പാരീസ്/ വത്തിക്കാന്‍ സിറ്റി: ഫ്രാൻസിലെ ദോസുലെയിൽ ഒരു സ്ത്രീക്ക് ലഭിച്ചതായി പറയപ്പെടുന്ന ദര്‍ശനങ്ങളെ തള്ളി വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ്. കഴിഞ്ഞ ദിവസം ലെയോ പതിനാലാമൻ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലേയാണ് വിഷയത്തില്‍ വിശ്വാസകാര്യാലയം വിശദീകരണം നല്‍കിയിരിക്കുന്നത്.
ദോസുലെയിൽ ഉണ്ടായെന്ന് പറയപ്പെടുന്ന ദർശനങ്ങളുടെ ആധികാരികതയെ നിരസിച്ചുകൊണ്ട് ബയോ-ലിസ്യു രൂപതാദ്ധ്യക്ഷൻ നൽകിയ അഭിപ്രായമാണ് വത്തിക്കാൻ ശരിവെച്ചത്.
1972നും 1978നുമിടയിൽ ഫ്രാൻസിലെ ദോസുലെ എന്ന നഗരത്തിൽ മദലെയ്ൻ ഓമോ (Madeleine Aumont) എന്ന സ്ത്രീക്ക് 49 ദർശനങ്ങളുണ്ടായെന്നും, അവിടെ അതിബൃഹത്തായ ഒരു കുരിശ് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു എന്നുമാണ് അവകാശപ്പെട്ടിരുന്നത്.
ദോസുലെയിൽ കുരിശ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തിക ശേഖരണവും മറ്റ് ശ്രമങ്ങളും പലയിടങ്ങളിലും അനൗദ്യോഗികമായി ആരംഭിച്ചതിനെത്തുടർന്ന് 1983 ഏപ്രിൽ മാസത്തിലും 1985 ഡിസംബർ 8നും പ്രദേശത്തെ രൂപതാദ്ധ്യക്ഷൻ ഷാൻ മരീ ക്ലെമെൻ ബദ്രേ ഇതിന് പിന്നിൽ ദൈവാത്മാവിന്റെ പ്രേരണ ഇല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഈ കുരിശിനെ മനസ്താപപൂർവ്വം സമീപിക്കുന്നവർക്ക് പാപപരിഹാരവും രക്ഷയും ലഭിക്കുമെന്ന സന്ദേശമാണ് ദോസുലെ ദർശനപരമ്പരയുമായി ബന്ധപ്പെട്ട് എല്ലായിടങ്ങളിലും വ്യാപിക്കപ്പെട്ടിരുന്നത്.
എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ക്രിസ്തുവിലൂടെ സാധ്യമായ രക്ഷയുമായി ബന്ധപ്പെട്ട കത്തോലിക്കാ വിശ്വാസത്തോട് ചേർന്നുപോകുന്നതല്ലെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി. 1975-ലെ ജൂബിലി വർഷത്തിന് മുൻപായി മഹത്വപൂർണ്ണമായ കുരിശും, തീർത്ഥാടനകേന്ദ്രവും സ്ഥാപിക്കണമെന്നും, അത് അവസാന ജൂബിലി വർഷമായിരിക്കുമെന്നുമുള്ള സന്ദേശങ്ങളും പില്ക്കാലത്ത് വ്യാപിക്കപ്പെട്ടിരുന്നു.
എന്നാൽ ഇത്തരം ദർശനസന്ദേശങ്ങൾക്ക് ശേഷവും വിവിധ ജൂബിലികൾ സഭയിൽ ആഘോഷിക്കപ്പെട്ടു എന്ന കാര്യവും ഡിക്കാസ്റ്ററി ചൂണ്ടിക്കാട്ടി. സ്വകാര്യ വെളിപാടിനെ കുറിച്ച് സുദീര്‍ഘമായ പഠനത്തിന് ഒടുവിലാണ് വത്തിക്കാന്‍ തള്ളിയിരിക്കുന്നത്.
ഭക്തിയുടെ ഭാഗമായ അടയാളമെന്ന നിലയിൽ കുരിശിന്റെ ബാഹ്യമായ പ്രത്യേകതകളല്ല പ്രധാനപ്പെട്ടതെന്നും, ക്രൈസ്തവർ ഒരു കുരിശിനെ വണങ്ങുമ്പോൾ അതിലെ ലോഹത്തെയല്ല വണങ്ങുന്നതെന്നും, ക്രിസ്തുവിന്റെ കാൽവരിയിലെ രക്ഷാകരപ്രവർത്തനത്തിന് പകരം വയ്ക്കാൻ മറ്റൊരു കുരിശിന് സാധിക്കില്ലെന്നും ഡിക്കാസ്റ്ററി ഓര്‍മ്മിപ്പിച്ചു.
നിലവിലെ ബിഷപ്പ് ഹാബെർ, ദോസുലെയിൽ ഉണ്ടായതെന്ന് കരുതപ്പെടുന്ന പ്രതിഭാസങ്ങൾക്ക് അഭൗമികമായ സ്വഭാവമില്ലെന്ന പ്രഖ്യാപനം നടത്താൻ വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അനുമതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രൂപതാദ്ധ്യക്ഷന്റെ അപേക്ഷ സ്വീകരിച്ച വത്തിക്കാൻ ഡിക്കാസ്റ്ററി വിഷയത്തില്‍ വിശദീകരണം നല്‍കുകയായിരിന്നു.

