ലേഖനം / ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി
പ്രൊവിന്‍ഷ്യല്‍, മഞ്ഞുമ്മല്‍ കര്‍മലീത്താ നിഷ്പാദുക സഭ വിശുദ്ധ പത്താം
പീയൂസിന്റെ പ്രോവിന്‍സ്
ആമുഖം
നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയായി (ടിഒസിഡി) ജനിച്ച് വളര്‍ന്ന്
തെരേസ്യന്‍ കര്‍മലീത്താ സഭ (സിടിസി) ആയിത്തീര്‍ന്ന സന്ന്യാസ സമൂഹം
കര്‍മലീത്താ കുടുംബാരാമത്തില് വിരിഞ്ഞ ഒരു പുഷ്പമാണ്. പക്ഷെ, ഈ സഭയുടെ
സിദ്ധിയെക്കുറിച്ച് പറയുമ്പോള്‍, കര്‍മലീത്താ സിദ്ധിയെന്ന് മാത്രം
പറഞ്ഞാല്‍ പോരാ, അതില്‍ അടിസ്ഥാനമിട്ട് തനതായ രൂപത്തില്‍ വളര്‍ന്ന്
നിര്‍വചിക്കപ്പെട്ട സിടിസി സിദ്ധിയുടെ പുതിയ രൂപത്തെക്കുറിച്ച് പറയണം.
സഭയുടെ സ്ഥാപികയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായിലൂടെയാണ് ഈ പരിണാമം
നടന്നത്. സ്ഥാപികയുടെ പ്രകൃത്യാ ലഭ്യമായിരുന്ന ആത്മീയ ചക്രവാളമായ
കര്‍മലീത്താ ആത്മീയതയുടെ ഭൂമികയില്‍ ദൈവം തന്റെ ആത്മാവിലൂടെ, അവളില്‍
നിവേശിപ്പിച്ച അനുഭൂതിയും അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും
ഇഴുകിച്ചേര്‍ന്ന് രൂപപ്പെട്ട് ഒഴുകിയ ആത്മീയനീര്ച്ചാലാണ് സിടിസി
സഭാസിദ്ധി. അനിര്‍വചനീയമെങ്കിലും, വ്യാഖ്യാനിക്കേണ്ടത് ആവശ്യമാണ്.
വ്യാഖ്യാനിച്ചുതീര്ന്നു എന്ന് പറയാതിരുന്നാല്‍ മതി. വ്യാഖ്യാനം ഒരു
പ്രക്രിയയാണ്. സിദ്ധി ഒരു ‘വസ്തു’വല്ല, പുനര്‍വ്യാഖ്യാനത്തിലൂടെ വളരുന്ന,
വളരേണ്ട ‘യാഥാര്‍ത്ഥ്യവും’ ‘രഹസ്യവു’മാണ്.
- സിടിസി സിദ്ധിയുടെ കര്‍മലീത്താ സത്ത
കര്‍മലീത്താ പശ്ചാത്തലം കേരളസഭയുടെ തന്നെ അവിഭാജ്യ ഘടകമാണല്ലോ. ആ
കാലഘട്ടവും സാഹചര്യവും വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ജീവിതത്തിന്റെയും
ആത്മീയതയുടെയും അനിര്വാര്യതയാണ്. കര്‍മലീത്താ അജപാലന സംസ്കാരത്തില്‍
ഓച്ചന്തുരുത്തില് ജനിക്കുകയും വിവാഹത്തിലൂടെ കര്‍മലീത്താ മിഷനറി
പ്രവര്‍ത്തനത്തിന്റെ ഭൂമിശാസ്ത്രപരമായും ബൗദ്ധികവുമായും
ഒഴിച്ചുകൂടാനാവാത്ത പ്രധാന ഭൂമികയായ കൂനമ്മാവില്‍ ജീവിക്കുകയും അവിടെ
ദൈവം തന്നില്‍ അങ്കുരിപ്പിച്ച രക്ഷാകര ചരിത്രത്തിന്റെ ഭാഗമായി തന്നിലൂടെ
ദൈവം നിവര്ത്തിതമാക്കാനായി ആഗ്രഹിക്കുന്ന പദ്ധതി തിരിച്ചറിഞ്ഞ്
തീരുമാനമാക്കി, യാഥാര്‍ത്ഥ്യമാക്കി മുന്നേറുമ്പോള്‍ അതിന് താങ്ങും
തണലുമായി നിന്നവര്‍ മിഷനറിമാരായ ലെയോപോള്‍ഡ് ബെക്കാറോ അച്ചനും
ബര്ണാര്ദീനോ ബച്ചിനെല്ലി പിതാവുമാണ്.
സന്ന്യാസജീവിതം തുടങ്ങി, 1886-ല്‍ ഹയറാര്‍ക്കി വിഭജനത്തോടെ
കൂനമ്മാവില്‍നിന്ന് പുറത്താക്കപ്പെട്ട അമ്മ എത്തിച്ചേരുന്നത് കര്‍മലീത്താ
മിഷനറിമാരുടെ ഈറ്റില്ലമായ വരാപ്പുഴയിലാണ്.

ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി
സ്വാഭാവികമായി സന്ന്യാസജീവിതത്തിന് രൂപം കൊടുക്കുമ്പോള്‍ ഏലീശ്വാമ്മയുടെ
മനസ്സില്‍ രൂപപ്പെട്ട ചിന്തകളും പ്രചോദനങ്ങളും തീരുമാനങ്ങളും മൂല്യങ്ങളും
ആശകളും എല്ലാ കര്‍മലീത്താ ആത്മീയമണ്ഡലത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്
എന്നത് അനിഷേധ്യമാണ്.
അടിസ്ഥാന നിമിഷങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ സാമ്യങ്ങള്‍ വ്യക്തമാകും.
1) കുരിശുയുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയും നിരാശയും അനുഭവിച്ച്
അസ്തിത്വത്തിന്റെ നിലനില്‍ക്കുന്ന ലക്ഷ്യപ്രാപ്തി തേടി യാത്ര തുടങ്ങുന്ന
കര്‍മല മലയിലെ പൂര്വപിതാക്കന്മാര്.
വിവാഹം കഴിച്ച് കുടുംബജീവിതം കഴിച്ച് അമ്മയായി, വിധവയായി ജീവിച്ച
ഏലീശ്വാമ്മ അസ്തിത്വത്തിന്റെ ആത്യന്തികലക്ഷ്യം തിരിച്ചറിഞ്ഞും സന്ന്യാസം
വരിക്കുന്നു.
2) ‘പ്രാചീന നിയമാവലി’ പ്രകാരം ഒന്നിച്ച് പ്രാര്‍ത്ഥിക്കുകയും
ബലിയര്‍പ്പിക്കുകയും യോഗം കൂടുകയും ഭക്ഷിക്കുകയും ജോലി ചെയ്യുകയും
ചെയ്യുന്ന കര്‍മലീത്ത ആന്തരിക തീര്‍ത്ഥാടനമാണ് ജീവിതശൈലിയാക്കിയത്.
ഏലീശ്വാമ്മയും ഒരു ആന്തരിക തീര്‍ത്ഥാടനത്തിന് ആഗ്രഹിച്ച് യാത്ര
തുടങ്ങുമ്പോള്‍ സഹോദരിയും മകളും സമൂഹജീവിതഭാഗമായി.
3) വിശുദ്ധ അമ്മ ത്രേസ്യയിലൂടെ നവീകരിക്കപ്പെട്ട സഭാംഗങ്ങള്‍
പ്രാര്‍ത്ഥനയിലൂടെ യേശുവിന്റെ ഉറ്റ സ്നേഹിതരായി, സ്നേഹത്തിലൂടെ
സമൂഹത്തില്‍ സഹോദരരായി, പ്രേഷിതചൈതന്യത്തിലൂടെ സഭയുടെ വിശ്വസ്ത
പ്രേഷിതരും പ്രവാചകരുമായി.
ഏലീശ്വാമ്മ രൂപീകരിച്ച ജീവിതശൈലിയില്‍ പ്രാര്‍ത്ഥന, സമൂഹത്തിലെ
സാഹോദര്യവും സഭാ ശുശ്രൂഷയും മനോഹരമായി സമ്മേളിക്കുന്നു.
ഈ കര്‍മലീത്താ സിദ്ധിതടത്തില് പൊട്ടിമുളച്ച് വളര്‍ന്ന സിടിസി സിദ്ധിയുടെ
സവിശേഷ ഘടകങ്ങള്‍ ഏവയെന്ന് ചോദിക്കാം.
3) സിടിസി സിദ്ധി
യേശുവിനോടുള്ള പ്രണയബന്ധമായ സ്നേഹമാണ് കേന്ദ്രമൂല്യം. ആ ബന്ധം
പ്രഥമസ്ഥാനത്തും ഏകസ്ഥാനത്തും വയ്ക്കുമ്പോള്‍ മറ്റാര്‍ക്കും മറ്റൊന്നിനും
അതിനു പകരമാകാന്‍ പറ്റാത്തവിധം ഗാഢവും അഗാധവുമായ ബന്ധമായി അതു മാറുന്നു.
അതിന് പ്രേരണയും ശക്തിയും നല്കുന്ന അനുഭവമാണ് പ്രാര്‍ത്ഥന. രണ്ടു
വ്യക്തികള്‍ തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ അനുഭവവും ആസ്വാദനവും
പ്രകടനവുമാണത്.
അത് സാധ്യമാകാന്‍ ശക്തമായ തപശ്ചര്യ ആവശ്യമാണ്. അച്ചടക്കത്തില്‍ ജീവിതത്തെ
ക്രമീകരിച്ച് ദൈവദിശയിലേക്ക് നിലനില്‍പ്പോടെ നിര്‍ത്തുന്ന അനുഭവമാണ്
തപശ്ചര്യ.
ആ തപശ്ചര്യയുടെ ശക്തമായ പ്രകടനരീതിയാണ് വ്രതാനുഷഠാന ജീവിതം.
അസ്തിത്വത്തിന്റെ അടിസ്ഥാന അവകാശങ്ങളായി ഇഷ്ടമുള്ള വ്യക്തിയെ സ്നേഹിച്ച്
സ്വന്തമാക്കി കുടുംബം സ്ഥാപിക്കാനുള്ള അവകാശം ഉപേക്ഷിച്ച് യേശുവിനെയും
യേശുവില്‍ പ്രപഞ്ചത്തേയും സ്നേഹിക്കാനുമുള്ള കഴിവാണ് ബ്രഹ്മചര്യവ്രതം.
എന്തും സ്വന്തമെന്ന് അവകാശപ്പെടാനുള്ള അവകാശം വേണ്ടെന്നുവച്ച് സ്വത്തും
സമ്പത്തും പേരും പെരുമയും സുഖവും ആഡംബരങ്ങളും ഉപേക്ഷിച്ച് ദൈവത്തില്‍
പ്രപഞ്ചം മുഴുവനും സ്വന്തമാകുന്ന രീതിയാണ് ദാരിദ്ര്യം.
ജീവിതത്തെക്കുറിച്ച് സ്വന്തം സ്വപ്നങ്ങളും പദ്ധതികളും രൂപപ്പെടുത്തി
യാഥാര്‍ത്ഥ്യമാക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ അവകാശം അടിയറവച്ച് ദൈവഹിതം
നിറവേറ്റുമ്പോള്‍ സാധ്യമാകുന്ന അനന്തമായ സ്വാതന്ത്ര്യം അനുഭവിക്കലാണ്
അനുസരണം.
ഇപ്രകാരം സാധ്യമാകുന്ന സംലഭ്യതയും മാതൃത്വവും ഹൃദയവിശാലതയും
സമൂഹജീവിതത്തിന്റെ ആസ്വാദനത്തിലേക്കു നയിക്കുന്നു. ഒരു പുതിയ
കുടുംബത്തിന്റെ അനുഭവമായി സമൂഹജീവിതം മാറുന്നു.
ആ സമൂഹത്തിന്റെ കൂട്ടായ്മയും ആത്മീയ ഊര്‍ജ്ജവും സഭയുടെ
പ്രേഷിതത്വത്തിലേക്ക് അവരെ തള്ളിവിടും. സഭാത്മകമാനത്തോടും സഭയുടെ
ദൗത്യത്തെക്കുറിച്ചുള്ള അവബോധത്തോടുംകൂടി ശുശ്രൂഷകളില്‍ മുഴുകുന്ന
വ്യക്തികളാണവര്‍.
ആ ശുശ്രൂഷകളില്‍ അവരുടെ ശ്രദ്ധ ചെന്നെത്തുന്നത് പുറമ്പോക്കിലുള്ളവരും
അവഗണിക്കപ്പെട്ടവരും അവശരും അശരണരും നിസ്സാഹായരുമായ വ്യക്തികള്‍, അവരില്‍
പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലാണ്. അവരുടെ
വിദ്യാഭ്യാസവും സാമൂഹികക്ഷേമവും അതോടൊപ്പം ആത്മീയോന്നമനവും ആ ശുശ്രൂഷകളടെ
ലക്ഷ്യമായി മാറുന്നു.
അങ്ങനെ യേശുവിനോട് ഗാഢബന്ധത്തില്‍, അത് സാധ്യമാക്കുന്ന പ്രാര്‍ത്ഥനയില്‍,
തപശ്ചര്യയില്‍, വ്രതബദ്ധതയില്, സമൂഹത്തിന്റെ സാഹോദര്യത്തില്‍, സഭയോടുള്ള
വിശ്വസ്തതയില്‍, സാധുക്കളോടുള്ള സ്നേഹത്തില്‍ മുഴുകിയ ജീവിതമാണ് സിടിസി
സിദ്ധിക്കനുസരിച്ചുള്ള ജീവിതം.
ഉപസംഹാരം
ഈ തെരേസ്യന്‍ കര്‍മലീത്താ ജീവിതശൈലി വാഴ്ത്തപ്പെട്ട ഏലീശ്വാമ്മ
പരിശുദ്ധത്മാവിന്റെ പ്രചോദനത്താല്‍ സ്വീകരിച്ച ദാനത്തില്‍നിന്ന്
ഉരുത്തിരിഞ്ഞതാണ്. അന്തിമ വിശകലനത്തില്‍ അത് യേശുവിനോടുള്ള
ശിഷ്യത്വത്തിന്റെ സമൂലമാണ്, ജീവിതമാണ്.

