാനസൗകര്യവികസനത്തിനും
സാമൂഹിക നീതിയുടെ രാഷ് ട്രീയത്തിനും മുന്‍ഗണന നല്കിയ ജനപ്രിയ നേതാവാണ്
നിതീഷ് കുമാര്‍.
ജാതി രാഷ് ട്രീയത്തിന്റെയും കീഴാള സ്വത്വസംഘര്ഷങ്ങളുടെയും സോഷ്യലിസ്റ്റ്
വിപ്ലവത്തിന്റെയും ഭൂമികയില്‍ പയറ്റിതെളിഞ്ഞ്, രാഷ് ട്രീയ
പരിവര്‍ത്തനത്തിന്റെ കണക്കുകൂട്ടലുകളിലും സഖ്യംചേരലിലും എന്നും തന്റെ
പ്രസക്തി നിലനിര്‍ത്താനും എതിരാളികളെക്കാള്‍ മുന്നിലായിരിക്കാനും
അസാമാന്യ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം ഏതു പരിതസ്ഥിതിയോടും
പൊരുത്തപ്പെടാന്‍ കഴിയുന്ന പരിണതപ്രജ്ഞനായ രാഷ്ട്രീയതന്ത്രജ്ഞനാണ്.
സ്ത്രീപക്ഷ നയങ്ങളിലൂടെ ബിഹാറിലെ രാഷ് ട്രീയ വ്യവഹാരങ്ങളുടെ അടിസ്ഥാന ഘടന
തന്നെ അദ്ദേഹം പൊളിച്ചെഴുതുന്നു.
2005 ഒക് ടോബറില്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി അധികം വൈകാതെ പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം.ഇതില്‍ ബിഹാര്‍ രാജ്യത്തെ ആദ്യ മാതൃകയായി. അതേവര്‍ഷം ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ വാങ്ങാന്‍ ക്യാഷ് സബ്സിഡി നല്കി.
2016-ല്‍ സസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം
ഏര്‍പ്പെടുത്തി. അക്കൊല്ലം സംസ്ഥാനത്ത് മദ്യനിരോധനം പ്രഖ്യാപിച്ചത്
പ്രധാനമായും വനിതാക്ഷേമം – ഗാര്‍ഹികപീഡനത്തില്‍ നിന്നുള്ള രക്ഷ –
മുന്‍നിര്‍ത്തിയാണ്. 2018 മുതല്‍ ബിരുദപഠനം വരെ വിദ്യാര്‍ഥിനികള്‍ക്ക്
സാമ്പത്തിക സഹായം നല്കാന് തുടങ്ങി.
ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കിയ ബിഹാര്‍ ഗ്രാമീണ ഉപജീവന പദ്ധതിയില്‍
‘ജീവിക ദീദി’ എന്ന പേരില്‍ സംസ്ഥാനത്ത് 11 ലക്ഷം സ്വയംസഹായ സംഘങ്ങളിലൂടെ
സ്ത്രീകള്‍ കാര്‍ഷിക ഉത്പാദനം, വിപണനം, ദീദി കി രസോയി കാന്റീന്, നഴ്സറി
ഹരിത് ജീവിക, ബദല്‍ ബാങ്കിങ് ശൃംഖലകള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ വലിയ
മുന്നേറ്റം നടത്തി. മുഖ്യമന്ത്രി മഹിളാ റോജ്ഗാര്‍ യോജന എന്ന പേരില്‍,
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് 1.51 കോടി സ്ത്രീകളുടെ
ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തത്
എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ഏറ്റവും നിര്‍ണായക
തന്ത്രമായി വിലയിരുത്തപ്പെടുന്നുണ്ട്. ഒരു കോടി ‘ലക്ഷാധിപ ദീദിമാരെ’
സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ചുവടുപിടിച്ചാണ് ബിഹാറിന്റെ മൊത്ത ആഭ്യന്തര
ഉത്പാദനത്തിന്റെ (ജിഡിപി) നാലു ശതമാനം വരുന്ന ഈ ബാധ്യത ഏറ്റെടുക്കുന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ‘രൊക്കം പണം’ കൈമാറുന്ന ഏറ്റവും
ബൃഹത്തായ ക്ഷേമപ്രഖ്യാപനമാണ്, ‘ദസ്ഹസാരി’ എന്ന പേരില്‍
സ്ത്രീവോട്ടര്‍മാരെ വശീകരിച്ച പദ്ധതി.
മധ്യപ്രദേശില്‍ ലാഡ്ലി ബഹ് നാ, മഹാരാഷ് ട്രയില്‍ ലാഡ്കി ബഹിന്‍ എന്നീ
പേരുകളില്‍ ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രഖ്യാപിച്ച ഡയറക്ട്
ബനഫിറ്റ് ട്രാന്‍സ്ഫറില്‍ നിന്നു വ്യത്യസ്തമായി, ദസ്ഹസാരി കൊണ്ട്
തുടങ്ങുന്ന ചെറുകിട സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തി ആറുമാസം
കഴിയുമ്പോള്‍ രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ബിഹാര്‍
സര്‍ക്കാരിന്റെ പ്രഖ്യാപനം. ലോക ബാങ്ക് ഫണ്ടില്‍ നിന്ന് ഇതിനായി 14,000
കോടി രൂപ വകമാറ്റിയെന്നും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍
മുന്‍പാണ് അവസാനത്തെ ഇന്‍സ്റ്റാള്‍മെന്റ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും
പോളിങ് പ്രക്രിയയ്ക്കിടയില്‍ നവംബര്‍ ഏഴിനും പണം കിട്ടിയവരുണ്ടെന്നും
പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ദസ്ഹസാരി
കൈപ്പറ്റിയവരും 2.10 ലക്ഷം രൂപ കിട്ടാന്‍ ആശയുള്ളവരും എന്‍ഡിഎ
സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് നിശ്ചയിച്ചാല്‍ അവരെ
ആര്‍ക്കു തടയാനാകും!
സംസ്ഥാനത്തെ കഴിഞ്ഞ 74 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും
ഉയര്‍ന്ന പോളിങ് നടന്നത് ഈ തിരഞ്ഞെടുപ്പിലാണ്: 66.91%.
സ്ത്രീവോട്ടര്‍മാരില്‍ 71.6 ശതമാനം പേര് വോട്ടു ചെയ്തു: 3.51 കോടി
സ്ത്രീകള്‍. പുരുഷന്മാരുടെ പോളിങ് ശതമാന പോയിന്റിനെക്കാള്‍ 8.8 ശതമാനം
അധികം. സ്ത്രീസമ്മതിദായകരാണ് ഇക്കുറി ബിഹാറിലെ ജനവിധിയുടെ ദിശ
നിര്‍ണയിച്ചതെന്നു വ്യക്തം. തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ, 1.80 ലക്ഷം
ജീവിക ദീദിമാരെയും വനിതാ വോളന്റിയര്മാരെയുമാണ് പോളിങ് ബൂത്തില്‍
പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ജാതി സമവാക്യങ്ങളെ ആധാരമാക്കി തന്ത്രപരമായ ധാരണയോടെയാണ് എന്‍ഡിഎ
സീറ്റുവിഭജനം നടത്തിയത്. ബിജെപി മേല്‍ജാതിക്കാരെ ഒപ്പം കൂട്ടി. ജെഡിയു
അതിപിന്നാക്കക്കാരെയും (ഇബിസി) മഹാദളിതരെയും മുസ് ലിംകള്‍
ഉള്‍പ്പെടെയുള്ള ഒബിസി വിഭാഗങ്ങളെയും അനുധാവനം ചെയ്തു.
ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്), മുന്‍ മുഖ്യമന്ത്രി ജീതന്‍ രാം
മാംഝിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍), ഉപേന്ദ്ര കുശ്
വാഹായുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ
വോട്ടുകള്‍ ഉറപ്പാക്കി. യാദവ്, രജ്പുത്, ഭൂമിഹാര്‍, മുസ് ലിം, കൊയിരി/
കുശ് വാഹാ വിഭാഗങ്ങളില്‍ ഒതുങ്ങാതെ കൂടുതല്‍ വിശാലമായ സാമുദായിക
‘മഴവില്ല്’ പ്രാതിനിധ്യത്തോടൊപ്പം നിതീഷ് കുമാറിന്റെ ‘മഹിള-യുവ’
ഫോര്‍മുല കൂടിയായപ്പോള്‍ എന്‍ഡിഎ വിജയത്തിലേക്കു കുതിച്ചു. ബിഹാറിലെ
ജനസംഖ്യയുടെ 60 ശതമാനവും 29 വയസ്സിന് താഴെയുള്ളവരാണ്. ഒരു കോടി
യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. വയോധികര്‍ക്കും
വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സാമൂഹ്യക്ഷേമ പെന്ഷന് 400
രൂപയില്‍ നിന്ന് പ്രതിമാസം 1,100 രൂപയാക്കി. വീടുകള്‍ക്ക് 125 യൂണിറ്റ്
വരെ വൈദ്യുതി സൗജന്യമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എന്‍ഡിഎ കൂട്ടുകെട്ടില്‍ നിന്ന് മാറി,
‘മോദിയുടെ ഹനുമാന്’ എന്നു സ്വയം വിശേഷിപ്പിച്ച് 134 മണ്ഡലങ്ങളില്‍
മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി (ആര്‍വി) പാര്‍ട്ടി 333
വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തോടെ ഒരു സീറ്റ് മാത്രമാണ് നേടിയതെങ്കിലും
32 സീറ്റുകളിലെങ്കിലും ജെഡിയുവിന് കനത്ത ആഘാതമേല്പിച്ചിരുന്നു. ഇത്തവണ
എന്‍ഡിഎയുടെ ഭാഗമായി 28 സീറ്റുകളില്‍ മത്സരിച്ച എല്‍ജെപി 19 സീറ്റുകളില്‍
മികച്ച വിജയം നേടി. ബിഹാര്‍ രാഷ് ട്രീയത്തിലും ദേശീയ തലത്തില്‍ മണ്ഡല്
സംവരണ മുന്നേറ്റത്തിലും നിറഞ്ഞുനിന്നിരുന്ന ദലിത് നേതാവ് രാം വിലാസ്
പാസ്വാന്റെ പുത്രനായ ചിരാഗ് ഈ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ ഏറ്റവും
തിളക്കമുള്ള യുവ താരമായി മാറി. കുശ് വാഹായുടെ രാഷ് ട്രീയ ലോക്
മോര്‍ച്ചയും കഴിഞ്ഞ തവണ 104 സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിച്ചതാണ്.
എന്‍ഡിഎ സഖ്യത്തില്‍ ഇക്കുറി ലോക് മോര്‍ച്ച നാലു സീറ്റ് നേടി. അവാം
മോര്‍ച്ച അഞ്ചു സീറ്റും.
സംസ്ഥാന ജനസംഖ്യയില്‍ 32% വരുന്ന യാദവരുടെയും മുസ് ലിംകളുടെയും
പിന്തുണയുടെ ബലത്തില്‍ അധികാര രാഷ് ട്രീയം കൈയാളിപോന്നിട്ടുള്ള
ആര്‍ജെഡിയുടെ 143 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ 77 പേര് (ഏതാണ്ട്
54%), ഒബിസിക്കാരായിരുന്നു – അതില്‍ 50 പേര് യാദവരും 27 പേര് മറ്റ്
ഒബിസി വിഭാഗക്കാരും. അതിപിന്നാക്ക വിഭാഗത്തില്‍ നിന്ന് 12
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ രണ്ടു പേര് മാത്രമാണ് വിജയിച്ചത്.
ആര്‍ജെഡി 18 സീറ്റുകള്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചതില്‍
മൂന്നുപേരാണ് ജയിച്ചത്.
പരമ്പരാഗതമായി തങ്ങളുടെ ശക്തികേന്ദ്രമെന്നു
കരുതിപ്പോരുന്ന മേഖലകളും പിടിവിട്ടുപോകുന്ന അവസ്ഥയാണ് ആര്‍ജെഡിക്ക്
ഉണ്ടായത്. ലാലു പ്രസാദ് യാദവ് രണ്ടുവട്ടവും റാബ്ഡി ദേവി മൂന്നുവട്ടവും
തേജസ്വി യാദവ് രണ്ടു വട്ടവും ജയിച്ചിട്ടുള്ള രാഘോപുരില്‍ ഇത്തവണ
വോട്ടെണ്ണലിന്റെ പല റൗണ്ടിലും തേജസ്വി പിന്നിലായിരുന്നു, ഒടുവില്‍
ജയിച്ചത് 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള അതിര്‍ത്തിയിലെ നാലു ജില്ലകള്‍
ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയില്‍ അസദുദ്ദീന്‍ ഉവൈസിയുടെ അഖിലേന്ത്യ
മജലിസ് എ ഇത്തേഹാദുല്‍ മുസ് ലിമീന്‍ അഞ്ച് സീറ്റുകള്‍ നേടി. മുസ് ലിം
വോട്ട് നിര്‍ണായകമാകുന്ന 61 മണ്ഡലങ്ങളില്‍ 45 സീറ്റുകള്‍ ഇത്തവണ എന്‍ഡിഎ
പിടിച്ചു. മഹാസഖ്യത്തിന് 11 സീറ്റുകളാണ് ഈ മേഖലയില്‍ കിട്ടിയത്.
മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച
വികാസ്ശീല് ഇന്സാന് പാര്‍ട്ടിയുടെ മുകേഷ് സഹാനിക്ക് ഒരു സീറ്റു പോലും
നേടാനായില്ല. ‘മീന്‍പിടുത്തക്കാരന്റെ മകന്’ (മല്ലാഹ്) എന്ന പേരില്‍
രാഹുല്‍ ഗാന്ധിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബേഗുസരായിലെ
കുളത്തില്‍ ചാടിയ സഹാനിക്ക് മീന്പിടുത്തക്കാരായ മല്ലാഹ്-നിഷാദ്
സമുദായത്തിന്റെ പിന്തുണ പോലും ലഭിച്ചില്ല.
സീറ്റുവിഭജനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനത്തിലും
മഹാസഖ്യത്തിന് വലിയ വീഴ്ചകള്‍ സംഭവിച്ചു. പാര്‍ട്ടി സംഘടനാതലത്തിലും
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും പ്രചാരണത്തിന്റെ
ഏകോപനത്തിലും കോണ്‍ഗ്രസ് തികഞ്ഞ പരാജയമായിരുന്നു. സംസ്ഥാനത്തെ
മഹാസഖ്യത്തിന്റെയും ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെയും പ്രസക്തിയും
നിലനില്പും ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്.
മഹാസഖ്യത്തിലെ ഇടതു പാര്‍ട്ടികളും ഇത്തവണ നിഷ്പ്രഭരായി. കഴിഞ്ഞ
തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ മത്സരിച്ച് 12 സീറ്റ് നേടിയ സിപിഐ
(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ ഇക്കുറി 20 സീറ്റില്‍
മത്സരിച്ചെങ്കിലും ജയിച്ചത് രണ്ടു സീറ്റിലാണ്. കഴിഞ്ഞ തവണ രണ്ടു
സീറ്റില്‍ ജയിച്ച സിപിഐ ഇത്തവണ ആറിടത്തു മത്സരിച്ചെങ്കിലും ഒരു സീറ്റും
നേടാനായില്ല. നാലു സീറ്റില്‍ മത്സരിച്ച സിപിഎം ഒരു സീറ്റില്‍ ജയിച്ചു.
ഇന്ദ്രജീത്ത് പ്രസാദ് ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി ഒരു
സീറ്റ് നേടി.
ഒരു മുന്നറിയിപ്പുമില്ലാതെ ബിഹാറില്‍ വോട്ടര്‍പട്ടിക
‘ശുദ്ധീകരിക്കുന്നതിന്’ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രഖ്യാപിച്ച്
തിരഞ്ഞെടുപ്പ് കമ്മിഷന് ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്നു
നീക്കം ചെയ്യുമെന്ന ആശങ്ക പരന്നിരിക്കെ, സംസ്ഥാനത്ത് ‘വോട്ട് അധികാര്‍
യാത്ര’ നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ
‘വോട്ടുകൊള്ള’യെ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് ഇനിയും വ്യക്തമായ
മറുപടി കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ടും കാര്യങ്ങള്‍ അത്ര സുതാര്യമായല്ല മുന്നോട്ടുപോയത്.
ഭരണഘടനയെയും ജനാധിപത്യത്തെയും കശാപ്പുചെയ്യുന്ന ‘വോട്ട്ചോരി’
ഗൂഢതന്ത്രങ്ങള്‍ക്കെതിരെ യുവജനം പ്രക്ഷോഭത്തിനിറങ്ങണമെന്ന രാഹുല്‍
ഗാന്ധിയുടെ ആഹ്വാനം ബിഹാറില്‍ കാര്യമായ ഒരു പ്രതികരണവും
സൃഷ്ടിക്കുന്നില്ല എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. എങ്കിലും, രാജ്യത്തെ
ജനങ്ങള്‍ അവശ്യം അറിയേണ്ട കാര്യങ്ങള്‍ വിളിച്ചുപറയാന്‍ ചില അവധൂതന്മാര്
രാഷ് ട്രീയ ധാര്‍മിക മണ്ഡലത്തില്‍ ആവശ്യമാണ്.

