മുനമ്പം :മുനമ്പം ഭൂസമരം 393 )൦- ദിനത്തിലേക്ക് കടന്നു. ശനിയാഴ്ച കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് എബിൻ കണി വയലിന്റെ നേതൃത്വത്തിൽ സംസ്ഥാന,രൂപത നേതൃത്വം മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു.
ഒക്ടോബർ മാസം പത്താം തീയതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുനമ്പം തീരപ്രദേശം വഖഫ് സ്വത്തല്ല എന്ന വിധി പുറപ്പെടുവിച്ചതോടുകൂടി തീര ജനത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാണ് കേരള പൊതുസമൂഹം കരുതിയിരിക്കുന്നതെന്നും ശാശ്വതമായ പരിഹാരം ലഭിച്ചിട്ടില്ല എന്നത് സങ്കടകരമാണെന്നും അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കത്തോലിക്കാ സഭയുടെ മൂന്ന് റീത്തുകളിലേയും യുവജനങ്ങളെ സംഘടിപ്പിച്ച് കെസിവൈഎം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും എബിൻ കണിവയലിൽ കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോബിൻ ജോസ്, ലാറ്റിൻ സംസ്ഥാന പ്രസിഡണ്ട് പോൾ ജോസ് പടമാടൻ, കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൺ ആൽബി, സെക്രട്ടറി ജെൻസൺ ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവ്യർ തറയിൽ, ഫാ: മോൺസി വർഗീസ് അറക്കൽ, ജോസഫ് ബെന്നി കുറുപ്പശ്ശേരി, എമേഴ്സൻ തേമാലി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മേരി റോക്കി,ബിന്ദു കുഞ്ഞപ്പൻ,മേരി ആന്റണി, ബീന ഷാജൻ, സിന്ധു ജോളി തുടങ്ങിയവർ നിരാഹാരമനുഷ്ഠിച്ചു.

