ഖ്വാര്തോം: ലോകത്തിലെ പീഡിപ്പിക്കപ്പെടുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദൈവവചനം ഉപയോഗിക്കുക എന്നതാണെന്നു ക്രിസ്ത്യാനിയായതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഡാനീസ് വനിത മറിയം ഇബ്രാഹിം.
പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ 2025-ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിൽ താന്‍ ജയിലില്‍ വിശ്വാസം മുറുകെ പിടിച്ച് ഏറ്റെടുത്ത കാര്യങ്ങള്‍ വിശദീകരിച്ചു.“ജയിലിൽ പ്രാർത്ഥനയായിരുന്നു തന്റെ ശക്തി” എന്നു ഒക്ടോബർ 21ന് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ അവര്‍ വെളിപ്പെടുത്തി.
“പീഡിപ്പിക്കപ്പെടുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കണമെന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ, ഞാൻ പറയും: അവർക്ക് ദൈവവചനം ലഭിക്കാൻ പ്രാർത്ഥിക്കുക.” പല രാജ്യങ്ങളിലും, ബൈബിൾ സ്വന്തമാക്കുന്നത് ഭീകരപ്രവർത്തനമായിട്ടാണ് കാണുന്നതെന്നും എന്നാൽ ബൈബിൾ ഒരു ഭീഷണിയല്ലായെന്നും സകലരുടെയും രക്ഷയുടെ ഗ്രന്ഥമാണെന്നും മറിയം പറഞ്ഞു.
ജയിലിൽ തന്റെ ബൈബിൾ സൂക്ഷിക്കുവാന്‍ നടത്തിയ ശ്രമം അവര്‍ വിവരിച്ചു.”ബാത്ത്റൂമിൽവെച്ച് ബൈബിള്‍ വായിക്കാൻ വേണ്ടി എനിക്ക് ബൈബിള്‍ പേജുകൾ മുറിച്ച് മുടിയിൽ ഒളിപ്പിക്കേണ്ടി വന്നു. ആരും കാണാതെ എനിക്ക് അത് തുറക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം അതായിരുന്നു. ഇന്നു ഞാൻ പോകുന്നിടത്തെല്ലാം ആ ജയിൽ ബൈബിൾ എന്റെ കൂടെ കൊണ്ടുപോകാറുണ്ട്.”
തന്റെ പിതാവിനെപ്പോലെ ഒരു മുസ്ലീമായിരിക്കണമെന്ന് ശരീഅത്ത് നിയമം പിന്തുടരാതെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെയാണ് വിശ്വാസത്യാഗം ആരോപിച്ച് മറിയം അറസ്റ്റിലാകുന്നത്. 2014-ൽ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, 100 ചാട്ടവാറടിയും ജയില്‍ വാസവും വിധിക്കുകയായിരിന്നു.
നീണ്ട പോരാട്ടത്തിന് ഒടുവില്‍ മോചനം ലഭിച്ച ഈ യുവതി അമേരിക്കയിലേക്ക് കുടിയേറി. വിശ്വാസത്തിന് വേണ്ടി നിരന്തരം പീഡനം ഏറ്റുവാങ്ങിയ ഈ യുവതി ഇന്നു ക്രിസ്തുവിനെ അനേകര്‍ക്ക് മുന്നില്‍ പ്രഘോഷിക്കുകയാണ്.

