ലേഖനം / ഡോ. അല്‍ഫോണ്‍സ് പനക്കല്‍
(വരാപ്പുഴ അതിരൂപതാ ആര്‍ക്കിവിസ്റ്റും കലയ്ക്കും സംസ്കാരത്തിനും
വേണ്ടിയുള്ള കമ്മിഷന് ഡയറക്ടറുമാണ് ഡോ. അല്‍ഫോണ്‍സ് പനക്കല്‍)
വരാപ്പുഴ അതിരൂപതയുടെ രേഖാലയത്തില്‍ സി.റ്റി.സി സഭയുടെ മൂന്ന് ന്യായപ്രമാണ പുസ്തകങ്ങളാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്: 1913, 1926 വര്‍ഷങ്ങളിലേതും, വര്‍ഷം രേഖപ്പെടുത്താത്ത മറ്റൊരു രേഖയും. ചരിത്രം, ഭാഷ, അടിസ്ഥാനങ്ങള്‍ എന്നീ മൂന്നു തലങ്ങളില്‍ ഈ ന്യായപ്രമാണ സംഹിതകളെ ആസ്വാദനം ചെയ്യുകയാണിവിടെ. ചരിത്രപരമായി ഈ മൂന്നു രേഖകളും നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ടതാണ്. അതിനും അമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ്
1866-ലാണല്ലോ ആദ്യത്തെ ന്യായപ്രമാണ പുസ്തകം രചിക്കപ്പെട്ടിട്ടുണ്ടാവുക.
സി.റ്റി.സി രേഖാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ന്യായപ്രമാണ പുസ്തകം ആരംഭിക്കുന്നത് ‘ഈ.മ.യൗ. മൂന്നാം സഭ കന്യാസ്ത്രീകളുടെ ന്യായപ്രമാണം, ജ്ഞാപകം’ എന്നാണ്. 1913-ലെ ന്യായപ്രമാണ പുസ്തകം ആരംഭിക്കുന്നത് ഇതുപോലെതന്നെയാണ്, എന്നാല്‍ 1926-ലെ ന്യായപ്രമാണ പുസ്തകത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ സിസിലിയയുടെ ഫ്രാത്തര്‍ ആഞ്ചലൂസ് മരിയ പെരെസിന്റെ ഔദ്യോഗിക അംഗീകാര രേഖയും ചേര്‍ത്തിട്ടുണ്ട്.
അതിലെ അഭിസംബോധന, ‘വരാപ്പുഴ, ചാത്ത്യാത്ത് എന്നീ കന്യകാമഠങ്ങളിലെ മൂന്നാം സഭക്കാരായ ബഹുമാനപ്പെട്ട അമ്മമാര്‍ക്കും സഹോദരികള്‍ക്കും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ആശീര്‍വ്വാദം’ എന്നു പറഞ്ഞുകൊണ്ടാണ്.
ബഹുമാനപ്പെട്ട അമ്മമാരും സഹോദരിമാരും എന്ന അഭിസംബോധന വളരെ ഹൃദ്യമായ സാഹോദര്യം പ്രകടമാക്കുന്നു.
”തിരുസഭയുടെ നിയമങ്ങള്‍ കാലത്തിന്റെ സ്ഥിതിഗതികള്ക്കനുസരണം പരിശോധിച്ച് ക്രമീകരിക്കപ്പെട്ട കാനന്‍ നിയമസംഹിതകള്‍ നടപ്പില്‍ വന്നതു മുതല്‍ (1917) തദനുസരണം സകല സന്ന്യാസ സഭകളുടെയും വ്യവസ്ഥകള്‍ പരിശോധിച്ച്
ഭേദപ്പെടുത്തണമെന്നാണ് പരിശുദ്ധ സിംഹാസനത്തിന്റെ ആഗ്രഹം. പ്രസ്തുത നിയമസംഹിതയില്‍ സന്ന്യാസ സഭകളെ സംബന്ധിച്ചും അവയിലെ അംഗങ്ങളുടെ പ്രവേശനം, പറഞ്ഞൊപ്പ്, അവകാശങ്ങള്‍, കടമകള്‍ എന്നിവയെ സംബന്ധിച്ചും പല
വ്യത്യാസങ്ങള്‍ വരുത്തീട്ടുണ്ട്. ആയതിനാല്‍ നിങ്ങളുടെ സന്ന്യാസ ജീവിതത്തെ ക്രമീകരിക്കുന്ന വ്യവസ്ഥകളെ പരിശോധിച്ച് പരിഷ്കരിക്കേണ്ടത് നമ്മുടെ ധര്‍മ്മമാകയാല്‍…” (1922ലെ നിയമസംഹിതയുടെ ആമുഖത്തില്‍ ബിഷപ് ആഞ്ചലൂസ്
മരിയ പെരെസ് എഴുതിയിരി ക്കുന്ന അംഗീകാര രേഖയില്‍ നിന്ന്)
കാലഘട്ടത്തിന്നനുസരിച്ച് ഈ സഭയുടെ ന്യായപ്രമാണങ്ങള്‍ പരിശോധിക്കപ്പെടുകയും ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
1913, 1926 വര്‍ഷങ്ങളിലെയും, വര്‍ഷം രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ പ്രമാണപുസ്തകവും മലയാളത്തിലാണ് എഴുതിയിരിക്കുന്നത്.
1971 നവംബര്‍ 15ന് റോമിലെ വിശ്വാസ തിരുസംഘത്തിലെ കാര്യാലയം പേപ്പല്‍ ഔദ്യോഗിക അംഗീകാരം നല്‍കിയതിലൂടെ 1866-ല്‍ എഴുതപ്പെടാന്‍ തുടങ്ങിയ നിയമസംഹിതകളുടെ പൂര്‍ണ്ണത പ്രാപിച്ച രൂപമായി കാണാവുന്നതാണ്. എന്നാല്‍1913 ഫെബ്രുവരി മൂന്നിലെ എട്ട് പേജുകള്‍ വരുന്ന, ‘കന്യാസ്ത്രീകളുടെയും സഹോദരികളുടെയും കുമ്പസാരം സംബന്ധിച്ചുള്ള നിയമം’ എന്ന കുറിപ്പുകളുടെ അവസാനം ”റോമായില്‍ സന്ന്യാസ സഭകളെ സംബന്ധിച്ച തിരുസംഘത്തിന്റെ
സെക്രെത്താരി സമക്ഷത്തില്‍ നിന്നും 1913 ഫെബ്രുവരി 3-നു കര്‍ദ്ദിനാള്‍ വിപെസ് പ്രിഫെക്ത്തൂസിന്റെ സെക്രെത്താരി ദൊനാത്തൂസ് എഫെസിന്റെ മെത്രാപ്പോലീത്ത’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
1913, 1926 വര്‍ഷങ്ങളിലെയും, വര്‍ഷം രേഖപ്പെടുത്താത്തതുമായ ന്യായപ്രണമാണ പുസ്തകത്തിലും 1866 ലെ ന്യായപ്രമാണത്തിലും ‘മൂന്നാം സഭ കന്യാസ്തീകളുടെ’ ന്യായപ്രമാണം, ‘നമ്മുടെ കര്‍മ്മല നായികയുടെയും ത്രേസ്യ പുണ്യവതിയുടെയും മൂന്നാം സഭയിലെ’ എന്നാണ് ഈ സന്ന്യാസിനി സഭയെ വിശേഷിപ്പിച്ചിട്ടുള്ളത്.
സഭയുടെ അടിസ്ഥാനം
1866 മുതല്‍ 1926 വരെ മലയാളത്തിലുള്ള ന്യായപ്രമാണ പുസ്തകങ്ങളില്‍ സഭയെ നിര്‍വ്വചിക്കുന്നത് ഇപ്രകാരമാണ്: ”മൂന്നാം സഭ എന്നു പറയുന്നത് നമ്മുടെ അമ്മയായ ത്രേസ്യ പുണ്യവതിയാല് സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശ്രമങ്ങളുടെ ശരിയായിട്ടുള്ള ഒരു രൂപമാകുന്നു. ദേശങ്ങളുടെയും ആളുകളുടെയും അവസ്ഥയ്ക്ക് തക്കവണ്ണം ചില സംഗതികളില്‍ ഭേദപ്പെട്ടിരിക്കുന്നു എന്നു വരികിലും നമ്മുടെ ശുദ്ധ: അമ്മയുടെ അരൂപിയും പ്രത്യേകമായ കാര്യങ്ങളില്‍ താന്‍ കല്പിച്ചിട്ടുള്ള ക്രമചട്ടങ്ങളും തന്നെ ഈ മൂന്നാം സഭയില്‍ കാക്കുന്നു.”
1971-ലെ പേപ്പല്‍ അംഗീകാര ഡിക്രിയില്‍ വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഈ സന്ന്യാസ സഭ നടത്തിയ നവീകരണവും സ്വാംശീകരണവും ശ്ലാഘിക്കുന്നതോടൊപ്പം തിരുസംഘം അത് കൂടുതല്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നും
വ്യക്തമാക്കുന്നു.
സഭയുടെ ദൈവാവിഷ്കൃത സുകൃതങ്ങള്‍
ദൈവാവിഷ്കൃത സുകൃതങ്ങള്‍ അഥവാ കാരിസം എന്നാല്‍, ഓരോ കാലഘട്ടത്തിന്റെയും ദേശങ്ങളുടെയും ജീവിതസാഹചര്യങ്ങളുടെയും അടിസ്ഥാന ത്തില്‍, ക്രിസ്തുവിലൂടെ ആവിഷ്കൃതമായ മനുഷ്യരക്ഷയുടെ ഫലമണിയലിന്
ഉതകുംവിധം ദൈവത്താല്‍ വെളിപ്പെടുത്തപ്പെടുകയും അത് ഒരു പ്രത്യേക വ്യക്തിയിലൂടെ ആവിഷ്കൃതമാവുകയും അത് ജീവിതചര്യയായി സ്വീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇത് മാനുഷിക തീരുമാനത്തെക്കാള്‍ ദൈവാവിഷ്കൃതമാണ്.
1866 മുതല്‍ 1926 വരെയുള്ള മലയാളത്തില്‍ എഴുതിയിട്ടുള്ള ന്യായപ്രമാണ പുസ്തകങ്ങളില്‍ രണ്ടു ദൈവാവിഷ്കൃത സുകൃതങ്ങളെക്കുറിച്ച് പറയുന്നു.
ഒന്നാമത്, ന്യായപ്രമാണങ്ങള്‍ക്ക് ഒത്തവണ്ണം ധ്യാനവും ഇന്ദ്രിയനിഗ്രഹവും വ്രതങ്ങളുടെ അനുസരണവും വഴിയായി തങ്ങളെ തന്നെ പുണ്യപ്പെടുത്തുന്നതും, രണ്ടാമതായി, പ്രാര്‍ഥിച്ചുകൊണ്ടും പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടും മറ്റു ഉപവിക്കടുത്ത പ്രവൃത്തികള്‍ ചെയ്തുകൊണ്ടും ആത്മാക്കളുടെ രക്ഷക്കായി വേല ചെയ്യുന്നതുമാകുന്നു.
1971-ലെ വിശ്വാസ തിരുസംഘം പേപ്പല്‍ പദവി നല്‍കിയിറക്കിയ ന്യായപ്രമാണ പുസ്തകത്തിലും ദൈവാവിഷ്കൃത സുകൃതങ്ങളില്‍ രണ്ടാമത്തേതായ വിദ്യാഭ്യാസ ദൗത്യത്തില്‍ ‘പെണ്‍കുട്ടികളെ’ എന്നതിനുപകരം, ‘കുട്ടികള്‍’ എന്ന
വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നീടുള്ള എല്ലാ ന്യായപ്രമാണങ്ങളിലും എജ്യുക്കേഷന്‍ ഓഫ് ചില്‍ഡ്രന്‍ (കുട്ടികളുടെ വിദ്യാഭ്യാസം) എന്ന പൊതുവായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
1971-ല്‍ ഈ സന്ന്യാസിനി സഭയെ അതിന്റെ വളര്‍ച്ചയുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ റോമിലെ വിശ്വാസ തിരുസംഘത്തിന്റെ നേരിട്ടുള്ള അധികാരത്തിന് കീഴില്‍ അംഗീകരിക്കുകയും ഈ സന്ന്യാസിനി സഭയുടെ നിയമാവലിക്ക് പൊന്തിഫിക്കല്‍ പദവി നല്‍കുകയും ചെയ്തു. പ്രസ്തുത പൊന്തിഫിക്കല്‍ രേഖയോടൊപ്പം നല്‍കിയിരിക്കുന്ന നിയമാവലിയില്‍ ഒന്നാം ഖണ്ഡികയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ”നമ്മുടെ സന്യാസസഭ The Congregation of Teresian Carmelites (CTC) എന്നു വിളിക്കപ്പെടുന്നു. ഇത് പൊന്തിഫിക്കല്‍ അംഗീകാരമുള്ളതും ഭാരതത്തില്‍ സ്ഥാപിക്കപ്പെട്ട, സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യ കര്‍മ്മലീത്ത സന്ന്യാസ സഭയുമാണ്. 1866 ഫെബ്രുവരി 13ന് കൂനമ്മാവില്‍ ദൈവദാസി മദര്‍ ഏലീശ്വ ‘കര്‍മ്മലീത്ത
മൂന്നാം സന്യാസ സഭ’ (ടിഒസിഡി) എന്ന പേരിലാണ് ഈ സന്ന്യാസ സഭ സ്ഥാപിക്കപ്പെട്ടത്.” 1866ല്‍ മദര്‍ ഏലീശ്വ വാകയിലൂടെ ദൈവാവിഷ്കൃതമായ മൂന്നാം സഭയുടെ കര്‍മലീത്താ ചൈതന്യം എന്ന അടിസ്ഥാന സ്വഭാവത്തിന് ആഗോള കത്തോലിക്ക സഭ’അപ്പസ്തോലിക പദവി’ എന്ന തുല്യം ചാര്‍ത്തി അംഗീകാരം നല്കി.
1866-ല്‍ വരാപ്പുഴ മെത്രാപ്പോലീത്ത ആയിരുന്ന കര്‍മലീത്ത സന്ന്യാസി അഭിവന്ദ്യ ബെര്ണദീന് ബച്ചിനെല്ലി പിതാവ് ഔദ്യോഗിക അംഗീകാരം നല്കിയ ഈ സന്ന്യാസിനി സഭയുടെ രണ്ടു ലക്ഷ്യങ്ങള്‍ക്ക് – ഒന്ന്, ദൈവമഹത്വത്തിനായി, ന്യായപ്രമാണങ്ങള്‍ അനുശാസിക്കുന്ന വ്രതങ്ങളുടെ പാലനത്തിലൂടെയും ഇന്ദ്രിയനിഗ്രഹത്തിലൂടെയുമുള്ള സ്വയം വിശുദ്ധീകരണവും; രണ്ട്, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റ് ഉപവി സേവനങ്ങളിലൂടെയും ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുക എന്നതും – അപ്പോസ്തോലിക അംഗീകാര മുദ്ര ചാര്‍ത്തപ്പെട്ടു.
വരാപ്പുഴ അതിരൂപത രേഖാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന 1913, 1926 വര്‍ഷങ്ങളിലെയും വര്‍ഷം രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ നിയമസംഹിതകളിലൂടെയും അനുബന്ധ ഡിക്രികളിലൂടെയും കടന്നുപോകുമ്പോള്‍ മൂന്നു
കാര്യങ്ങള്‍ നമുക്ക് വ്യക്തമാകുന്നു: ഒന്നാമതായി, കത്തോലിക്കാ സഭയുടെ നവീകരണത്തിന്, പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭയുടെ ഭിന്നതകള്‍ പരിഹരിച്ച് സത്യവിശ്വാസം കാത്തുസൂക്ഷിച്ച (1657 മുതലുള്ള മൂന്നുനൂറ്റാണ്ടുകളോളം) അതിപുരാതന കര്‍മലീത്ത സന്ന്യാസ ചൈതന്യം, ഭാരതത്തില്‍ പ്രഥമമായി കര്‍മലീത്ത സന്ന്യാസിനീ സഭയുടെ ആരംഭം കുറിച്ച മദര്‍
ഏലീശ്വായിലൂടെ ദൈവം വീണ്ടും വെളിപ്പെടുത്തി. അതിലൂടെ 17-ാം നൂറ്റാണ്ടിന്റെ മധ്യേ ആരംഭിച്ച കര്‍മലീത്താ പാരമ്പര്യം ഇന്നും കേരള കത്തോലിക്കാ സഭയുടെ ആധ്യാത്മിക ചൈതന്യമായി പ്രശോഭിക്കുന്നു.
രണ്ടാമതായി, ഏലീശ്വ വാകയില്‍ എന്ന ഒരു സാധാരണ വീട്ടമ്മയും, അന്ന എന്ന കുഞ്ഞിന്റെ അമ്മയും, താരുണ്യത്തില്‍ തന്നെ വിധവയുമായ ഈ സ്ത്രീക്ക് അന്നുവരെ ഭാരത്തില്‍ ഇല്ലാതിരുന്ന കര്‍മലീത്താ സന്ന്യാസിനീ ചൈതന്യം ദൈവം
വെളിപ്പെടുത്തി. അനിതരസാധാരണമായ പ്രതിസന്ധികളില്‍ സ്വന്തമായതെല്ലാം സന്ന്യാസ ചൈതന്യത്തില്‍ ഉപേക്ഷിച്ച് അതിതീക്ഷ്ണമായ കര്‍മലീത്ത ആന്തരികതയില്‍ നിലനിന്ന് കേരളസഭയ്ക്കും ഭാരതസഭയ്ക്കും കര്‍മലീത്ത ചൈതന്യത്തിന്റെ പുതിയൊരു സരണി പ്രദാനം ചെയ്തു.
മൂന്നാമതായി, ഒന്നര നൂറ്റാണ്ടു മുമ്പ് കാലഘട്ടത്തിന്റെ ആവശ്യമായിരുന്ന സ്ത്രീചൈതന്യത്തിന്റെ സാമൂഹ്യമായ വീണ്ടെടുപ്പിന് ഈ സന്ന്യാസ സഭ കാരണമായി. പിന്നീടുള്ള കാലഘട്ടങ്ങളില്‍ കേരളസ്ത്രീത്വത്തിന് സന്ന്യാസജീവിത സ്വാതന്ത്ര്യവും, സ്വയം തീരുമാനത്തിനുള്ള ദൈവികാഹ്വാനവും മദര്‍ ഏലീശ്വായിലൂടെ ചരിത്രപരമായ സത്യമായി.
1971-ല്‍ അപ്പസ്തോലിക പദവി സ്ഥിരീകരിച്ച ഡിക്രിയില്‍ ഈ സഭയുടെ നാമം ‘Congregation of Teresian Carmelites’ എന്ന് അംഗീകരിച്ചു. ന്യായപ്രമാണങ്ങള്‍ 2014-ല്‍ നവീകരിക്കുകയും കൂടുതല്‍ വിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്കൊള്ളുവിധം വിപുലീകരിക്കുകയും ചെയ്തു. ഈ നവീകരിച്ച ന്യായപ്രമാണങ്ങള്‍ 2015 ഡിസംബര്‍ 8-ാം തീയതി വത്തിക്കാനിലെ തിരുസംഘം
അംഗീകരിച്ചു.

