ഫാ. ജോഷി മയ്യാറ്റിൽ
കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ. നൂറിലേറെ ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും രണ്ടായിരത്തിലേറെ ബൈബിൾ വീഡിയോകളുടെ അവതാരകനും അമ്പതിലേറെ ബൈബിൾ ചിത്രകഥകളുടെ കർത്താവുമാണ് അദ്ദേഹം.
മലയാളത്തിൽ ബൈബിൾ കമൻ്ററിയെക്കുറിച്ചു കേട്ടുകേൾവി പോലും ഇല്ലാത്ത കാലത്ത് ‘ബൈബിൾ തീർത്ഥാടനം’ എന്ന ചെറുഗ്രന്ഥപരമ്പരയിലൂടെ പഠന മനസ്സുള്ളവർക്ക് വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള അക്കാദമിക ധാരണകൾ അദ്ദേഹം പകർന്നുനല്കി.
ബൈബിൾ പഠനത്തിൻ്റെ പ്രാരംഭാസ്വാദനം എനിക്കു ലഭിച്ചത് ആ ചെറുഗ്രന്ഥങ്ങളിലൂടെ ആയിരുന്നു എന്നു സാക്ഷ്യപ്പെടുത്താൻ സന്തോഷമുണ്ട്. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ അന്തർദ്ദേശീയ ബൈബിൾ കോളേജ് ആരംഭിച്ചപ്പോൾ അതിൻ്റെ ആദ്യത്തെ ഡയറക്ടറായി ശുശ്രൂഷ ചെയ്തത് കാരിമറ്റം അച്ചനായിരുന്നു.
‘ബൈബിളിലൂടെ ഒരു തീർത്ഥാടനം’ എന്ന പേരിൽ ഗുഡ്നസ് ടിവി ഒരു ബൈബിൾ പഠന ദൃശ്യപരമ്പര ആരംഭിച്ചപ്പോഴും അതിൽ ആദ്യ ക്ലാസ്സുകൾ അച്ചൻ്റേതായിരുന്നു. 2002 മുതൽ 2022 വരെ തൃശ്ശൂർ മേരി മാതാ മേജർ സെമിനാരിയിൽ അദ്ദേഹം പ്രൊഫസറായും ആത്മീയ പിതാവായും സേവനമനുഷ്ഠിച്ചു.ഇത്രയേറെ സർഗാത്മകതയോടെയും ജനകീയതയോടെയും വിശുദ്ധ ഗ്രന്ഥ ശുശ്രൂഷ ചെയ്ത ഒരു ബൈബിൾ പണ്ഡിതനെ കൈരളി കണ്ടിട്ടില്ല.
അദ്ദേഹം തയ്യാറാക്കിയ ബൈബിൾ ചിത്രകഥകളുടെ പരമ്പര അനേകായിരം കുട്ടികൾക്ക് ബൈബിളിലേക്കുള്ള ഇമ്പമാർന്ന ക്ഷണമായിത്തീർന്നു. മൈക്കിളച്ചൻ്റെ ഭാവനയിൽ വിരിഞ്ഞ ബൈബിൾ ലാൻഡ് മാപ് മുരിങ്ങൂർ ഇംഗ്ലീഷ് ധ്യാനകേന്ദ്രം, തൃശൂർ മേജർ സെമിനാരി എന്നിവിടങ്ങളിൽ ആയിരങ്ങൾക്ക് വിശുദ്ധനാടിൻ്റെ ഭൂമിശാസ്ത്രധാരണ പകർന്നുനല്കി.
വ്യക്തിപരമായി, മൈക്കിൾ കാരിമറ്റം അച്ചനുമായി എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. കൂടെക്കൂടെ അദ്ദേഹം എന്നെ വിളിക്കുമായിരുന്നു – പ്രത്യേകിച്ച്, ഹീബ്രുമൂലത്തെ അധികരിച്ചുള്ള ചർച്ചകൾക്കും വിശ്വാസസംബന്ധിയായി ഉയന്നുവരുന്ന വിവാദങ്ങളിൽ അഭിപ്രായങ്ങൾ തേടാനുമായി കഴിഞ്ഞ ഏതാനും നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്ന മൈക്കിളച്ചൻ തന്നെ ഇൻ്റൻസിവ് യൂണിറ്റിൽ പ്രവേശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായ അഭിവന്ദ്യ പാംബ്ലാനിപ്പിതാവിനെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരുന്നതായി പറഞ്ഞുകേൾക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തൻ്റെ ബൈബിൾ തപസ്യ പൂർത്തിയായെന്നും താൻ പിതാവിൻ്റെ പക്കലേക്കു പോവുകയാണെന്നും ദൈവത്തോടും സഭയോടും സഹോദരവൈദികരോടും തനിക്കു വലിയ കടപ്പാടുണ്ടെന്നും വ്യക്തമാക്കി അയച്ച വീഡിയോ സന്ദേശം അങ്ങേയറ്റം ഹൃദയസ്പർശിയായിരുന്നു. 83-ാം വയസ്സിലെ ആ അന്ത്യവചസ്സുകൾക്ക് ലളിതമായൊരു മൊഴിമാറ്റം സാധ്യമാണ്: *”എല്ലാം പൂർത്തിയായി!”*

