വത്തിക്കാൻ :യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പൊതുനന്മയ്ക്കായി സംഭാവന നൽകാനും കഴിയുമെന്ന് സമൂഹം ഉറപ്പുവരുത്തണമെന്നും അതിനായി ഏവരുടെയും കൂട്ടായ പ്രതിബദ്ധത ഏറെ ആവശ്യമാണെന്നും ലിയോ പതിനാലാമൻ പാപ്പാ. 2025 ജൂബിയോടനുബന്ധിച്ചു, നവംബർ എട്ടാം തീയതി വത്തിക്കാൻ ചത്വരത്തിൽ , പൊതുകൂടിക്കാഴ്ചാവേളയിൽ സന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം. ജൂബിലിയുടെ പ്രത്യാശ ദൈവത്തിന്റെ ആശ്ചര്യകരമായ പ്രവൃത്തികളിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും, നമ്മുടെ കാഴ്ചപ്പാടുകളിൽ നിന്നും, ദൈവീകകാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്നും പാപ്പാ സന്ദേശത്തിൽ പറഞ്ഞു. ഈ വൈവിധ്യത്തെ തിരിച്ചറിയാനും അതിനെ നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യാനുമുള്ള വിളിയാണ് ജൂബിലി വർഷം നൽകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
നമ്മുടെ ദൈവീക വിളിയെ തിരിച്ചറിയുന്നതിനും, കർത്താവ് എളിമയോടുകൂടി എപ്രകാരമാണ് നമുക്ക് സമീപസ്ഥനായതെന്നു മനസിലാക്കുവാനും സാധിക്കണമെന്നു വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ ഓർമ്മപ്പെടുത്തിയ പാപ്പാ, ദൈവത്തിന്റെ മാനദണ്ഡങ്ങൾ എപ്പോഴും താഴ്മയിൽ നിന്നുമാണ് ആരംഭിക്കുന്നതെന്ന് എടുത്തു പറഞ്ഞു.
പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്നും ആഫ്രിക്കയിലെ കോംഗോയിൽ മിഷനറിയായിരുന്ന ഇസിഡോർ ബകാഞ്ചയുടെ ജീവിതം എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ പറഞ്ഞു. 1885 ൽ ജനിച്ച അദ്ദേഹം, കത്തോലിക്കാ മിഷനറിമാരായ ട്രാപ്പിസ്റ്റ് സന്യാസിമാരുമായി വളർത്തിയ സൗഹൃദം, യേശുവിനെക്കുറിച്ച് അറിയുവാനും, ഇരുപതാം വയസ്സിൽ ക്രിസ്തീയ വിദ്യാഭ്യാസം നേടിയെടുക്കുവാനും, പിന്നീട് മാമ്മോദീസ സ്വീകരിക്കുവാനും അദ്ദേഹത്തെ ധൈര്യപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യത്തിന്റെ ജീവിതമായിരുന്നുവെന്നു പാപ്പാ പറഞ്ഞു. പുതിയ ജീവിതത്തിന് സാക്ഷ്യം വഹിക്കുമ്പോൾ , പ്രയാസങ്ങൾക്കിടയിലും വെളിച്ചം വീശുവാൻ നമുക്ക് സാധിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

