ലേഖനം / സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ സിറ്റിസി
1831 ഒക്ടോബർ 15-ന്, തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടു മക്കളിൽ
ആദ്യസന്താനമായി ഓച്ചന്തുരുത്തിലെ വൈപ്പിശ്ശേരി കുടുംബത്തിൽ ഏലീശ്വ
ജനിച്ചു. വീട്ടിലിരുന്ന് അഭ്യസിച്ച അറിവ് പിൽക്കാലത്ത് ഒരു
സമൂഹത്തിന്റെ മുഴുവൻ വെളിച്ചമായി പ്രസരിപ്പിക്കാൻ ഏലീശ്വാമ്മയ്ക്ക്
കഴിഞ്ഞു. 1847-ൽ പതിനാറാം വയസ്സിൽ വിവാഹാന്തസ്സിലേക്ക് പ്രവേശിച്ച്
1851 അവസാനത്തോടെ വൈധവ്യം എറ്റുവാങ്ങി. ഓച്ചന്തുരുത്തിലേയ്ക്ക് തിരികെ
പോകാനും രണ്ടാം വിവാഹം കഴിക്കാനും മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലും
പതറാതെ ഭർതൃഗൃഹമായ കൂനമ്മാവ് വാകയിൽ വീട്ടിൽത്തന്നെ പ്രാർഥനയിലും
ധ്യാനത്തിലും ജീവിതം കഴിച്ചു. 1852 മുതൽ പ്രാർഥനയിലും തപശ്ചര്യയിലും
ജീവിച്ച് റ്റിഒസിഡി സന്ന്യാസിനീസഭയ്ക്ക് വിശ്വാസത്തിന്റെ ആഴത്തിൽ
പാറമേൽ അടിസ്ഥാനമിട്ടു. മദർ ഏലീശ്വ ദൈവസ്നേഹാഗ്നിയിൽ സ്ഫുടം
ചെയ്യപ്പെട്ട സ്വർണമാണ്. അവളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ
ദൈവസ്നേഹം നിറഞ്ഞുനിന്നു.

സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ മദർ ഏലീശ്വയുടെ നാമകരണ
നടപടികൾക്കായുള്ള അഡ്മിനിസ്ട്രേറ്ററും തെരേസ്യൻ കർമലീത്താ
സമൂഹത്തിന്റെ ജനറൽ കൗൺസിലറുമാണ്
19-ാം നൂറ്റാണ്ടിൽ, സമൂഹത്തിന്റെ പരിമിതികൾക്കുള്ളിൽ സ്ത്രീ
സ്വതന്ത്രയായിരുന്നില്ല. എങ്കിലും വിവാഹത്തിനും ഹ്രസ്വമായ
കുടുംബജീവിതത്തിനും ശേഷം, 20 വയസ്സു മാത്രമുള്ള യുവവിധവയായ ഏലീശ്വമ്മ
മാറിചിന്തിക്കാനും ദൈവശുശ്രൂഷയിലൂടെ ജനങ്ങളെ സേവിക്കാനും തീരുമാനിച്ച ഒരു
വലിയ ത്യാഗത്തിന്റെ 159 വർഷങ്ങൾ പൂർത്തിയാകുന്ന അവസരത്തിലാണ്
നമ്മൾ ഇന്ന്. ഈ നൂതന കാല്വയ്പ്പും സ്വന്തം സുഖവും സന്തോഷവുമൊക്കെ
ത്യജിക്കാനുള്ള ധീരതയും കേരളത്തിലെ സ്ത്രീകൾ എന്നും ഓർക്കേണ്ടതും
മാതൃകയാക്കേണ്ടതുമാണ്.
പുണ്യങ്ങളുടെ സൗരഭ്യം
ക്രിസ്തുവിന്റെ പാത ഭൗതികമായ സുരക്ഷിതത്വത്തിന്റെ പാതയല്ലെന്നു
വ്യക്തമായി മനസ്സിലാക്കി നാഥനെ അടുത്തനുഗമിച്ച മദർ ഏലീശ്വ,
കേരളസമർപ്പിതർക്ക് മുന്നോടി മാത്രമല്ല, തിളക്കമേറിയ മാതൃക കൂടിയാണ്.
ഒരു സമർപ്പിത എത്തിച്ചേരേണ്ട ആത്മനിഗ്രഹത്തിന്റെയും
ആത്മാവബോധത്തിന്റെയും മാതൃകയായി ദൈവപരിപാലനത്തിന്റെ നിഗൂഢസൗന്ദര്യം
അനുഭവിച്ചുകൊണ്ട് അമ്മ മുന്നേറി.
82 വർഷങ്ങൾ നീണ്ട ജീവിതം നിശ്ശബ്ദപ്രാർഥനയുടെയും ആധ്യാത്മികസന്തോഷത്തിന്റെയും ഒരു
തീർഥയാത്രയായി അമ്മ അനുഭവിച്ചു. അറിയപ്പെടാനും പ്രശസ്തി ആർജിക്കാനും
ആഗ്രഹിക്കാതെ ദൈവസ്നേഹത്തിൽ നിഗൂഢമായിരുന്ന് താഴ്മയുടെ പാഠങ്ങൾ
അഭ്യസിക്കാൻ കഴിഞ്ഞ ഏലീശ്വാമ്മ സുവിശേഷഭാഗ്യങ്ങൾ അനുഭവിച്ചവളാണ്.
മദർ എലീശ്വ തന്റെ അനുയായികളോടൊപ്പം ജീവിക്കുകയും പങ്കുവയ്ക്കുകയും
ചെയ്ത പ്രത്യേക സിദ്ധിയുടെ ദർശനങ്ങൾ അവളുടെ പ്രബോധനങ്ങളിൽ
കാണാനാകും. മദർ ഏലീശ്വയുടെ സിദ്ധിപരമായ അനുഭവങ്ങളും അതിന്റെ ഫലങ്ങളും
സന്ന്യാസിനിമാർക്കായുള്ള വാക്കാലുള്ള മാർഗദർശനങ്ങളിലും
നിർദേശങ്ങളിലും അനുശാസനങ്ങളിലും തെറ്റുതിരുത്തലുകളിലും ദർശിക്കാം. ഈ
ഉപദേശങ്ങളെല്ലാം തന്നെ ‘പ്രബോധനങ്ങൾ’ എന്ന പുസ്തകത്തിലൂടെ
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏലീശ്വാമ്മ സ്വന്തം ജീവിതമാതൃകയിലൂടെയാണ് തന്റെ സഹോദരിമാർക്ക് ഉത്തേജനം
നല്കിയിരുന്നത്. സഭാനിയമങ്ങൾ കാക്കുന്നതിനും അവയെ സ്നേഹിക്കുന്നതിനും
തന്റെ മക്കളെ അമ്മ ഉദ്ബോധിപ്പിക്കുമ്പോൾ, ആദ്യംതന്നെ അവയെല്ലാം
സ്വജീവിതത്തിൽ സ്വാംശീകരിച്ചിരുന്നു.
ശ്രേഷ്ഠമായ കർമലീത്താസിദ്ധിയിൽ സഹോദരിമാരെ വാർത്തെടുക്കുന്നതിനായി അമ്മ
സ്വീകരിച്ച മാർഗം സ്നേഹവും സഹനവുമായിരുന്നു. ഒരു കന്യാസ്ത്രീ
വിശുദ്ധയാകാൻ നല്ല വഴികൾ തിരഞ്ഞെടുത്ത് അതനുസരിച്ചു ജീവിക്കണം.
കൂടക്കൂടെ കൂദാശകൾ സ്വീകരിക്കണം. ദിവസേന ധ്യാനം നന്നായി കഴിക്കണം.
ആന്തരികവും ബാഹ്യവുമായ സ്വയനിഗ്രഹവും തപസ്സും അനുഷ്ഠിക്കണം.
നിന്ദാപമാനങ്ങളെയും ദാരിദ്ര്യത്തെയും സ്നേഹിക്കണം. എന്നാൽ ഏറ്റവും
ശ്രദ്ധിക്കേണ്ടത് ഒരു കന്യാസ്ത്രീ പുണ്യവതിയും ഈശോമിശിഹായുടെ പ്രിയമുള്ള
മണവാട്ടിയും ആകാൻ നാമമാത്രകന്യാസ്ത്രീ ആയിരുന്നാൽ പോരാ എന്നതാണ്.
ഏലീശ്വാമ്മ സ്വന്തം ജീവിതപ്രശ്നങ്ങളെ സധൈര്യം നേരിട്ടിരുന്നു. പിന്നീട്
അമ്മ തന്റെ സഹോദരിമാരെ ഇപ്രകാരം ഉപദേശിക്കുമായിരുന്നു: ”പീഡകളും
മറ്റുള്ളവരിൽനിന്നുണ്ടാകുന്ന നിന്ദകളും കുറ്റപ്പെടുത്തലുകളും ക്ഷമയോടും
സമാധാനത്തോടുംകൂടെ സഹിക്കണം. ഏതേത് അല്പമായ പ്രവൃത്തിയും
കീഴ്വഴക്കത്തെപ്രതി ചെയ്യുമ്പോൾ അതൊക്കെ വളരെ വിലയേറിയ സ്വർണവും
രത്നവും പോലെ ദൈവതിരുമുൻപാകെ മഹാവിലയും യോഗ്യതയുമുള്ളവയായിരിക്കുന്നു.
ഓരോ ദിവസവും നാം എഴുന്നേല്ക്കുമ്പോൾത്തന്നെ കർത്താവിനെ
പ്രസാദിപ്പിക്കാൻ വേണ്ടി എന്തുചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും
വിചാരിച്ച് കുറെ താൽപര്യം വച്ചാൽ നമ്മൾ പുണ്യത്തിൽ
വർധിക്കുന്നതിനിടയാകും.”
നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും പ്രാധാന്യത്തെക്കുറിച്ച് മദർ ഏലീശ്വ
കൂടുതൽ ബോധവതിയായിരുന്നു. ശാന്തതയിലാണ് ദൈവത്തിന്റെ പ്രചോദനങ്ങൾ
വ്യക്തമാകുന്നത് എന്ന് അമ്മ മനസ്സിലാക്കിയിരുന്നു. മാടപ്രാവുകൾ മറ്റു
പക്ഷികളിൽനിന്ന് ഓടിഒളിച്ച് ഏകാന്തതയെ സ്നേഹിക്കുന്നു. അതുപോലെ
സഹോദരിമാരും ഏകാന്തതയ്ക്കായി ദാഹിക്കണം എന്ന് അമ്മ ഉപദേശിക്കുന്നു.
ഏകാന്തതയിൽ ദൈവത്തെ തേടാനും ദൈവസായുജ്യത്തിൽ ആയിരിക്കാനും ഏലീശ്വ
അഗ്രഹിക്കുകയും അതിനുള്ള പോംവഴികൾ കണ്ടെത്തുകയും ചെയ്തു. ഋഷിമാരെപ്പോലെ
ഗുഹയിലിരുന്ന് നാം പ്രാർഥിക്കണം എന്നവൾ സന്ന്യാസിനി ആകുന്നതിനു
മുമ്പുതന്നെ പറഞ്ഞിരുന്നു. ആ ആഗ്രഹം തൃപ്തിപ്പെടുത്താനാണ് കളപ്പുരയിൽ
ഒരു മുറി പലകകൾവച്ചു തിരിച്ച് ഒരു ഗുഹയുടെ സാദൃശ്യത്തിൽ അവയിലിരുന്ന്
പരിപൂർണ നിശ്ശബ്ദതയിലും ഏകാന്തതയിലും കൂനമ്മാവ് പള്ളിയിലെ പരിശുദ്ധ
കുർബാനയ്ക്കുനേരേ തിരിഞ്ഞിരുന്ന് മണിക്കൂറുകൾ പ്രാർഥിച്ചിരുന്നത്.
ഇങ്ങനെയൊരു പ്ലാൻ ഉണ്ടാക്കാൻ അവർക്ക് പ്രചോദനം നല്കിയത്
പരിശുദ്ധാത്മാവാണ്. സന്ന്യാസിനിയാകുന്നതിനു മുൻപുതന്നെ
ധ്യാനാത്മകജീവിതം നയിച്ചവൾ മാനസികപ്രാർഥനയുടെ ഉന്നതപദവികൾ
ചവിട്ടിക്കയറി.
സന്ന്യാസം എന്തെന്നു വ്യക്തമായി അറിയാതിരുന്നൊരു കാലത്ത്
മാനസികപ്രാർഥനയെക്കുറിച്ച് വളരെ വിദഗ്ധമായി പഠിപ്പിക്കുകയും അവയിൽ
വരുന്ന വിഘ്നങ്ങൾ, ഉയർച്ചതാഴ്ചകൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി
താക്കീത് നല്കുകയും പ്രാർഥനയിൽ മന്ദോഷ്ണത്തിൽപ്പെടാതിരിക്കാനുള്ള
മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തുകൊണ്ട് നലംതികഞ്ഞ ഒരു
ദൈവശാസ്ത്രപണ്ഡിതയെപ്പോലെ സമൂഹാംഗങ്ങൾക്ക് ഉപദേശങ്ങൾ നല്കുന്നത് അമ്മ
എഴുതിവച്ചിരിക്കുന്ന പുസ്തകത്തിൽനിന്ന് നമുക്ക് വായിച്ചറിയാൻ
സാധിക്കും. വ്രതജീവിതമേറ്റെടുത്ത തന്റെ സഹോദരിമാരെ അമ്മ എപ്പോഴും
ഓർമിപ്പിച്ചിരുന്നു: ”ലോകം തരാൻ മനസ്സായിരുന്ന എല്ലാ സന്തോഷങ്ങളെയും
എല്ലാ നന്മകളെയും നിങ്ങൾ ഉപേക്ഷിച്ചു. ഇപ്രകാരമായിരിക്കുകയിൽ
നിങ്ങളുടെ ഹൃദയത്തിൽ ഏതെങ്കിലും വസ്തുക്കളോട് കൂടുതൽ സ്നേഹം
വച്ചുപുലർത്തുകയാണെങ്കിൽ, നിങ്ങൾ ഉപേക്ഷിച്ച ലോകത്തിലേക്കുതന്നെ
പിൻതിരിയുകയും ഈശോയ്ക്ക് വലിയ വെറുപ്പ് വരുത്തിവയ്ക്കുകയും
ചെയ്യുകയായിരിക്കും ഫലം.”
‘നാം അപേക്ഷിക്കുമെങ്കിൽ ദൈവാനുഗ്രഹത്താൽ നമുക്ക് കിട്ടുവാൻ
വഹിയാത്ത യാതൊന്നുമില്ല’ എന്ന് അമ്മ പൂർണമായി വിശ്വസിച്ചിരുന്നു. എളിമ,
അനുസരണം, ഉപവി, ദാരിദ്ര്യം എന്നീ പുണ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്
അമ്മ തന്റെ മക്കളെ മനസ്സിലാക്കിയിരുന്നു. ”കീഴ്വഴക്കമെന്ന പുണ്യം
നമ്മുടെ ആത്മാവിന്റെ ജീവനും ധൈര്യവും രക്ഷയുമാകുന്നു. ഒരു പുണ്യവതി
ആകുവാൻ ആഗ്രഹിക്കുന്ന കന്യാസ്ത്രീ എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സിന്
തന്റെ മനസ്സിനെ ഒന്നിപ്പിക്കുകയും കീഴ്വഴങ്ങുകയും ചെയ്യണം. തനിക്കു
വന്നുകൂടുന്ന അസുഖങ്ങൾ, വിരോധങ്ങൾ മുതലായ ക്ലേശങ്ങളിൽ
സമാധാനത്തോടുകൂടെ ദൈവതിരുമനസ്സുപോലെ ആകട്ടെ എന്നു ചൊല്ലുക.” ഇപ്രകാരം
നലം തികഞ്ഞ ഒരു ആധ്യാത്മിക അടിത്തറയിട്ട് നല്കി കേരളസഭയിലെ
സ്ത്രീകൾക്ക് സന്ന്യാസ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ ഒരു തുറന്ന
വാതിലായി നിലകൊണ്ട ആദ്യ സമർപ്പിതയുടെ വിശുദ്ധിയുടെ മാറ്റുരച്ചു നോക്കുക
എത്രയോ അനിവാര്യമാണ്. വർഷങ്ങൾ നീണ്ട പഠനങ്ങളും വിലയിരുത്തലുകളുമാണ്
2008-ൽ ദൈവദാസി പദവിയിൽ എത്തിനിന്നത്. വീണ്ടും വർഷങ്ങൾ കഴിഞ്ഞ്
ഇന്ന് വാഴ്ത്തപ്പെട്ട പദവിയിൽ എത്തിനില്ക്കുമ്പോൾ കടന്നുപോയ വിവിധ
തലങ്ങളെക്കുറിച്ചു വിവരിക്കുക ഏറെ അർഥപൂർണ്ണമാണ്.
നാമകരണ നടപടികളുടെ വിവിധ തലങ്ങളിലൂടെ
മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ പ്രാരംഭ തലത്തിൽ റോമിൽ നിന്ന്
അംഗീകാരം ലഭിക്കുന്നതിനായി തയ്യാറാക്കിയ ജീവചരിത്രം മുതൽ ഈ നടപടികളുടെ
ഭാഗമാകുവാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ഏലീശ്വാമ്മയുടെ പ്രത്യേക അനുഗ്രഹവും
ആയിട്ടാണ് ഞാൻ കാണുന്നത്.
വർഷങ്ങൾ നീണ്ട നാമകരണ നടപടികളുടെ
പ്രാരംഭതല പഠനങ്ങളും പ്രവർത്തനങ്ങളുമാണ് 2007 നവംബറിൽ ഡാനിയേൽ
അച്ചാരുപറമ്പിൽ മെത്രാപ്പോലീത്ത റോമിലേക്ക് അയച്ച Libellus.
പോസ്റ്റുലേറ്ററിന്റെയും മെത്രാപ്പോലീത്തയുടെയും അപേക്ഷയും സംക്ഷിപ്ത
ജീവചരിത്രവും പുണ്യങ്ങളെക്കുറിച്ചുള്ള വിവരണവും സാക്ഷികളൂടെ ലിസ്റ്റും
ഏതാനും ചരിത്ര രേഖകളും ആണ് ഇതിന്റെ ഉള്ളടക്കം. രൂപതാതല നടപടികൾ
ആരംഭിക്കാൻ ഉളള അനുമതി പത്രമാണ് Nihil Obstat. നാമകരണ നടപടികൾ
ഔദ്യോഗികമായി ആരംഭിക്കാൻ യതൊരു തടസ്സവും നിലനില്ക്കുന്നില്ല (no
objection) എന്നതാണ് ഇത്. മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ
ആദ്യപോസ്റ്റുലേറ്ററായിരുന്ന റവ. ഡോ. ആന്റണി പിൻഹീറൊ ഒസിഡി അച്ചനാണ്
അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന ഡാനിയേൽ അച്ചാരുപറമ്പിൽ
ഒസിഡിക്ക്, എലീശ്വാമ്മയുടെ ജീവിതവും പ്രവർത്തനവും പുണ്യങ്ങളുടെ
കീർത്തിയും ഉൾപ്പെടുത്തി തയ്യാറാക്കിയ ജീവചരിത്രവും സാക്ഷികളുടെ
ലിസ്റ്റും ഏലീശ്വാമ്മയുടെ കൈയ്യെഴുത്തുപ്രതികളുടെ തർജ്ജമയും
ഉൾപ്പെട്ട അപേക്ഷ സമർപ്പിച്ചത്. സിറ്റിസി സഭയുടെ ജനറൽ കൗൺസിലർ
ആയിരുന്ന സിസ്റ്റർ ഫ്രാൻസീന ആദ്യ വർഷത്തിൽ
പ്രാരംഭതലപ്രവർത്തനങ്ങളിൽ ആന്റണി പിൻഹീറോ അച്ചനോട് സഹകരിച്ചു
പ്രവർത്തിച്ചിരുന്നു.
റോമിലെ പഠനത്തിന്റെയും വിലയിരുത്തലുകളുടെയും ഫലമായി 2008 മാർച്ച് 6-ന്
Nihil Obstat ലഭിച്ചു. 2008 മെയ് മാസം 30-ന് ഡാനിയേൽ മെത്രാപ്പോലീത്ത
Libellus പ്രസിദ്ധപ്പെടുത്തി വരാപ്പുഴ അതിരൂപതയിൽ ദൈവദാസി എന്ന
പ്രഖ്യപനം ചെയ്തു. അത് രൂപതാതല നാമകരണ നടപടികളുടെ ആദ്യ സെഷനായി
നാമകരണകോടതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. 2008 മെയ് മാസത്തിലെ ദൈവദാസി
പദപ്രഖ്യാപനത്തോടെ ആരംഭിച്ച രൂപതാതല പ്രവർത്തനങ്ങളുടെ ഭാഗമായി
സാക്ഷികളുടെ മൊഴി ശേഖരിക്കാൻ ആരംഭിച്ചു. എന്നാൽ 2009 ഒക്റ്റോബറിൽ
മെത്രാപ്പോലീത്ത മരണമടഞ്ഞു. പോസ്റ്റുലേറ്ററായിരുന്ന ആന്റണി പിൻഹീറോ
അച്ചൻ റോമിലേയ്ക്ക് വൈസ് പോസ്റ്റുലേറ്ററായി നിയമിതനായതിനാൽ മദർ
ഏലീശ്വയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ സ്ഥാനത്തിൽ നിന്നു
വിരമിച്ചു. രോഗത്താൽ ക്ഷീണിതനായിരുന്ന എപ്പിസ്കോപ്പൽ പ്രതിനിധി
മോൺ. ബ്രൂണൊ വി. ചെറുകോടത്ത് മരണമടഞ്ഞു. അതിനാൽ ഒമ്പതു മാസത്തോളം
നടപടികൾ തടസ്സപ്പെട്ടു. ഇതിനിടയിൽ റോമിൽ വച്ച് ആന്റണി അച്ചനും
ദിവംഗതനായി. രൂപതാതല നാമകരണ നടപടികളുടെ പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് റവ.
ഫാ. ഫ്രാൻസിസ് നെൽസൻ ലിബേരയും നോട്ടറി റവ. സിസ്റ്റർ വിനീത
സിഎസ്എസ്റ്റിയും വൈസ് നോട്ടറി സിസ്റ്റർ കൊച്ചുത്രേസ്യ എസ്എംഐയും
ആയിരുന്നു.
2010 ജൂലൈ മാസത്തോടെ പുതിയ ആർച്ച്ബിഷപ്പായ ഡോ. ഫ്രാൻസിസ് കല്ലറക്കൽ
പിതാവിന്റെ മുൻപിൽ പുതിയ നിയമനങ്ങൾക്കായി അപേക്ഷകൾ
സമർപ്പിച്ചു. റവ. ഫാ. ജേക്കബ് പള്ളിപ്പറമ്പിൽ ഒസിഡി എപ്പിസ്കോപ്പൽ
ഡെലഗേറ്റായും സിസ്റ്റർ സൂസി കിണറ്റിങ്കൽ പോസ്റ്റുലേറ്ററായും
നിയമിതരായി സത്യപ്രതിജ്ഞ ചെയ്തു. അതുവരെ നടന്ന കാര്യങ്ങൾ വിലയിരുത്തി
എല്ലാ കുറവുകളും നികത്തി നാമകരണ നടപടികൾ കൂടുതൽ ക്രമത്തോടും
ഊർജ്ജസ്വലതയോടും കൂടെ വീണ്ടും ആരംഭിച്ചു. നടപടിക്രമങ്ങൾ റ്റൈപ്പ്
ചെയ്യുന്നതിനായി മിസ് മേരി റ്റെസ്ലിനെ റ്റൈപ്പിസ്റ്റായും തർജ്ജമ
നിർവ്വഹിക്കുന്നതിനായി സിസ്റ്റർ റോസ്മിറ്റി സിറ്റിസിയെ
ട്രാൻസലേറ്ററായും നിയമിച്ചു.
ഒപ്പം വളരെ ആധികാരികതയോടെ കാണപ്പെട്ട ഒരു
അദ്ഭുത രോഗശാന്തി മെഡിക്കൽ തലത്തിൽ പഠിക്കുന്നതിനായി
മെത്രാപ്പോലീത്തയ്ക്ക് അപേക്ഷ സമർപ്പിച്ചു. വിദഗ്ധ ഡോക്ടർമാരായ
ഷെവലിയർ ഡോ. ഹെൻ റി ആഞ്ഞിപ്പറമ്പിൽ, ഡോ. പോളി സെബാസ്റ്റ്യൻ
എന്നിവരെ വെവ്വേറേ നിയമിച്ചു; അവരുടെ സത്യപ്രതിജ്ഞയും നടത്തി. 2010
മുതൽ 2014 വരെ ഹിസ്റ്റോറിക്കൽ കമ്മിഷൻ, തിയോളോജിക്കൽ
സെൻസേഴ്സ്, മെഡിക്കൽ വിദഗ്ധർ, സാക്ഷി വിസ്താരം, റ്റൈപ്പിംഗ്,
തർജ്ജമ, തിരുത്തൽ തുടങ്ങിയ എല്ലാ ജോലികളും ഒരേസമയം
മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു.
ഇതിനിടെ മദർ ഏലീശ്വയുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട എല്ലാവരും
ഉന്നത സ്ഥാനങ്ങളിലേയ്ക്ക് നിയമിക്കപ്പെട്ടു. തിയോളജിക്കൽ സെൻസർ
ആയിരുന്ന ഫാ. സെൽവിസ്റ്റർ പൊന്നുമുത്തൻ പുനലൂർ രൂപതയുടെ
മെത്രാനായി. റവ. ഡോ. അഗസ്റ്റിൻ മുല്ലൂർ ആഗോള കർമലീത്താ സഭയുടെ
ഡെഫിനിറ്റർ ജനറൽ ആയി തിരഞ്ഞടുക്കപ്പെട്ടു. ഹിസ്റ്റോറിക്കൽ
കമ്മിഷൻ മെംബർ ആയ ഡോ. പ്രിമൂസ് പെരിഞ്ചേരി ഷെവലിയാർ പദവിയ്ക്ക്
അർഹനായി. റവ. ഫാ. ജോർജ് വെളിപ്പറമ്പിൽ മോൺസിഞ്ഞോർ സ്ഥാനത്തിന്
അർഹനായി.
രണ്ടാമത്തെ എപ്പിസ്കോപ്പൽ ഡെലഗേറ്റ് ആയ ജേക്കബ്
പള്ളിപ്പറമ്പിൽ ഒസിഡി അച്ചൻ മഞ്ഞുമ്മൽ പ്രൊവിൻസിന്റെ
പ്രൊവിഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. നോട്ടറി ഡോ. സിസ്റ്റർ വിനീത
സിഎസ്എസ്റ്റി സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ആയി
നിയമിക്കപ്പെട്ടു. നാമകരണ നടപടികളുടെ പ്രൊമോട്ടർ ഓഫ് ജസ്റ്റിസ്
ആയിരുന്ന റവ. ഫാ. നെൽസൺ ലിബേര അമേരിക്കയിലേയ്ക്ക് പോയതിനാൽ
പിന്നീട് റവ. ഫാ. തോമസ് ഒളാട്ടുപുറത്ത് ഒസിഡിയെ പ്രൊമോട്ടർ ഓഫ്
ജസ്റ്റിസ് ആയി നിയമിച്ചു. ഇങ്ങനെ എല്ലാവരും തിരക്കുകളിൽ ആയതിനാൽ
നാമകരണ നടപടികളുടെ എല്ലാ ജോലികളൂം സാവധാനത്തിൽ ആയിപ്പോയി. എങ്കിലും
2013 – 2014ലെ കഠിന പരിശ്രമങ്ങളുടെ ഫലമായി നവംബർ മാസം രൂപതാതല
നടപടികളും ഒപ്പം അത്ഭുത രോഗശാന്തിയുടെ പഠനവും വളരെ വിദഗ്ധമായി തന്നെ
പൂർത്തിയാക്കി. രൂപതാതല നാമകരണക്കോടതി മദർ ഏലീശ്വയുടെ ജീവിതവും
പ്രവർത്തനങ്ങളും പഠനങ്ങളും പുണ്യജീതവും പുണ്യങ്ങളുടെ കീർത്തിയും
ജിവിച്ചിരുന്നപ്പോഴും മരണശേഷവും മദറിനെക്കുറിച്ച് പറയപ്പെട്ടതും
എഴുതപ്പെട്ടതും എല്ലാം നിയമപരമായി ആധികാരികത ഉറപ്പുവരുത്തി ശേഖരിക്കുകയും
റോമിൽ സമർപ്പിക്കുകയും ചെയ്തു.
2014 നവംബർ 5നാണ് രൂപതാതല നടപടികൾ
ഔദ്യോഗികമായി പര്യവസാനിപ്പിച്ച് എല്ലാ രേഖകളും അടക്കപ്പെട്ട സീൽ ചെയ്ത
ട്രാൻസ്ക്രിപ്റ്റ്, പബ്ളിക് കോപ്പി എന്നീ പെട്ടികൾ റോമിൽ
സമർപ്പിച്ചത്. നാമകരണ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച് ഇന്ന് പരലോക
പ്രാപ്തരായിരിക്കുന്ന ഡാനിയേൽ അച്ചാരുപറമ്പിൽ മെത്രാപ്പോലീത്ത,
മോൺ. ബ്രൂണോ വി. ചെറുകോടത്ത്, മോൺ. ജോർജ് വെളിപ്പറമ്പിൽ, റവ. ഡോ.
ഫ്രാൻസിസ് പേരേപ്പറമ്പിൽ ഒസിഡി, റവ. ഡോ. ആന്റണി പിൻഹീറോ ഒസിഡി
എന്നിവരെ നന്ദിയോടും പ്രാർഥനയോടും സിറ്റിസി സഭ എന്നും ഓർക്കുന്നു.
2015 മാർച്ച് 25-ന് റോമിൽ വിവിധ തലങ്ങളിലുള്ള പഠനങ്ങളും
വിലയിരുത്തലുകളും ഔദ്യോഗികമായി ആരംഭിച്ചു. ജൂലൈ മാസത്തിലെ
കോരിച്ചൊരിയുന്ന മഴക്കാലത്ത് മദർ ഏലീശ്വ സ്വർഗപ്രവേശം ചെയ്തതിന്റെ
ഓർമ്മയെന്നോണം മദർ എലീശ്വയുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ
ചടങ്ങുകൾക്കും ഏതു മാസത്തിലായിരുന്നാലും വലിയ മഴയുടെ അകമ്പടി ഉണ്ടാകും
എന്നത് ഒരു പ്രത്യേകതയായി എല്ലാവരും എടുത്തുപറയാറുണ്ട്. അത് 2015
മാർച്ച് 25-ന് റോമിലും ആവർത്തിക്കപ്പെട്ടു. റോമിലെ പ്രാരംഭതല
പഠനങ്ങൾക്കു ശേഷം നാമകരണ നടപടിയുടെ ക്രമച്ചട്ടങ്ങളും നാമകരണ
നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ നിയമങ്ങൾക്കനുസരിച്ചുള്ള
ആധികാരികതയും ഘടനയും രേഖകളുടെ സമ്പുർണ്ണതയും ഒക്കെ വിലയിരുത്തിയ
ശേഷമാണ് രൂപതാതല പ്രക്രിയയുടെ ആധികാരികത ഡിക്കാസ്റ്ററി
അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി പുറപ്പെടുവിക്കുന്നത്.
അതിനുശേഷം External Collaborator എന്ന നിലയിൽ 3000-ത്തോളം പേജുകൾ വരുന്ന രൂപതാതല
നടപടികൾ മുഴുവൻ വായിച്ച് ക്രോഡീകരിച്ച് അവയിലെ എല്ലാ വിവരങ്ങളൂം
ഉൾപ്പെടുത്തി Summarium Testium, ജീവചരിത്രം (Biografia) പുണ്യങ്ങളും
(Informatio) കയ്യെഴുത്തുപ്രതികളും ഏലീശ്വാമ്മയെക്കുറിച്ച് മറ്റുള്ളവർ
എഴുയിട്ടുള്ളതെല്ലാം (Summarium Documentorum) എന്നീ ഭാഗങ്ങളെല്ലാം
ഉൾപ്പെടുത്തി ഡിക്കാസ്റ്ററിയുടെ ക്രമങ്ങളും ചട്ടങ്ങളുമനുസരിച്ച് നാം
തയ്യാറാക്കി ഡിക്കാസ്റ്ററിക്ക് സമർപ്പിക്കുന്നതാണ് POSITIO SUPER VITA
VIRTUTIBUS ET FAMA SANCTITATIS എന്ന ഗ്രന്ഥം. 850 പേജുകളുള്ള
പൊസിസ്സ്യൊ നാം 2019 ജൂൺ മാസം പൂത്തിയാക്കി ഡിക്കാസ്റ്ററിയുടെ
തുടർപഠനങ്ങൾക്കായി നല്കിയിരുന്നു. വിശദമായ പഠനങ്ങൾക്കും
വിശകലനങ്ങൾക്കും ശേഷം എല്ലാ പണ്ഡിതന്മാരുടെയും റിപ്പോർട്ടിന്റെ
മേലുള്ള ചർച്ചകളുടെയെല്ലാം പരിസമാപ്തിയിൽ മദർ ഏലീശ്വയുടെ ജീവിതവും
പ്രവൃത്തികളും പ്രബോധനങ്ങളും വിരോചിതമായ പുണ്യങ്ങളും പുണ്യങ്ങളുടെ
കീർത്തിയും എല്ലാം ഉൾക്കൊള്ളിച്ച് POSITIO SUPER VITA VIRTUTIBUS ET
FAMA SANCTITATIS വത്തിക്കാനിലെ നാമകരണ നടപടികൾക്കായൂള്ള ഡിക്കാസ്റ്ററി
ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.
ഹിസ്റ്റോറിക്കൽ, തിയോളജിക്കൽ തലങ്ങളിലുള്ള പല ഗ്രൂപ്പുകളിലുള്ള
പണ്ഡിതരായ അനേകം വ്യക്തികളുടെ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ്
പൊസിസ്സ്യൊ (Positio) ആധികാരികമായി അംഗീകരിക്കുന്നത്. കത്തോലിക്കാ
സഭയുടെ വിശ്വാസങ്ങൾക്കും പഠനങ്ങൾക്കും സന്മാർഗ്ഗികതയ്ക്കും
വിരുദ്ധമായി ഒന്നും കണ്ടെത്താൻ ആവില്ല എന്ന് ഉറപ്പുവരുത്തുന്നതോടോപ്പം
സഭയിൽ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവികപുണ്യങ്ങളും വിവേകം,
നീതി, മിതത്വം, ആത്മധൈര്യം എന്നീ അടിസ്ഥാനപുണ്യങ്ങളും ബന്ധപ്പെട്ട
പുണ്യങ്ങളും വ്രതജീവിതവും, പ്രത്യേക കാരിസവും ഒക്കെ പണ്ഡിതരായ ബഹുഗണം
ദൈവശാസ്ത്രജ്ഞന്മാരും ചരിത്രത്തിലും കാനോൻ നിയമത്തിലും പ്രാവീണ്യം
നേടിയവരുമായവർ പല തലങ്ങളിലായി വിശദമായി പഠിച്ച് വിലയിരുത്തി
റിപ്പോർട്ട് സമർപ്പിച്ചതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തുന്നത്.
മദറിന്റെ വിരോചിതമായ പുണ്യങ്ങളെക്കുറിച്ചുള്ള അവസാന തല പഠനങ്ങളും
വിലയിരുത്തലുകളും നടന്നത് പ്രത്യേകമായി നിയമിക്കപ്പെട്ട പണ്ഡിതരായ
ബിഷപ്പുമാർ കാർഡിനൽ പ്രീഫക്റ്റിന്റെ നേതൃത്വത്തിൽ 2023 നവംബർ
7-ന് നടത്തിയ അവസാന മീറ്റിംഗിലാണ്. ഈ മീറ്റിംഗിൽ വച്ചു തന്നെയാണ് മദർ
ഏലീശ്വയുടെ വിരോചിത പുണ്യങ്ങളുടെ മേൽ വോട്ട് ചെയ്തത്.
ഈ അവസാന തല മീറ്റിംഗ് റിപ്പോർട്ടും വോട്ടിന്റെ വിശദാംശങ്ങളുമാണ് ഫ്രാൻസിസ്
പാപ്പാ ഔദ്യോഗികമായി അംഗീകരിച്ചത്. 2023 നവംബർ 7-ന് (ചൊവ്വാഴ്ച്ച)
നടന്ന ഈ അവസാന മീറ്റിംഗ് റിപ്പോർട്ട് പിറ്റേദിവസം തന്നെ,
ബുധനാഴ്ച്ചയിലെ പബ്ലിക്ക് ഓഡിയൻസിനുശേഷം (2023 നവംബർ 8-ന്),
വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫക്റ്റ്
കർദിനാൾ മർച്ചെല്ലോ സെമെറാറൊ ഫ്രാൻസിസ് പാപ്പായ്ക്കു
സമർപ്പിച്ചു. റോമൻ തല നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ
അന്തിമ തീരുമാനം ബോധ്യപ്പെട്ട് മദർ ഏലീശ്വയുടെ വിരോചിതമായ
പുണ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പാപ്പാ അംഗീകരിക്കുകയും മദർ
ഏലീശ്വയെ ധന്യ എന്ന പ്രഖ്യാപനം നടത്താനുളള ഡിക്രിക്ക് 2023 നവംബർ 8-ന്
അനുമതി നല്കുകയും ചെയ്തു. ‘ധന്യ’ എന്ന ഈ പദവി ‘വാഴ്ത്തപ്പെട്ട’ എന്ന്
ഔദ്യോഗിക പദവിക്ക് മുൻപുള്ളതാണ്. വിരോചിത സുകൃതങ്ങൾ
കത്തോലിക്കാസഭയിൽ ജീവിച്ചു എന്നുള്ള ധന്യ എന്ന ഈ പദവി ഒരു
അദ്ഭുതംകൊണ്ടു കൂടി തെളിയിക്കാൻ കഴിയുമ്പോഴാണ് ഒരു വ്യക്തി
വാഴ്ത്തപ്പെട്ട എന്ന പദവിക്ക് അർഹയാകുന്നത്. മദർ ഏലീശ്വയുടെ രൂപതാതല
നടപടികൾ പൂർത്തിയായതിന്റെ ഒപ്പം തന്നെ അദ്ഭുതങ്ങളെക്കുറിച്ചുള്ള
പഠനങ്ങളുടെ റിപ്പോർട്ടുകളും മുദ്ര വച്ച് ഡിക്കാസ്റ്ററിക്ക്
സമർപ്പിച്ചിരുന്നതിനാൽ രണ്ടു നടപടികളും ഒരേസമയം തന്നെ
പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കത്തോലിക്കാ സഭയിൽ വിരോചിതമായി സുകൃതങ്ങൾ ജീവിച്ച വ്യക്തിയാണ് മദർ
ഏലീശ്വ എന്ന് സഭയുടെ പരമാദ്ധ്യക്ഷനാൽ പ്രഖ്യാപിക്കപ്പെടുന്നതാണ് ധന്യ
എന്ന പദവി.
വിശ്വാസത്തിലും പ്രത്യാശയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലുമായി ജീവിച്ച
മദർ ഏലീശ്വ എളിമയും വിരക്തിയും ശീലിച്ചു. ഒരിക്കൽപ്പോലും
ഒന്നിനുവേണ്ടിയും മദർ അവകാശമുന്നയിച്ചില്ല. എല്ലാം ദൈവത്തിനു
വിട്ടുകൊടുത്തു. ദൈവികകാര്യങ്ങളിലായിരുന്നു അവളുടെ എല്ലാ ശ്രദ്ധയും.
തീവ്രമായ പ്രാർഥന, ഏകാന്തത എന്നിവയ്ക്കു മുൻഗണന നല്കി സഭയിൽ ഒരു
ഉത്തമഭക്തയുടെ ജീവിതം നയിച്ച്, ദൈവപരിപാലനത്തിൽ ആശ്രയിച്ച്,
പ്രയാസങ്ങളും ക്ലേശങ്ങളും പ്രതിസന്ധിഘട്ടങ്ങളും തരണംചെയ്ത് സഹനത്തിന്റെ
പാതയിലൂടെ പ്രത്യാശയോടെ മുന്നേറിയ ഒരു ധീരവനിതയാണ് മദർ ഏലീശ്വ.
പരിശുദ്ധാരൂപിയുടെ മന്ത്രണങ്ങൾക്ക് വിധേയയായി ആഴമാർന്ന
പ്രാർഥനയിൽ അവൾ ജീവിച്ചു. നിസ്വാർഥസേവനം, അനുസരണം, വിനയം
ഇവയ്ക്ക് മകുടോദാഹരണമായിരുന്നു അവളുടെ ജീവിതം.
മദർ ഏലീശ്വയുടെ സജീവ വിശ്വാസവും ധീരമായ ആശ്രയബോധവും സാധുക്കളും അധഃകൃതരുമായിരുന്നവരുടെ
ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവളെ പ്രാപ്തയാക്കി. പ്രാർഥനാജീവിതം
വഴി അവൾ ആർജിച്ച പ്രസാദവരശക്തി വീരോചിതമായ പുണ്യങ്ങൾ
ജീവിതത്തിലുടനീളം അഭ്യസിക്കാൻ അവളെ കെൽപ്പുള്ളവളാക്കി. പീഡിതരോടും
ആലംബഹീനരോടും സഹാനുഭൂതിയും സഹായ മനോഭാവവും പ്രദർശിപ്പിച്ച വ്യക്തി,
സ്ത്രീജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പാത വെട്ടിത്തുറന്ന ധീരവനിത!
ദൈവാത്മാവാൽ നയിക്കപ്പെട്ട്, ആർജിച്ചെടുത്ത പുണ്യങ്ങളാണ് അവളെ
ഇതിനായി ശക്തയാക്കിയത്. ബുദ്ധിക്കോ യുക്തിക്കോ ചേരാത്ത ഒരുതീരുമാനംവഴി
താൻ സ്ഥാപിച്ച മഠത്തിൽ നിന്ന് വിട്ടുപോകേണ്ടിവന്നപ്പോൾ യഥാർഥ
ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച ഈ ആത്മാവിനെ ഒന്നിനും
ദൈവതിരുമനസ്സിൽനിന്ന് വ്യതിചലിപ്പിക്കാൻ സാധിച്ചില്ല. വിനയത്തോടെ
‘സങ്കടങ്ങളും കഷ്ടാനുഭവങ്ങളും അനുഭവപ്പെടുമ്പോൾ കർത്താവേ അങ്ങേ
തിരുമനസ്സ് നിറവേറട്ടെ’ എന്ന് പറഞ്ഞ് മദർ ഏലീശ്വ നിശ്ശബ്ദയായി
സക്രാരിയുടെ മുമ്പിൽ മണിക്കൂറുകൾ മുട്ടിന്മേൽനിന്ന് പ്രാർഥിച്ചു
ശക്തിയാർജിച്ചു.
പ്രതിസന്ധികളിലും പ്രയാസങ്ങളിലും ദൈവസ്നേഹത്താൽ എരിഞ്ഞിരുന്ന മദർ
ഏലീശ്വയുടെ ഹൃദയം ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുന്ന ജീവിതാനുഭവങ്ങൾ
വളരെയധികമാണ്. കേവലം 20 വയസ്സുള്ളപ്പോൾ ഭർതൃവിയോഗം
അനുഭവിക്കേണ്ടിവന്ന ഈ യുവവിധവയെ, ജീവിതം നിർഭാഗ്യാവസ്ഥയിലായെന്നും ഇനി
പരാധീനതയിൽ കഴിയേണ്ടിവരുമെന്നുമുള്ള ആശങ്കകൾ അധൈര്യപ്പെടുത്തിയില്ല.
ദൈവപിതാവിന്റെ പിതൃവാത്സല്യത്തിലും കരുണാർദ്ര സ്നേഹത്തിലും മുഴുവൻ
ശരണപ്പെട്ടുകൊണ്ട് ഏലീശ്വ ജീവിച്ചു. ‘ശരണത്തോടുകൂടെ അപേക്ഷിക്കുന്നവന്
എല്ലാം സാധിക്കും’ എന്നത് അവളുടെ ജീവിതമൂല്യം ആയിരുന്നു. മദർ ഏലീശ്വ
ദൈവസ്നേഹാഗ്നിയിൽ സ്ഫുടം ചെയ്യപ്പെട്ട സ്വർണമാണ്. അവളുടെ
ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ ദൈവസ്നേഹം നിറഞ്ഞുനിന്നു.
റീത്തുഭേദങ്ങളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും പരാതികളും
പരിദേവനങ്ങളുമില്ലാതെ സഹനത്തിൽ സ്നാനം ചെയ്യപ്പെടാനും അമ്മയ്ക്കു
കഴിഞ്ഞു.
കർമ്മലീത്ത ആധ്യാത്മികതയെക്കുറിച്ച് വായിച്ചറിയുവാനും മറ്റും
മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്ന, ബൈബിൾ പോലും മലയാള ഭാഷയിൽ
ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പരിശുദ്ധാത്മാവായ ദൈവം ഉള്ളിൽ
നിവേശിപ്പിച്ച സിദ്ധി മദർ ജീവിച്ചു. കളപ്പുര മുറിയിൽ രൂപപ്പെടുത്തിയ
സെല്ലിലിരുന്ന് കൂനമ്മാവ് പള്ളിയുടെ വശത്തേയ്ക്ക് തിരിഞ്ഞിരുന്ന്
ദിവ്യകാരുണ്യനാഥന്റെ തിരുമുഖം ധ്യാനിച്ച് ധ്യാനനിർലീനതയിൽ എത്തിയ
മദർ ഏലീശ്വ തന്റെ ഉള്ളിൽ നിർവ്വചിക്കാനാവാത്ത സിദ്ധിയുടെ അനുഭവം
ഒരു സമർപ്പിത ജീവിതത്തിന്റെ സഭാപരമായ തലത്തിലേയ്ക്കുള്ള
അംഗീകാരത്തിന്റെ നിലയിലേയ്ക്കെത്താനുള്ള വഴികൾ ആരാഞ്ഞ് യേശുനാഥന്റെ
അൾത്താര മുന്നിൽ പ്രാർഥിച്ചിരുന്നു. അപ്രകാരം തന്റെ ഹൃദയം
ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ സമർപ്പിച്ച് പ്രാർഥിക്കുമ്പോഴാണ്
ലെയോപോൾഡ് മൂപ്പച്ചനെ കണ്ട് എല്ലാം ബോധിപ്പിക്കാനുള്ള വിളി
ലഭിക്കുന്നത്.
തന്റെ ഉള്ളിൽ ദൈവം നിവേശിപ്പിച്ച സിദ്ധി പത്തു
വർഷക്കാലം ജീവിച്ച് ആ സിദ്ധിയുടെ പ്രഭയിൽ ജീവിതം മുഴുവനും
ഗ്രസിക്കപ്പെട്ട നിലയിലാണ് 1862-ൽ ലെയോപോൾഡ് മിഷണറിയെ കാണുന്നത്.
19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ
സന്ന്യാസത്തിന്റെ പുതുരുചി പകരാനും വിദ്യാഭ്യാസത്തിന്റെ പ്രകാശം
പരത്താനും സാധിച്ച മദർ ഏലീശ്വ പരസ്നേഹത്തിന്റെ മകുടോദാഹരണമാണ്. മദർ
ഏലീശ്വയുടെ കൂടെ വർഷങ്ങൾ ജീവിച്ച സിറിയൻ സഹോദരിമാർ എഴുതുന്നത,്
‘വാഴ്ത്തപ്പെട്ട നിങ്ങളെ വന്നുകണ്ട് മക്കൾക്കടുത്ത ശുശ്രൂഷ ചെയ്യാൻ
ഞങ്ങൾ ഏറെ ആഗ്രഹിച്ചു’ എന്നാണ്. തന്റെ മക്കളെ അമ്മ ഉപദേശിക്കുന്നു:
”സുവിശേഷത്തിലെ വിവേകമതിയായ കന്യകകളെപ്പോലെ എപ്പോഴും ഹൃദയത്തിൽ
സ്നേഹമാകുന്ന എണ്ണ കരുതുവിൻ.” മദറിന്റെ ജീവിതം മലമേലുയർത്തപ്പെട്ട
ദീപംപോലെയായിരുന്നു. അത് പ്രകാശം പരത്തുകയും മറ്റുള്ളവർക്ക്
വഴികാണിക്കുകയും ചെയ്തു.
കത്തോലിക്കാ സഭയിൽ വിരോചിതമായി സുകൃതങ്ങൾ
അഭ്യസിക്കുന്നതിന് എല്ലാവർക്കും അനുകരിക്കാൻ ഉപയുക്തമായ
സുകൃതപൂർണ്ണമായ ജീവിതം വഴി ധന്യ എന്ന പദവി നല്കപ്പെട്ട് രണ്ടു വർഷം
തികയുന്ന ദിനം തന്നെ മദർ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്
ഉയർത്തപ്പെടുകയാണ്. വാഴ്ത്തപ്പെട്ട എന്ന ഔദ്യോഗിക പദവിക്കു ശേഷം
മാത്രമാണ് പ്രദേശികമായ വണക്കത്തിന് അനുമതി ലഭിക്കുന്നത്. അതിനോടനുബന്ധമായ
കാര്യങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പുണ്യപൂർണ്ണമായ ജീവിതം വഴി
കത്തോലിക്കാസഭയിൽ വിശ്വാസ സമൂഹത്തിനു മുഴുവൻ മാതൃകയായ നമ്മുടെ
സഭാസ്ഥാപിക ദൈവഹിതാനുസാരം തീരുമാനിക്കപ്പെട്ട സമയത്ത് വിശുദ്ധ എന്ന
പദവിയിലേയ്ക്കും ഉയരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അമ്മ കാണിച്ചുതന്ന
പാതയിലൂടെ ദൈവരാജ്യം ലക്ഷ്യം വച്ച് നീങ്ങാൻ നമുക്കും ശ്രമിക്കാം.

