മുന്മൊഴി /ശരത് വെണ്‍പാല
സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ ബോര്‍ഡിംഗ് സ്കൂള്‍, തൊഴില്‍ പരിശീലന ശാലകള്‍ അങ്ങനെ ആധുനിക കാലത്ത് നാം കാണുന്നതും മറ്റു പലരും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നയുമായ പലതും – തുടങ്ങിയതും തുടരുന്നതും കന്യകാത്വത്തിന്റെയും ഗാര്‍ഹസ്ഥ്യത്തിന്റെയും വനവാസത്തിന്റെയും സന്ന്യാസത്തിന്റെയും ചൂടും ചൂരും അറിഞ്ഞ, അക്ഷരാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ഉറവിടം സന്ന്യാസിനിയായ മദര്‍ ഏലിശ്വ ആണ് എന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുന്നു. ആ പാരമ്പര്യത്തിന്റെ മഹിമ പേറുന്ന സിടിസി സന്ന്യാസസഭാ സമൂഹത്തിന്റെ സേവനങ്ങളെ ആദരപൂര്‍വ്വം നമിക്കുന്നു.

ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പോസ്തലികവുമായ കതോലിക്കാസഭ ഏറ്റവും അധികം സന്തോഷിക്കുന്നത് വിശുദ്ധപ്രഖ്യാപന അവസരങ്ങളിലാണ്. കേരളത്തിലെ റോമന്‍ കത്തോലിക്കാസഭയുടെ സന്താനമായ മദര്‍ ഏലിശ്വയെ വരാപ്പുഴ അതിരൂപതയിലെ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടത്തമ്മയുടെ തിരുനടയില്‍ വച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വേളയില്‍ കേരളത്തിലെ ആദ്യ സന്ന്യാസിനി മദര്‍ ഏലിശ്വ സ്ഥാപിച്ച ആദ്യത്തെ സന്ന്യാസ സഭയായ സി ടി സി സമൂഹത്തൊടൊപ്പം ലോകം മുഴുവനും ആനന്ദിക്കുന്നു, ദൈവത്തിന് നന്ദി പറയുന്നു. കാരണം മദര്‍ ഏലിശ്വയുടെ ജീവിതം കേരളസഭയുടെ സുകൃത ചരിത്രത്തിലെ ഒരു സൂര്യകാന്തി പൂവ് ആണ്.
അല്പം പുരാണം
1599 ല്‍ നടന്ന ഉദയപേരൂര്‍ സൂനഹദോസ് കേരളചരിത്രത്തില്‍ നവോത്ഥനത്തിനു നാന്ദി കുറിച്ചു. ആഗോളസഭയില്‍ 1545 മുതല്‍ 1563 വരെ നടന്ന ട്രെന്റ് സൂനഹദോസിന്റെ അലയടികള്‍ പ്രാദേശിക സഭയില്‍ നവീകരണങ്ങള്‍ സൃഷ്ടിച്ചതിന്റെ തെളിവായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. സാര്‍വത്രിക സഭയോടൊപ്പം കേരള സഭ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം ആരംഭിച്ചത് ഇതിനു ശേഷമാണ്. തുടര്‍ന്ന് വന്ന കര്‍മ്മലിത്ത കാലഘട്ടം ആത്മീയതയുടെയും ഭക്തിയുടെയും പുതിയ ഭൂമികകള്‍ സൃഷ്ടിച്ചു. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ ചുവടുപിടിച്ച് വിവിധ സമുദായങ്ങളില്‍ നവോത്ഥാനത്തിന്റെ വെളിച്ചം വീശിക്കൊണ്ടിരിക്കുമ്പോഴും തൊട്ടുകൂടായ്മയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം പൊതുവിടങ്ങളില്‍ പ്രത്യക്ഷമാകാതിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തില്‍ ആദ്യമായി സ്ത്രീ ശാക്തീകരണത്തിന്റെ പുതുവഴി വെട്ടി തുറന്നവളാണ് മദര്‍ ഏലീശ്വ എന്നത് കേരള ചരിത്രത്തിന്റെ ഓര്‍മ്മച്ചെപ്പുകളില്‍ കൊത്തിവച്ചിട്ടുള്ള സാക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതും.
ഒരു സൂര്യഗീതം പോലെ….
2005ല്‍ ഭാഗ്യസ്മരണാര്ഹയായ ബഹുമാനപ്പെട്ട സിസ്റ്റര്‍ പുള്‍ക്കേരിയ സിടിസി എഴുതിയ ”ദിവ്യകാരുണ്യ തപസ്വനി” എന്ന മദര്‍ ഏലിശ്വയെക്കുറിച്ചുള്ള പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി വായിച്ചപ്പോഴാണ് ഈ ജീവിതം എത്രയോ ധീരമായിരുന്നു എന്ന് അതിശയപ്പെട്ടത്. അതിനൊപ്പം ഒരു പാട്ടിന്റെ ഈരടികളും ഉള്ളിലേക്ക് വാര്‍ന്നു വീണു, ബഹുമാനപ്പെട്ട ഫാ. മൈക്കിള്‍ പനക്കലച്ചന്റെ –
സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്ന പോലെ,
ഞാനുമെന്റെ നാഥനെ താന്‍
നോക്കി വാഴുന്നു, നോക്കി വാഴുന്നു… എന്നു തുടങ്ങുന്ന ഏറ്റം മനോഹരമായ ഗാനം.
കൊച്ചിയിലെ വൈപ്പിന്‍ തീരത്തുള്ള ഓച്ചന്തുരുത്ത് എന്ന ചെറുപ്രദേശത്ത്, 1831-ല്‍ ജനിച്ച ഏലിശ്വയുടെ ആദ്യവര്‍ഷങ്ങള്‍ സാധാരണമായൊരു പെണ്‍കുട്ടിയുടേതായിരുന്നു. എന്നാല്‍ അവളുടെ ഉള്ളില്‍ ഒരു അശ്രാന്തമായ ദൈവവിചാരം വളര്‍ന്നു, ലോകത്തിന്റെ ആഡംബരങ്ങള്ക്കപ്പുറം ദൈവത്തിന്റെ മധുരമായ സാന്നിധ്യം തേടുന്ന ഒരു ഹൃദയം. വിവാഹജീവിതത്തിന്റെ നിമിഷസൗന്ദര്യം അസ്തമിച്ചപ്പോള്‍, ഏലിശ്വ തന്റെ വേദനയെ ദൈവത്തിനായി സമര്‍പ്പിച്ചു.
അവളുടെ ആ മൗനം പ്രാര്‍ഥനയായി മാറി, പ്രാര്‍ഥന ദൗത്യമാക്കി മാറ്റി. 1866-ല്‍, അവള് തന്റെ മകളായ അന്നയെയും സഹോദരിയായ ത്രേസ്യയെയും മറ്റ് രണ്ട് യുവതികളെയും കൂടെ കൂട്ടി കൂനമ്മാവില്‍”തെരേസ്യന്‍ കര്‍മ്മലിത്താ സഭ ”സ്ഥാപിച്ചു. ഇത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമായി രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ സന്ന്യാസിനി സഭയായി തീര്‍ന്നു.
മദര്‍ ഏലിശ്വയുടെ ലക്ഷ്യം സ്ത്രീകളെ ഉയര്‍ത്തുക മാത്രമല്ലായിരുന്നു; ഓരോ സ്ത്രീയും ദൈവത്തിന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന കണ്ണാടി ആകട്ടെ എന്ന് കൂടി അവള് ആഗ്രഹിച്ചു.അവള് പറഞ്ഞിരുന്നു,”സമര്‍പ്പണമാണ് എന്റെ ഏക ഭാഷ; അത് ദൈവം മാത്രമേ പൂര്‍ണ്ണമായി മനസ്സിലാക്കൂ.”
ഭര്തൃവിയോഗത്തിന് ശേഷം കൂനമ്മാവിലെ ഏകാന്തതയുടെ തപസുകാലത്ത് ദിവ്യകാരുണ്യമെന്ന വെണ്‍സൂര്യനെ മാത്രം കണികാണുന്ന സൂര്യകാന്തി പൂവായി അവളുടെ ഉള്ളം മാറിയിരുന്നു.
മോഹന നയനം; പാവന കരങ്ങള്‍
ആ ഗാനം തുടരുന്നു….
സാധുവായ മര്ത്ത്യനില് ഞാന്‍
നിന്റെ രൂപം കണ്ടിടുന്നു;
സേവനം ഞാന്‍ അവനു ചെയ്താല്‍,
പ്രീതനാകും നീ, പ്രീതനാകും നീ…
കരുണയോടെ അവനെ നോക്കും നയനമെത്ര മോഹനം
അവനു താങ്ങും തണലുമായ കൈകള്‍ എത്ര പാവനം.
ഒരു മൗനസന്ധ്യയില്‍, കൊച്ചിയുടെ തീരത്ത് കാറ്റ് വീശുമ്പോള്‍, ഒരു സ്ത്രീ ദൈവത്തിന്റെ ശബ്ദം കേട്ടു ആ ശബ്ദം അവളെ ലോകത്തിന്റെ പരിധികള്‍ കടന്ന്, സ്നേഹത്തിന്റെ സേവനത്തിലേക്കു മാടി വിളിച്ചു. മദര്‍ ഏലിശ്വയുടെ ജീവിതം സമര്‍പ്പണത്തിന്റെ സംഗീതം ആയിരുന്നു. വൈധവ്യം പേറുന്ന തന്റെ ജീവിതത്തിന്റെ വേദനയെ അവള് ത്യാഗത്തിന്റെ വഴിയാക്കി, പിതാവിന്റെ ഇഷ്ടം മാത്രം തേടിയ ഒരു ആത്മാവായി അവള് വിരിഞ്ഞു. ദരിദ്രര്‍, അനാഥര്‍, വിധവകള്‍ ഇവരില്‍ ഈ അമ്മ ക്രിസ്തുവിന്റെ മുഖം കണ്ടു.
മത്തായി 25:40-ലെ വചനം അവളുടെ ജീവിതത്തിന്റെ ആദര്ശവാക്യമായിരുന്നു – ‘ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത് ‘. പാവപ്പെട്ടവരിലും പതിതരിലും തന്റെ നാഥന്റെ മുഖം കണ്ട മോഹനനയനങ്ങളും അവരെ സഹായിച്ചപ്പോള്‍ തന്റെ പ്രിയകാന്തനെ തൊട്ട പാവനകരങ്ങളും ഈ അമ്മയ്ക്ക് സ്വന്തം.
കൃപയില്‍ പൂത്ത തളിര്ക്കൊടി –
ആത്മീയ ഗീതത്തിന്റെ ഈണമലിയുന്നു ….
നിന്റെ കൃപാ കിരണങ്ങളാല്‍
എന്റെ മനസ്സ് പൂത്തുലയുന്നു;
നിന്റെ മുഖം മറഞ്ഞാലെനിക്ക്
തളിര്കൊടി ചായും പോലെ…
ഏലിശ്വയുടെ ജീവിതം അതിശയകരമായ സമാധാനത്തിന്റെ പ്രതീകമായിരുന്നു.
ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മദര്‍ ഏലിശ്വ അനേകം പ്രതിബന്ധങ്ങളും ദുരൂഹതകളും നേരിട്ടു. സ്വന്തമായിരുന്നത് മുഴുവന്‍ റീത്തു വാദം പറഞ്ഞു നഷ്ടമായപ്പോഴും പനമ്പ്മഠത്തില് നിന്ന് ഇറങ്ങിപ്പോന്നപ്പോഴും സിഎസ്എസ്ടി സന്ന്യാസ സഭയുടെ സൗമനസ്സില് കഴിഞ്ഞപ്പോഴും സഭയിലും സമൂഹത്തിലും അവള്‍ക്കു ലഭിച്ച തിരിച്ചടികള്‍ ക്രൂശിന്റെ അനുഭവമായിരുന്നു.
എന്നാല്‍ ആ ഹൃദയം ഇരുളിനിടയിലും വെളിച്ചം കണ്ടെത്തി. ”ഞാന്‍ ദൈവത്തിന്റെ കരങ്ങളിലായിരിക്കും; അവിടെയാണ് എനിക്കുള്ള ഏറ്റവും വലിയ ശാന്തി.” ദൈവത്തോടുള്ള സൗഹൃദമായിരുന്നു അവളുടെ ആത്മാവിന്റെ ശ്വാസം.
ദൈവത്തിന്റെ വെളിച്ചം അവളുടെ കണ്ണുകളെ നിറച്ചു; അതിനാല്‍ അവള്‍ക്ക് മറ്റൊന്നിനോടും ഭയം ഇല്ലായിരുന്നു. സ്നേഹം ദൈവത്തിന്റെ ഭാഷയാണ്; സേവനം അതിന്റെ ഉച്ചാരണമാണുതാനും; പ്രാര്‍ഥന അതിന്റെ നിശബ്ദമായ സംഗീതവും. ആവിലയിലെ വിശുദ്ധ തെരെസയെപോലെ, കുരിശിന്റെ വിശുദ്ധ യോഹന്നാനെ പോലെ ആത്മാവിന്റെ ഇരുണ്ട രാവുകളില്‍ അവള് ക്രിസ്തുവിന്റെ കൃപയില്‍ നനഞ്ഞു നിന്നു ; ഒരു തളിര്കൊടി പൂത്തതു പോലെ!
പിന്മൊഴി
1913 ജൂലൈ 18-ന് അവളുടെ ഭൂമിയിലെ ജീവിതം അവസാനിച്ചു. എന്നാല്‍ ആ ജീവിതത്തിന്റെ പ്രതിധ്വനി ഇപ്പോഴും മുഴങ്ങുന്നു – : സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ ബോര്‍ഡിംഗ് സ്കൂള്‍, തൊഴില്‍ പരിശീലന ശാലകള്‍ അങ്ങനെ ആധുനിക കാലത്ത് നാം കാണുന്നതും മറ്റു പലരും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നയുമായ പലതും – തുടങ്ങിയതും തുടരുന്നതും കന്യകാത്വത്തിന്റെയും ഗാര്‍ഹസ്ഥ്യത്തിന്റെയും വനവാസത്തിന്റെയും സന്ന്യാസത്തിന്റെയും ചൂടും ചൂരും അറിഞ്ഞ, അക്ഷരാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ഉറവിടം സന്ന്യാസിനിയായ മദര്‍ ഏലിശ്വ ആണ് എന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുന്നു. ആ പാരമ്പര്യത്തിന്റെ മഹിമ പേറുന്ന സിടിസി സന്ന്യാസസഭാ സമൂഹത്തിന്റെ സേവനങ്ങളെ ആദരപൂര്‍വ്വം നമിക്കുന്നു. മദര്‍ ഏലീശ്വയുടെ വഴികള്‍ നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: സ്നേഹം ദൈവത്തിന്റെ ഭാഷയാണ്; സേവനം അതിന്റെ ഉച്ചാരണമാണ്; പ്രാര്‍ഥന അതിന്റെ നിശബ്ദമായ സംഗീതമാണ്.
”മദര്‍ ഏലിശ്വ, ആവിലായിലെ വിശുദ്ധ തെരേസ, കുരിശിന്റെ വിശുദ്ധ യോഹന്നാന് എന്നീ മൂവരും ഒരേ വാക്ക് പറയുന്നവര്‍:
ദൈവസ്നേഹത്തില്‍ നിന്നുള്ള സമര്‍പ്പണം മനുഷ്യനെയൊരു വെളിച്ചമാക്കി മാറ്റുന്നുവെന്ന സത്യം അവളുടെ ജീവിതം ഒരു മൗനഗാനംപോലെ നമ്മോട് പറയുന്നു: ”സ്നേഹിക്കുക, സേവിക്കുക, മൗനത്തില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കുക ‘.
പ്രാര്‍ഥന
എന്റെ ജീവന്റെ സൂര്യനായ ദൈവമേ, മദര്‍ ഏലിശ്വ എന്ന പുണ്യവതിയുടെ മധ്യസ്ഥ്യം തേടി ഞങ്ങളും പ്രാര്‍ഥിക്കുന്നു, ഒരു സൂര്യഗീതം പോലെയുള്ള ആ അമ്മയുടെ സുകൃതങ്ങളെ ധ്യാനിക്കാനും അമ്മയെ പോലെ നിരാലംബരില്‍ അങ്ങയെ കാണുന്ന ആര്‍ദ്ര നയനങ്ങളും അവരെ സേവിക്കുന്ന പാവനകരങ്ങളും ഞങ്ങള്‍ക്കും തരണമേ. അങ്ങേ കൃപയില്‍ നനഞ്ഞു നില്ക്കുന്ന തളിര് ചെടിയായി ഞങ്ങളെ സംരക്ഷിക്കണമെ. വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വയെ ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണമേ.
ആമേന്‍

