വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരത്തിലെത്തിയ അൻപതിനായിരത്തിലധികം ആളുകളുടെ സാന്നിദ്ധ്യത്തില്‍ വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗത പദവിയിലേക്ക് ലെയോ പാപ്പ പ്രഖ്യാപിച്ചു.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി ഇന്നലെയാണ് പ്രഖ്യാപനം നടന്നത്. സകലവിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ന്യൂമാനെ വേദപാരംഗതരുടെ പട്ടികയിൽ ചേർക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, വിശുദ്ധ തോമസ് അക്വിനാസിനൊപ്പം അദ്ദേഹത്തെ വിദ്യാഭ്യാസമേഖലയിലുള്ളവരുടെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു.
വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ, ന്യൂമാന്റെ ജീവചരിത്രം വായിക്കുകയും വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്ന് പാപ്പയോട് ഔപചാരികമായി അഭ്യർത്ഥിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സാംസ്കാരിക-അദ്ധ്യാത്മികമേഖലകളിൽ ഉയർന്ന ഒരു വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ന്യൂമാന്റേതെന്നും, അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറകൾക്ക് പ്രചോദനമേകുന്നതാണെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമുള്ള ഒരു വിളിയാണെന്നും “നിങ്ങൾ വിശുദ്ധരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന്” ബെനഡിക്ട് പതിനാറാമൻ പാപ്പാ യുവജനങ്ങളോട് പറഞ്ഞത് അനുസ്മരിക്കുകയാണെന്നും പാപ്പ പറഞ്ഞു.
സ്കൂളുകളെ സംവാദത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരത്തിലേക്കുള്ള ഒരു കവാടമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു. നിരാശയിലേക്ക് നയിക്കുന്ന ചിന്തകളെ ഉപേക്ഷിച്ച്, ലോകത്തെങ്ങും പ്രത്യാശ പരത്താൻ വിദ്യാഭ്യാസലോകത്തുള്ളവരുൾപ്പെടെ ഏവരോടും പാപ്പ ആവശ്യപ്പെട്ടു.
1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു. കർദ്ദിനാൾ ന്യൂമാന്റെ മധ്യസ്ഥതയാൽ നടന്ന ആദ്യത്തെ അത്ഭുതമായ ഡീക്കൻ സള്ളിവന്റെ രോഗശാന്തിയെ വത്തിക്കാൻ അംഗീകരിച്ചതിനെ തുടർന്ന്, 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 2019 ഒക്ടോബര്‍ 13നു ഫ്രാന്‍സിസ് പാപ്പയാണ് മലയാളിയായ മറിയം ത്രേസ്യ, മാര്‍ഗരീത്ത ബേയ്സ്, ജൂസപ്പീന വനീനി, ദുള്‍ച്ചെ ലോപ്പസ് എന്നിവര്‍ക്കൊപ്പം കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

