വത്തിക്കാൻ: വിശുദ്ധനഗരമായ റോമിലെ വത്തിക്കാനിൽ വച്ച് കൊല്ലം രൂപതയിൽനിന്നുള്ള കെ.ആർ.എൽ.സി.സി. അംഗമായ ജെയിൻ ആൻസിൽ ഫ്രാൻസിസിൻറെ “അവൾക്കുവേണ്ടിയുള്ള വിചാരങ്ങൾ” എന്ന പുസ്തകം (ലേഖനസമാഹാരം) പ്രകാശനം ചെയ്തുതു.
കൊല്ലം രൂപതയിൽ നിന്ന് വിശുദ്ധനാട്ടിലെത്തിയ തീർത്ഥാടക സംഘത്തിൻറെ സാന്നിദ്ധ്യത്തിൽ കൊല്ലം രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ. പോൾ ആൻറണി മുല്ലശ്ശേരി, കൊല്ലം രൂപതാ വികാർ ജനറൽ റവ. ഡോ. ബൈജു ജൂലിയാനു നല്കിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് തീർത്ഥാടന വർഷത്തിൻറെ പുണ്യം തേടിയെത്തിയ തീർത്ഥാടകർ പുസ്തക പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു.
മോൺസിഞ്ഞോർ ജോർജ് മാത്യൂ, കൊല്ലം ഇൻഫൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൻറെ പ്രിൻസിപ്പിൾ റവ.ഡോ. സിൽവി ആൻറണി, ഫാ. ബിജു ജോസഫ്, ഫാ. നിജേഷ് ഗോമസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വി.ടി. കുരീപ്പുഴയുടെ സ്ഥിതി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ഷാജി ജോർജ്,പ്രണതാ ബുക്സാണ്.
കൊല്ലം രൂപതയുടെ മാത്രമല്ല ഭാരതസഭയുടെ തന്നെ മുതൽക്കൂട്ടാണ് ജെയിൻ ആൻസിൽ ഫ്രാൻസിസെന്ന് കൊല്ലം മെത്രാൻ അഭിപ്രായപ്പെട്ടു. സ്ത്രികളുടെ ഉന്നമനത്തിന് വേണ്ടി ജെയിൻ ആൻസിൽ നല്കിയ സംഭാവനകൾ നിസ്തുലമാണ്. സഭയിലെ സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും വിശ്വാസപരമായ പോരാട്ടങ്ങൾ നയിക്കുന്നതിലും അവർ കാണിച്ച ശുഷ്കാന്തി വിസ്മരിക്കാനാവില്ലെന്നും പിതാവ് പറഞ്ഞു.
ജെയിൻ ആൻറി എന്ന കൊല്ലം രൂപതയിലെ ആബാലവൃദ്ധം ജനങ്ങളും സ്നേഹത്തോടെ വിളിക്കുന്ന ജെയിൻ ആൻസിൽ ഫ്രാൻസിസിൻറെ പുസ്തകം പ്രകാശനം ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജെയിൻ ആൻസിൽ ഫ്രാൻസിസിൻറെ ഭർത്താവായ പ്രൊഫ. ആൻസിൽ ഫ്രാൻസിസിനെ അനുസ്മരിച്ചുകൊണ്ടാണ് പുസ്തകം സ്വീകരിച്ച കൊല്ലം രൂപത വികാർ ജനറൽ റവ.ഡോ. ബൈജു ജൂലിയാൻ തൻറെ ആശംസാപ്രസംഗം ആരംഭിച്ചത്.
ജെയിൻ ആൻറിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ടാണ് വിശുദ്ധ പത്രോസിൻറെ നാമധേയത്തിലുള്ള സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിൽ വച്ച് ഇത്തരമൊരു പുസ്തകപ്രകാശനം നടത്താൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ആൻറിക്ക് ഇനിയും ധാരാളം പുസ്തകങ്ങൾ രചിക്കാൻ കഴിയട്ടെയെന്ന് എല്ലാവരും ആശംസിച്ചു.
കേരളത്തിനകത്തും പുറത്തും നിരവധി സംഘടനങ്ങളിൽ പ്രവർത്തിക്കാനും ഭാരവാഹിയാകാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഈ പുസ്തകത്തിൻറെ എഴുത്തുകാരിയായ ജെയിൻ ആൻസിൽ ഫ്രാൻസിസ്. നിലവിൽ കോൺഗ്രസ്സിൻറെ ഡി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറിയും കെ.ആർ.എൽ.സി.സി. അംഗവും കെ.ആർ.എൽ.സി.ബി.സി. വിമൺസ് കമ്മീഷന്ർ കൊല്ലം രൂപത എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ്.
കൗൺസിൽ ഓഫ് കാത്തലിക് വിമൺ ഓഫ് ഇന്ത്യയുടെ നാഷണൽ വൈസ് പ്രസിഡൻറായിരുന്ന ജെയിൻ ആൻസിൽ ഇപ്പോൾ ആ സംഘടനയുടെ നാഷണൽ കോർ കമ്മിറ്റി അംഗമാണ്. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ മെമ്പർ, കെ.ആർ.എൽ.സി.സിയുടെ (കേരള റീജിണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ) സംസ്ഥാന സെക്രട്ടറി (2 പ്രാവശ്യം) കെ.സി.ബി.സി വിമൺസ് കമ്മീഷന്ർ എക്സിക്യൂട്ടീവ് സെക്രട്ടറി (2 പ്രാവശ്യം) എന്നീ സ്ഥാനങ്ങൾ അലങ്കരിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻറെ സ്ഥാപക പ്രസിഡൻറാണ് ജെയിൻ ആൻസിൽ ഫ്രാൻസിസ്.

