അബൂജ: നൈജീരിയയിലെ ഔചി രൂപതയുടെ കീഴിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു സെമിനാരി അംഗങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബി എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നു ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ പത്താം തീയതി രാത്രിയാണ് സായുധസംഘം അമലോത്ഭവമാതാ സെമിനാരി ആക്രമിച്ച് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടുപോയത്. ജൂലൈ 18നു ജാഫെറ്റ് ജെസ്സെ എന്ന സെമിനാരി വിദ്യാര്‍ത്ഥി സ്വാതന്ത്രനാക്കപ്പെട്ടിരുന്നു. ഇതിനിടെ ക്രിസ്റ്റഫർ അവനെഗിയെമേ എന്ന സെക്യൂരിറ്റി ജീവനക്കാരനും കൊല്ലപ്പെട്ടിരുന്നു.
നവംബർ നാലിന് ജോഷ്വാ അലെയോബ്വാ എന്ന വൈദിക വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യം നേടി. ഇതിനിടെയാണ് തടവിലുണ്ടായിരിന്ന മറ്റൊരു വൈദിക വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.
യുവ വൈദിക വിദ്യാർത്ഥിയുടെ മരണത്തിൽ ഔചി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഗബ്രിയേൽ ഗ്യാക്കൊമോ ദുനിയാ ദുഃഖം രേഖപ്പെടുത്തി. ആളുകളുടെ ജീവൻ സംരക്ഷിക്കാൻവേണ്ടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം സുരക്ഷാസേനകളോട് അഭ്യർത്ഥിച്ചു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ തുടര്‍ന്നു കുപ്രസിദ്ധമായ നൈജീരിയയ്ക്കെതിരെ ശക്തമായ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് അടുത്തിടെ രംഗത്ത് വന്നിരിന്നു.

