വാഷിംഗ്ടണ്‍ ഡിസി/ ഡമാസ്ക്കസ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷാരയുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ എണ്‍പതിലധികം ക്രിസ്ത്യൻ നേതാക്കൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്ത് കൈമാറി.
സിറിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടെയും ദുരവസ്ഥയില്‍ ഇടപെടല്‍ തേടിയാണ് കത്ത്. “സേവ് ദി പെർസെക്യൂട്ടഡ് ക്രിസ്ത്യന്‍സ്” എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അപേക്ഷ കൈമാറിയത്. സിറിയയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കത്ത് കൈമാറിയിരിക്കുന്നത്.
നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളില്‍ ട്രംപ് കാണിച്ച ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും അതിനാലാണ് സിറിയന്‍ ക്രൈസ്തവരുടെ വിഷയത്തിലും ഇടപെടല്‍ തേടിയിരിക്കുന്നതെന്നും കൊളറാഡോ ആസ്ഥാനമായുള്ള സംഘടനയുടെ പ്രസിഡന്റായ ഡെഡെ ലോഗെസെൻ ട്രംപിന് അയച്ച കത്തില്‍ പറയുന്നു.
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സിറിയയിലെ മതന്യൂനപക്ഷങ്ങൾ ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയുടെ അഭാവം നേരിടുന്നുവെന്നും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഐസിസ് ഭീകരർ ബന്ദികളാക്കിവെച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2011-ൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സിറിയയിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂട്ട ക്രിസ്ത്യൻ പലായനത്തിനും വിനാശകരമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തിനും ഇടയിൽ സിറിയയിൽ നിന്ന് ക്രീസ്തീയ വിശ്വാസം അപ്രത്യക്ഷമാകുകയാണെന്ന് അടുത്തിടെ സിറിയയിലെ ഹോംസ് ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് വെളിപ്പെടുത്തിയിരിന്നു.
2011-ൽ ഏകദേശം 2.1 ദശലക്ഷമുണ്ടായിരിന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 2024-ൽ ഏകദേശം 540,000 ആയി കുറഞ്ഞുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തിയിരിന്നു.

