ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാക്കിയ ചെങ്കോട്ട സ്ഫോടനത്തിൻ്റെ സൂത്രധാരനെ കണ്ടെത്തി അന്വേഷണ സംഘം . ‘ഉമര്‍ മുഹമ്മദ്’ ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിൻ്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഒന്നര വര്‍ഷം മുമ്പാണ് ഉമര്‍ ‘അല്‍ ഫലഹ്’ സര്‍വകലാശാലയില്‍ ജോലിക്കെത്തിയത്. സ്ഫോടനം നടന്ന ദിവസം ഉമര്‍ വീട്ടിൽ എത്തും എന്ന് അറിയിച്ചതായി ഉമറിൻ്റെ കുടുംബം പറഞ്ഞു. അതേസമയം, സ്ഫോടനം നടന്ന കാർ 11 മണിക്കൂറോളം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപത്ത് കാർ എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .
നവംബര്‍ 10ന് ഉച്ചക്ക് രണ്ട് മണിക്ക് കാര്‍ കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപം എത്തി. പാര്‍ക്കിങ്ങില്‍ നിന്നും യു ടേണ്‍ എടുത്ത് കാർ സിഗ്നലിന് സമീപത്തേക്ക് പോയി. തിരക്കേറിയ പല ഇടങ്ങളിലൂടെയും കാര്‍ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ കാണാനാവും. ഡിറ്റണേറ്റര്‍, നൈട്രേറ്റ് എന്നീ രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നാണ് സൂചന.
തീ കെടുത്താന്‍ വെള്ളം ഉപയോഗിച്ചത് രാസപരിശോധനയ്ക്ക് തടസമായെന്നാണ് വിവരം .
കാറില്‍ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതിന് തെളിവുകളൊന്നും ഇതുവരെയില്ല. ഇലക്ട്രിക് വയറുകളോ, ടൈമര്‍ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ, ലോഹ ചീളുകളോ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സ്ഫോടക വസ്തു ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. 40 എക്സിബിറ്റുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വേണ്ടി ഇതിനോടകം തന്നെ അയച്ചിട്ടുണ്ട്.
പരിശോധനയ്ക്കിടെ രണ്ട് വെടിയുണ്ടകളും കണ്ടെത്തി. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ജോലി ചെയ്തിരുന്ന അല്‍ ഫലാഹ് സര്‍വകലാശാല കേന്ദ്രീകരിച്ച് അന്വേഷണം നടന്ന്കൊണ്ടിരിക്കുകയാണ്. ഫരീദാബാദ് സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാരേയും എന്‍ഐഎ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി യോഗം ഇന്ന് വൈകീട്ട് നടക്കും.
പ്രതിയായ ഉമര്‍ നബി, 2011ലാണ് ഉമര്‍ എംബിബിഎസ് നേടിയത്. ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുകയായിരുന്നു ഇയാൾ. 2023ല്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിൽ അധ്യാപകനായി. ഇവിടെയാണ് അറസ്റ്റിലായ മുസമില്‍ പഠിച്ചതും ജോലി ചെയ്തതും. ഉമറിനെക്കുറിച്ചുള്ള വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് കുടുംബം പറയുന്നത്. അധികം സംസാരിക്കാത്ത വ്യക്തി കൂടിയായിരുന്നു ഉമർ.

