സിനിമ / പ്രൊഫ.ഷാജി ജോസഫ്
ടര്‍ക്കിഷ് സംവിധായകനായ കാന്‍ ഉല്‍ക്കെ ഒരുക്കിയ അയ്ല: ദി ഡോട്ടര്‍ ഓഫ് വാര് യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച, അത്യന്തം ഹൃദയഭേദകമായ ഒരു സിനിമയാണ്. 1950-കളിലെ കൊറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ടര്‍ക്കിഷ് സൈനികനും അനാഥയായ ഒരു കൊറിയന്‍ പെണ്‍കുട്ടിയും തമ്മിലുള്ള അസാധാരണമായ ബന്ധമാണ് 2017-ല്‍ പുറത്തിറങ്ങിയ ഇതിന്റെ ഹൃദയം. ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ദക്ഷിണ കൊറിയയെ സഹായിക്കാന്‍ ടര്‍ക്കി അയക്കുന്ന ബ്രിഗേഡിലെ ഒരു സൈനികനാണ് സെര്‍ജന്റ് ‘സുലൈമാന്‍ ദില്ബിര്ലിഗി’.
തണുത്തുറഞ്ഞ ഒരു രാത്രിയില്‍ യുദ്ധമുഖത്ത് വെച്ച് സുലൈമാന്‍ ഭയാനകമായ ഒരു കാഴ്ച കാണുന്നു – മരിച്ചവരുടെ ശരീരങ്ങള്‍ക്കിടയില്‍, ഒരു കൊച്ചുകുട്ടി തനിച്ചിരിക്കുന്നു. മാതാപിതാക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഭയം കാരണം സംസാരം നിലച്ചുപോയ
അഞ്ച് വയസ്സുകാരിയായ ആ പെണ്‍കുട്ടിയെ സുലൈമാന്‍ തന്റെ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. അവളെ എവിടെ ഏല്‍പ്പിക്കണമെന്ന് അറിയാത്തതിനാല്‍ താല്‍ക്കാലികമായി സ്വന്തം മകളെപ്പോലെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്നു.
അമാവാസി രാത്രിയില്‍ ചന്ദ്രവെളിച്ചത്തില്‍ അവളെ കണ്ടെത്തിയതുകൊണ്ട്, സുലൈമാന്‍ അവള്‍ക്ക് ടര്ക്കിഷ്ഭാഷയില് ‘ചന്ദ്രന്’ എന്നര്‍ത്ഥം വരുന്ന ‘ഐല’ എന്ന് പേരിടുന്നു. യുദ്ധത്തിന്റെ ഇരുളില്‍ അവള് അയാളുടെ ജീവിതത്തില്‍ ഒരു പ്രകാശരേഖയായി മാറുന്നു.
ഭാഷയും സംസ്കാരവും വ്യത്യാസപ്പെട്ടിരുന്നെങ്കിലും, സുലൈമാനും ഐലയും തമ്മില്‍ വേഗത്തില്‍ ആഴത്തിലുള്ള അച്ഛന്-മകള്‍ ബന്ധം ഉടലെടുക്കുന്നു. സൈനിക ക്യാമ്പിലെ മറ്റ് പട്ടാളക്കാര്‍ക്കും അവള് പ്രിയങ്കരിയാവുന്നു. യുദ്ധത്തിന്റെ കഠിനമായ
അന്തരീക്ഷത്തില്‍, ഐല സൈനികര്‍ക്ക് സന്തോഷവും പ്രത്യാശയും നല്കുന്ന ഒരു വെളിച്ചമായി മാറുന്നു. ക്യാമ്പില്‍ തോക്കുകളുടെയും ബോംബുകളുടെയുമിടയില് അവള് കളിച്ചു വളര്‍ന്നു. സുലൈമാന്‍ ഒരു പിതാവിനെപ്പോലെ അവളെ പരിപാലിക്കുകയും ആവശ്യമായതെല്ലാം നല്‍കുകയും ചെയ്യുന്നു. രക്തബന്ധത്തിനപ്പുറം സ്നേഹത്തിന്റെ നൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത സുലൈമാനും ഐലയും തമ്മിലുള്ള ആത്മബന്ധം യുദ്ധത്തിന്റെ നടുവിലും ഒരു
പ്രത്യാശയുടെ പ്രതീകമാണ്.

കാന്‍ ഉല്‍ക്കെ
15 മാസത്തോളം സുലൈമാനും ഐലയും ഒരുമിച്ചു കഴിയുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുമ്പോള്‍, ടര്‍ക്കിഷ് ബ്രിഗേഡിന് നാട്ടിലേക്ക് മടങ്ങാന്‍ ഉത്തരവ് ലഭിക്കുന്നു. ഐലയെ വിട്ടുപിരിയാന്‍ സുലൈമാന്‍ കഴിയുന്നില്ല. അവളെ ടര്‍ക്കിയിലേക്ക് കൊണ്ടുപോകാന്‍ സുലൈമാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, കൊറിയന്‍ നിയമങ്ങളും കടുത്ത ഉദ്യോഗസ്ഥ മേധാവിത്വവും അതിന്
തടസ്സമുണ്ടാക്കുന്നു. കുട്ടിയെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കാതെ വരികയും, ഒടുവില്‍ ഹൃദയം തകര്‍ന്ന്, ഐലയെ ഒരു അനാഥാലയത്തില്‍ ആക്കുവാനും സുലൈമാന്‍ നിര്‍ബന്ധിതനാകുന്നു. ‘ഞാന്‍ നിന്നെ
മറക്കില്ല, നമുക്ക് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരു ദിവസം വരും’ എന്ന് വാഗ്ദാനം ചെയ്താണ് അവര്വിടപറയുന്നത്. വിമാനത്താവളത്തിലെ വിടപറയല്‍ ദൃശ്യങ്ങള്‍ സിനിമയിലെ ഏറ്റവും വികാരപൂര്‍ണമായ ഭാഗമാണ്.
ടര്‍ക്കിയില്‍ മടങ്ങിയെത്തിയ സുലൈമാന്‍ ഐലയെ മറക്കാനാവാതെ വര്‍ഷങ്ങളോളം അവളെ തിരയുന്നു. ജീവിതം മുന്നോട്ട് പോകുമ്പോഴും മനസ്സില്‍ ആ കുട്ടിയുടെ മുഖം അപ്രത്യക്ഷമാവുന്നില്ല. സിനിമയുടെ അവസാനത്തില്‍, അവര്‍ തമ്മിലുള്ള ചരിത്രപരമായ യഥാര്‍ത്ഥ പുനസംഗമത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അതാണ് ഈ സിനിമയുടെ
ഏറ്റവും സ്പര്‍ശിക്കുന്ന ഭാഗം. അറുപത് വര്‍ഷത്തിന് ശേഷം, കൊറിയന്‍ ടിവിയുടെ സഹായത്തോടെ, കൊറിയയും ടര്‍ക്കിയും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു പുനര്സംഗമ പരിപാടിയില്‍, കിം യൂന്‍-ജാ എന്ന യഥാര്‍ത്ഥ പേരുള്ള ഐലയെ സുലൈമാന്‍ കണ്ടെത്തുന്നു. അവര്‍ ചേര്‍ത്ത് പിടിക്കുന്ന ആ നിമിഷം, സിനിമയെ അതിരുകളെ മറികടക്കുന്ന ഒരു മനുഷ്യസാക്ഷ്യമായി മാറ്റുന്നു.

യഥാര്‍ത്ഥ സുലൈമാന്‍ ദില്ബിര്ലിഗിയും കിം യൂന്‍-ജായുടെയും കണ്ടുമുട്ടലിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തും. കണ്ണീരോടെ അവര്‍ വീണ്ടും ചേര്‍ത്ത് പിടിക്കുമ്പോള്‍, മനുഷ്യസ്നേഹത്തിന്റെ അതുല്യമായ ശക്തിയെ സിനിമ ആവിഷ്കരിക്കുന്നു.
ഇതൊരു മികച്ച യുദ്ധചിത്രമാണ്. യുദ്ധത്തിന്റെ ഭീകരതയുടെയും, അതിനിടയിലും പൂവണിയുന്ന നിസ്വാര്‍ത്ഥമായ സ്നേഹബന്ധത്തിന്റെയും കഥയാണിത്. സ്നേഹത്തിന് ദേശീയതയുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു. സുലൈമാനും കൊച്ചുകുട്ടിയായ ഐലയും തമ്മിലുള്ള നിമിഷങ്ങള്‍ ഹൃദയസ്പര്‍ശിയും മനോഹരവുമാണ്.
യുവ സെര്‍ജന്റ് സുലൈമാനെ അവതരിപ്പിച്ച ഇസ്മയില്‍ ഹാസിയോഗ്ലുവിന്റെയും ബാലതാരം കിം സോളിന്റെയും പ്രകടനം അതിമനോഹരമാണ്. അവരുടെ കെമിസ്ട്രി പ്രേക്ഷകരുമായി പെട്ടെന്ന് വൈകാരിക ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്നു.
സംവിധായകന് യുദ്ധരംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിക്കുകയും, അതേസമയം വ്യക്തിപരമായ വൈകാരിക നിമിഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തിട്ടുണ്ട്.
സിനിമയിലെ ദൃശ്യങ്ങള്‍ മനോഹരമാണ്. കൊറിയന്‍ മണ്ണിലെ തണുത്ത നിറങ്ങള്‍, യുദ്ധത്തിന്റെ പൊടിപടലങ്ങള്‍, പിന്നീട് പ്രതീക്ഷയുടെ വെളിച്ചം എല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇത് ഒരു യുദ്ധചിത്രമെങ്കിലും, യുദ്ധത്തിന്റെ ഭീകരതയെക്കാള്‍ അത് മനുഷ്യനന്മയുടെ സാക്ഷ്യമായി നിലനില്ക്കുന്നു, യുദ്ധത്തിനിടയിലെ ‘മനുഷ്യത്വത്തിന്റെ പാഠം’ ഭാഷ, സംസ്കാരം, ദേശം എന്നൊന്നുമില്ലാതെ, മനുഷ്യന് മറ്റൊരാളുടെ വേദന മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന അദ്ഭുതം
ഈ സിനിമ തെളിയിക്കുന്നു. യുദ്ധം മനുഷ്യരാശിക്ക് വരുത്തുന്ന ദുരന്തങ്ങളെയും, അതിനിടയിലും നിലനില്‍ക്കുന്ന മനുഷ്യത്വത്തെയും ദയയെയും ഈ സിനിമ അടിവരയിടുന്നു.
യുനിസെഫിന്റെ കണക്ക് പ്രകാരം ലോകത്ത് മൂന്ന് കോടിയോളം കുട്ടികള്‍ യുദ്ധം മൂലം അനാഥരാക്കപ്പെട്ടിട്ടുണ്ട്.

അവരിലൊരാളുടെ അപൂര്‍വ്വ കഥയാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളുടെ ആഴം, സ്നേഹം, വാത്സല്യം, വിശ്വസ്തത എന്നിവയെക്കുറിച്ച് ശക്തമായി സംസാരിക്കുന്ന ഈ ചിത്രം സാധാരണ യുദ്ധ സിനിമയല്ല, മറിച്ച് മനുഷ്യത്വത്തിന്റെയും ഹൃദയബന്ധത്തിന്റെയും കഥയാണ്. യുദ്ധത്തിന്റെ പാളികളില്‍ പോലും സ്നേഹം എങ്ങനെ പിറക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവ്. കണ്ണീരോടെയെങ്കിലും പ്രേക്ഷകനെ പ്രതീക്ഷയിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന
ഒരു സിനിമ. വൈകാരിക നിമിഷങ്ങള്‍ ഇഷ്ടപ്പെടുന്ന സിനിമാ പ്രേമികള്‍ക്ക് ഇത് ഒരു മികച്ച അനുഭവമായിരിക്കും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.

