കൊച്ചി: സമൂഹത്തില്‍ പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യാശയായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി പാലാരിവട്ടത്ത് ആരംഭിച്ച കെസിയ ഹോപ് സെന്ററിന്റെ ഉദ്ഘാടനം കെസിയ ജോസഫ് തെരുവി പറമ്പില്‍ നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ ശ്രീമതി ജി പ്രിയങ്ക മുഖ്യാഥിയായിരുന്നു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്കുന്ന ഒരു ആശാ കേന്ദ്രമാണ് കെസിയ ഹോപ്പ് സെന്ററെന്നും, നിര്‍ധനരായ ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം ഒരുക്കി കൊടുക്കുന്ന ഈ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എംഡി. ടി.എ. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലാരിവട്ടം ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഇടവക വികാരി ഫാദര്‍ ജോജി കുത്തുകാട്ട് ആശീര്‍വാദ കര്‍മ്മം. നിര്‍വഹിച്ചു. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ മുഖ്യ സന്ദേശം നല്കി.
ഭവന രഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ അനേകം കുടുംബങ്ങള്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ പാര്‍പ്പിടം ഒരുക്കി സമൂഹത്തില്‍ പ്രതികൂല സാഹചര്യത്തില്‍ പെട്ട് പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയും, പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് പാര്‍പ്പിടവും ഒരുക്കി കൊണ്ട് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ഈ കെസിയ ഹോപ് സെന്ററിലൂടെയെന്ന് സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ വ്യക്തമാക്കി.
കണയന്നൂര്‍ താസില്ദാര് ജോസഫ് ആന്റണി ഹെര്‍ട്ടിസ്, ഡിവിഷന് കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട് , പാലാരിവട്ടം അര്‍പ്പിത കോണ്‍വെന്റ് പ്രതിനിധി സിസ്റ്റര്‍ ഏലിശ്വ വര്‍ക്കി, കോര്‍ഡിനേറ്റര്‍ ലില്ലി പോള്‍,ജോണ്സണ് സി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

