എറണാകുളം: കൂരിരുളില്‍ അനീതിയുടെയും വിവേചനത്തിന്റെയും കൊടിയ
ബന്ധനത്തില്‍ കഴിഞ്ഞിരുന്ന മലയാളക്കരയിലെ സ്ത്രീജന്മങ്ങള്‍ക്ക്
വിദ്യയിലൂടെയും ആത്മജ്ഞാനത്തിലൂടെയും മോചനത്തിന്റെയും പ്രത്യാശയുടെയും
പുതുജീവിതപാതയിലേക്കുള്ള വഴികാട്ടിയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ
തിരുസ്വരൂപത്തിന്റെ ആദ്യ ദര്‍ശനത്തില്‍ ജ്വലിച്ചുനില്ക്കുന്നത്
കൈയിലേന്തിയ ആ വിളക്കാണ്.
വല്ലാര്‍പാടത്ത് കാരുണ്യമാതാവിന്റെ ബസിലിക്കാ അങ്കണത്തില്‍, മദര്‍
ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച തിരുകര്മവേദിയില്,
ദൈവസ്തുതിയുടെ ‘തെദേവും’ ആലാപനത്തെ തുടര്‍ന്ന് ബോംബെ ആര്‍ച്ച്ബിഷപ്
എമരിറ്റസ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് അനാച്ഛാദനം ചെയ്യുമ്പോഴാണ്
മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം വിശ്വാസികള്‍ ആദ്യമായി കണ്ടു വണങ്ങുന്നത്.
വിളക്കേന്തിയ ഏലീശ്വാമ്മയുടെ തിരുസ്വരൂപം രൂപകല്പന ചെയ്ത ശില്പി, മദര്‍
ഏലീശ്വ സ്ഥാപിച്ച വരാപ്പുഴ സെന്റ് ജോസഫ് സ്കൂളില്‍ പ്രാഥമിക
വിദ്യാഭ്യാസം നേടിയ വിഖ്യാത കലാകാരന് ആന്റണി കാറള്‍ ആണ്. ഏലീശ്വാമ്മയുടെ
ജീവിതദൗത്യത്തിന്റെ നിത്യപ്രതീകമായി കൈയിലൊരു വിളക്ക് നിര്‍ദേശിച്ചത്
കലയുടെ ദിവ്യസ്പര്ശമുള്ള ഫാ. കാപിസ്റ്റന്‍ ലോപ്പസാണെന്ന് മദര്‍
ഏലീശ്വയുടെ തെരേസ്യന്‍ കാര്‍മലൈറ്റ്സ് സന്ന്യാസിനീ സമൂഹത്തിന്റെ
സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സാക്ഷ്യപ്പെടുത്തുന്നു. ആന്റണി കാറള്‍ ഈ
വിളക്കിനു രൂപം നല്‍കിയത് പണ്ടുകാലത്ത് സാധാരണവീടുകളില്‍ ഉപയോഗിച്ചിരുന്ന
മണ്ണെണ്ണ വിളക്കിന്റെ സാദൃശ്യത്തിലാണ്.
മദര്‍ ഏലീശ്വ തന്റെ പുണ്യജീവിതത്തിന്റെ അവസാനത്തെ 23 വര്‍ഷം
ക്രിസ്തുവിനോടുള്ള അഭിനിവേശത്തിലും മാനവരോടുള്ള അനുകമ്പയിലും മുഴുകി
തന്റെ ആത്മീയമക്കളെ പരിപാലിച്ച, മദറിന്റെ പൂജ്യ ഭൗതികശരീരം അടക്കം
ചെയ്തിട്ടുള്ള വരാപ്പുഴയ്ക്ക് അടുത്തായുള്ള കടമക്കുടി ചരിയംതുരുത്തിലെ
തന്റെ വീടിനോടു ചേര്‍ന്നുള്ള സ്റ്റുഡിയോയിലാണ് ഫൈബര്‍ ഗ്ലാസില്‍
വാഴ്ത്തപ്പെട്ട ഏലീശ്വയുടെ രൂപം സാക്ഷാത്കരിച്ചത്.
രൂപസാദൃശ്യ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ജീവചരിത്ര അറിവിന്റെയും
വെളിച്ചത്തിലാണ് ഏലീശ്വാമ്മയുടെ തിരുസ്വരൂപത്തിന് രൂപകല്പന
നല്‍കിയതെന്ന് ആന്റണി കാറള്‍ പറഞ്ഞു. സ്റ്റുഡിയോയില്‍ 30 ദിവസത്തെ
ധ്യാനസപര്യയായിരുന്നു.
കര്‍മലീത്താ സന്ന്യാസിനീ സഭയുടെ പരമ്പരാഗതവും പൂര്‍ണവുമായ
ഉടുപ്പുകളോടെയാണ് ഏലീശ്വാമ്മയുടെ രൂപദര്‍ശനം. പുറമെ കാണുന്ന വെളുത്ത
നിറത്തിലുള്ള ‘കാപ്പ’ പ്രധാന അവസരങ്ങില്‍ മാത്രം ഉപയോഗിക്കുന്നതാണ്.
എല്ലാ ശനിയാഴ്ചകളിലും സായാഹ്ന പ്രാര്‍ഥനയ്ക്കുമുമ്പ് മാതാവിന്റെ ‘സാല്‍വേ
റെജീന’ പാടുമ്പോള്‍ കര്‍മലീത്താ സന്ന്യാസിനിമാരെല്ലാം കാപ്പ
ധരിക്കണമായിരുന്നു. 1970കള്‍ വരെ ഇതായിരുന്നു പതിവ്. ഇപ്പോള്‍ കാപ്പ
ധരിക്കുന്നത് പ്രധാന അവസരങ്ങളിലാണ്. ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി
പ്രഖ്യാപിച്ച വല്ലാര്‍പാടത്തെ തിരുകര്‍മത്തില്‍ പങ്കെടുത്ത സന്ന്യാസിനീ
സഭാധികാരികള്‍ കാപ്പ അണിഞ്ഞിരുന്നു. സമൂഹത്തില്‍ വ്രതവാഗ്ദാനം
നടക്കുമ്പോഴും, ജൂബിലി ആഘോഷവേളകളിലും കാപ്പയണിയും, പിന്നെ മരണമടയുമ്പോഴും
കാപ്പ ധരിപ്പിക്കും.
‘ഉത്തരീയം’ കര്‍മലീത്താസഭയുടെ തനിമയുടെ അടയാളമാണ്. കാപ്പയുടെ ഉള്ളില്‍
മുന്പിലേക്കും പിന്നിലേക്കും കിടക്കുന്ന നീളത്തിലുള്ള ഭാഗം. ഇത്
ഇപ്പോഴും ഉപയോഗിക്കുന്നു. ‘കപ്പൂസ്’ ഉത്തരീയത്തിന്റെ ഉള്ളിലുള്ള ശിരസും
തോളുകളും ആവരണം ചെയ്യുന്ന വെളുത്ത നിറത്തിലുള്ള ഭാഗമാണ്. 1977-നുശേഷം ഇതു
നീക്കം ചെയ്തു.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തെ തുടര്‍ന്ന് തെരേസ്യന്‍ കര്‍മലീത്താ
സന്ന്യാസിനികള്‍ മദറിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് വല്ലാര്‍പാടം
ബസിലിക്കയിലേക്ക് പ്രദക്ഷിണം നയിച്ചു. പിറ്റേന്ന്, വരാപ്പുഴ മൗണ്ട്
കാര്‍മല്‍ – സെന്റ് ജോസഫ് ബസിലിക്കയില്‍, മദര്‍ 23 വര്‍ഷം ദിവ്യകാരുണ്യ
ആരാധനയ്ക്കും പ്രധാന തിരുകര്‍മങ്ങള്‍ക്കും എത്തിയിരുന്ന
ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍, കൃതജ്ഞതാബലിയര്‍പ്പണത്തിന് മദറിന്റെ
തിരുസ്വരൂപം അള്‍ത്താരയ്ക്കു മുന്പില് പ്രതിഷ്ഠിച്ചിരുന്നു.
മുഖ്യകാര്‍മികനായ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
ധൂപാര്‍ച്ചന നടത്തിക്കൊണ്ടാണ് തിരുകര്‍മങ്ങള്‍ ആരംഭിച്ചത്.
ഫൈബര്‍ ഗ്ലാസ് പെയിന്റിംഗ്, സ്റ്റെയിന്‍ഡ് ഗ്ലാസ് മ്യൂറല്‍, റിലിഫ്
വര്‍ക്കുകള്‍ എന്നിവ ഉപയോഗിച്ചുള്ള നവീന അള്‍ത്താര ഡിസൈനുകള്‍ക്ക്
പ്രസിദ്ധനായ ആന്റണി കാറള്‍, തൃപ്പൂണിത്തുറ ഗവണ്മെന്റ് ആല്.എല്‍.വി.
കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സില്‍
ലളിതകലാവിഭാഗം മേധാവിയായി 2022-ലാണ് വിരമിച്ചത്.
ചരിയംതുരുത്ത് പനക്കല്‍ കാറള്‍ – കര്‍മ്മലി ദമ്പതികളുടെ ഏഴുമക്കളില്‍
നാലാമനാണ്. വരാപ്പുഴ അതിരൂപതാ ആര്‍ക്കിവിസ്റ്റും കലയ്ക്കും
സംസ്കാരത്തിനും വേണ്ടിയുള്ള കമ്മിഷന് ഡയറക്ടറുമായ ഡോ. അല്‍ഫോണ്‍സ്
പനക്കല്‍ സഹോദരനാണ്.
പത്താം ക്ലാസ് കഴിഞ്ഞ് ചിത്രകലാ ലോകത്തിലെ തന്റെ ജീവിതയാത്ര ആരംഭിച്ച
ആന്റണി കാറള്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജില്‍ അന്ന്
നിലവിലുണ്ടായിരുന്ന അഞ്ചുവര്‍ഷത്തെ നാഷണല്‍ ഡിപ്ലോമ കോഴ്സ് – പെയിന്റിങ്
സ്പെഷലൈസേഷന് – അഡ്മിഷന് നേടി. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ
നിരവധി കലാപ്രദര്‍ശനങ്ങളില്‍ പങ്കാളിയായി. മുപ്പത്തഞ്ച്
വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തന്റെ കലാജീവിതത്തില്‍, മണ്ണുത്തി
വെറ്ററിനറി കോളജില്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ്, തൃപ്പൂണിത്തുറ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബി.എഡ്. കോളജില്‍ കലാഅധ്യാപകന്,
തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജില്‍ ചിത്രകലാ അധ്യാപകന്, ലളിതകലാ
വിഭാഗം മേധാവി എന്നീ നിലകളില്‍ ഒദ്യോഗികജീവിതം പൂര്‍ത്തിയാക്കി.
കേരളത്തിനകത്തും പുറത്തും അനേകം അള്‍ത്താരകളുടെയും ദേവാലയ
ശില്പങ്ങളുടെയും കലാകാരനായി. 1989-ല്‍ കോട്ടപ്പുറം കത്തീഡ്രലിന്റെ
ബൃഹത്തായ ഫൈബര്‍ ഗ്ലാസ് പെയിന്റിംഗുകള്‍ ചെയ്തുകൊണ്ടാണ് ആന്റണി കാറള്‍
ദേവാലയ കലാലോകത്ത് തന്റെ തീര്‍ഥാടനം ആരംഭിച്ചതെന്ന് അനുസ്മരിക്കുന്നു.
എറണാകുളത്ത് വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രലായ സെന്റ് ഫ്രാന്‍സിസ്
അസ്സീസി ദേവാലയത്തില്‍, വിശുദ്ധ ഫ്രാന്‍സിസിന്റെ ആത്മീയതയില്‍ ‘സഹോദരനായ
സൂര്യന്, സോദരി ചന്ദ്രന്’ എന്ന ആശയത്തില്‍ തീര്‍ത്തിരിക്കുന്ന ഗ്ലാസ്
മ്യൂറല്‍, തിരുവനന്തപുരം വെട്ടുകാട് ദേവാലയ അള്‍ത്താര എന്നിവ ആന്റണി
കാറലിന്റേതാണ്. നൂറില്‍പരം ദേവാലയങ്ങളില്‍ അള്‍ത്താരകളും മറ്റു നിരവധി
കലാ പ്രോജക്ടുകളും ഈ കലാകാരന്റേതായിട്ടുണ്ട്.
കൂനമ്മാവിലെ സി.എം.സി. ഹിസ്റ്ററി ആന്‍ഡ് ആര്‍ട്ട് മ്യൂസിയം ഡിസൈറും
കലാകാരനും ആന്റണി കാറലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള
ഗ്ലാസ് മ്യൂറലുകളും നിരവധി ശില്പങ്ങളും പെയിന്റിംഗുകളും ഇവിടെ കാണാം.
ചരിയംതുരുത്തിന്റെയും ചുറ്റുപാടുമുള്ള ദ്വീപസമൂഹങ്ങളുടെയും അവയെ
ചുറ്റിയൊഴുകുന്ന പെരിയാറിന്റെ കൈവഴികളുടെയും ജൈവികസ്വത്വം
നിറഞ്ഞുനില്ക്കുന്ന നിരവധി പെയിന്റിംഗുകളും ആന്റണി
കാറളിന്റേതായിട്ടുണ്ട്. ”മുന്‍നിശ്ചയപ്രകാരമല്ലാതെ, ഓരോ
പ്രോജക്റ്റിന്റെയും ആശയവും സ്വഭാവവുമനുസരിച്ചാണ് ഏതു രീതി വേണമെന്നു
നിശ്ചയിക്കുന്നത്. ഉദാഹരണമായി, ത്രിമാനതലം, ദ്വിമാനതലം, മ്യൂറലുകള്‍
എന്നിവ നിശ്ചയിക്കുന്നത്. അതിനനുസരിച്ച് മാധ്യമം (മെറ്റീരിയല്‍)
തീരുമാനിക്കുകയും അവയുടെ ഉപയോഗത്തിന്റെ ശൈലി നിശ്ചയിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ഓരോ സൃഷ്ടിയും പുതുമയുള്ള അനുഭവത്തിന്റെ
പ്രകാശനമാകുന്നു,” തന്റെ ശൈലീവൈവിധ്യത്തെയും തനിമയെയും കുറിച്ച് ആന്റണി
കാറള്‍ വിശദീകരിക്കുന്നു.
ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗ്ലാസ് മ്യൂറല്‍ രീതിയുടെ ഏറ്റവും
പുതുമയുള്ള നിര്‍മ്മിതിയാണ് പിറവം ഹോളിക്രോസ് ദേവാലയത്തിലെ അള്‍ത്താരയും
മുഖവാരത്തിന്റെ പൂജരാജാക്കന്മാരുടെ യാത്രയും. സിമന്റ്
ശില്പനിര്മ്മിതിയില് വളരെ വെല്ലുവിളി നിറഞ്ഞ മാതൃകയാണ് കൂനമ്മാവിലെ
സി.എം.സി. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തില്‍ ഇരുപതടി വലുപ്പത്തിലുള്ള
ശില്പങ്ങളും, ചെമ്പുമുക്ക് അസീസി വിദ്യാനികേതനിലുള്ള ദൈവദാസന് ജോസഫ്
അട്ടിപ്പേറ്റി പിതാവിന്റെ ഇരുപതടി ഉയരംവരുന്ന ഇരിക്കുന്ന നിലയിലുള്ള
ശില്പവും. ”എന്റെ എല്ലാ കലാനിര്‍മ്മിതികളും നിലവിലുള്ള കാഴ്ചമാതൃകകളില്
ഒതുക്കാതെയും, പുതിയ കാഴ്ചയിലേക്കും അനുഭവത്തിലേക്കും
എത്തിക്കുന്നതോടൊപ്പം സ്വന്തം സൃഷ്ടിപരതയെ നവീകരിക്കുന്നതിനും
കൂടിയുള്ളതാണ്,” കലാകരാന് പറയുന്നു.

