എഡിറ്റോറിയൽ / ജെക്കോബി
കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ സിപിഐയെ മാത്രമല്ല, മന്ത്രിസഭയെയും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയും കേരളത്തിലെ ജനങ്ങളെയും ഇരുട്ടില്‍ നിര്‍ത്തിയാണ്
പിഎംശ്രീ എന്ന ചുരുക്കപ്പേരുള്ള പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ എന്ന കേന്ദ്ര വിദ്യാഭ്യാസ മോഡല്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് എന്ന വെളിപ്പെടുത്തല്‍ കേരളരാഷ് ട്രീയത്തെ പ്രകമ്പനംകൊള്ളിച്ചു. ഇടതുപക്ഷവും കേരള സര്‍ക്കാരും രാഷ് ട്രീയമായും പ്രത്യയശാസ്ത്രപരമായും അതിശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന മോദി സര്‍ക്കാരിന്റെ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) അംഗീകരിക്കുന്നതിന്റെ പ്രത്യക്ഷ പ്രമാണമാണ് ആ ധാരണാപത്രം.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, സംസ്ഥാനത്ത് പാര്‍ട്ടിയിലോ ഭരണമുന്നണിയിലോ പോലും ഒരു കൂടിയാലോചനയുമില്ലാതെ, തിടുക്കത്തില്‍ പിഎംശ്രീ ഉടമ്പടി ഒപ്പുവച്ചതിനു പിന്നിലെ നയപരമായ മലക്കംമറിച്ചിലിന്റെ ആഘാതത്തെക്കാള്‍ ആശങ്കാജനകമാണ് അതിലേക്കു നയിച്ച ബിജെപിയുമായുള്ള നിഗൂഢ ധാരണയിലെ രാഷ് ട്രീയ വഞ്ചന എന്ന് ഭരണപക്ഷത്തുള്ളവര്‍ തന്നെ വിളിച്ചുപറയുകയായിരുന്നു.
ഇന്ത്യയുടെ ബഹുസ്വര, മതേതര, ജനാധിപത്യ സാംസ്കാരിക മൂല്യങ്ങളെ നിരാകരിക്കുകയും, ഭാരതീയ വിജ്ഞാന സമ്പ്രദായങ്ങളുടെയും പാരമ്പര്യങ്ങളുടെയും പേരില്‍ ആര്‍എസ്എസിന്റെ വംശീയ പ്രത്യയശാസ്ത്രവും ഹിന്ദുത്വത്തിന്റെ ദേശീയ കാഴ്ചപ്പാടും ചരിത്രത്തിന്റെ അപനിര്‍മിതിയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ഭരണഘടനയിലെ ഫെഡറല്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനത്തോടെയാണ് ഇടത് പാര്‍ട്ടികളുടെ ദേശീയ നേതൃത്വവും പാര്‍ട്ടി കോണ്‍ഗ്രസും, രാജ്യത്ത് ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളവും മോദിയുടെ നവ വിദ്യാഭ്യാസ നയത്തെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നത്.
കാവിവത്കരിക്കപ്പെട്ട കരിക്കുലവും ബോധന രീതികളുമാണ് എന്ഇപിയുടേതെന്നും, കേരളം കെട്ടിപ്പടുത്തിട്ടുള്ള ലോകനിലവാരമുള്ള വിദ്യാഭ്യാസ മാതൃകയ്ക്ക് കോട്ടം വരുത്തുന്ന കേന്ദ്ര ഇടപെടല്‍ ഒരിക്കലും അനുവദിക്കാനാവില്ലെന്നുമാണ് ഏതാനും ദിവസം മുന്‍പുവരെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത്. എന്‍ഇപിയുടെ മികവ് പ്രദര്‍ശിപ്പിക്കുന്ന ദേശീയ ബ്രാന്‍ഡ് ആയി ഉയര്‍ത്തിക്കാട്ടുന്നതിന് രാജ്യത്തെ ഓരോ ബ്ലോക്കിലും രണ്ട് പൊതുവിദ്യാലയങ്ങള്‍ വീതം തിരഞ്ഞെടുത്ത്, സ്മാര്‍ട്ട് ക്ലാസ്റൂം, കംപ്യൂട്ടര്‍ ലാബ്, ഇന്റഗ്രേറ്റഡ് സയന്‍സ് ലാബ്, വൊക്കേഷണല്‍ ലാബ്,സ്കില്‍ ലാബ്, ടിങ്കറിങ് ലാബ്, ലൈബ്രറി, സ്പോര്‍ട്സ് സൗകര്യങ്ങള്‍, യോഗ ക്ലബ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള ശൗചാലയങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള റാമ്പുകള്‍, കുടിനീരിനും വെളിച്ചത്തിനും മറ്റുമായി പരിസ്ഥിതിസൗഹൃദ ഊര്‍ജസ്രോതസുകള്‍, മാലിന്യസംസ്കരണത്തിനും ശുചിത്വ സംരക്ഷണത്തിനുമുള്ള നവീന സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിന് ഓരോ സ്കൂളിനും 1.13 കോടി രൂപ ചെലവഴിക്കുകയും അതിന്റെ 60 ശതമാനം കേന്ദ്ര വിഹിതമായി വകയിരുത്തുകയും ചെയ്യുന്ന പദ്ധതിയാണ് പിഎംശ്രീ. പ്രധാനമന്ത്രിയുടെ പടവും പിഎംശ്രീ മുദ്രയും സ്കൂളിന്റെ പേരിനൊപ്പം പ്രദര്‍ശിപ്പിക്കണം.
ദേശീയതലത്തില്‍ 2022 സെപ്റ്റംബറില്‍ നടപ്പാക്കിതുടങ്ങിയ പിഎംശ്രീ പദ്ധതിയില്‍ ചേരാതെ ഇതുവരെ ചെറുത്തുനിന്നത് കേരളവും തമിഴ്നാടും ബംഗാളുമാണ്. ഡല്‍ഹിയിലെയും പഞ്ചാബിലെയും ആം ആദ്മി പാര്‍ട്ടി ഭരണകൂടവും പിഎംശ്രീക്കു വഴങ്ങാതെ നിന്നെങ്കിലും സമഗ്ര ശിക്ഷ അഭിയാന് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ക്കായുള്ള കേന്ദ്ര വിഹിതം
ലഭിക്കണമെങ്കില്‍ പിഎംശ്രീ എംഒയു ഒപ്പുവയ്ക്കണമെന്ന നിബന്ധനയ്ക്കു മുമ്പില്‍ അവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുട്ടുമടക്കേണ്ട സാഹചര്യമുണ്ടായി. ത്രിഭാഷാ നയത്തില്‍ ഹിന്ദിക്കും സംസ്കൃതത്തിനും പ്രാധാന്യം നല്കുന്നതിലാണ് തമിഴ്നാട്ടിലെ ഡിഎംകെ ഗവണ്മെന്റിന്റെ പ്രധാന വിയോജിപ്പ്. 
സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുമ്പോഴും – ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കുമ്പോഴും – പ്രധാനമന്ത്രിയുടെ പടം വച്ചുള്ള ബ്രാന്‍ഡിങ്ങും ഫണ്ടിങ്ങുമായും ബന്ധപ്പെട്ടാണ് ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ എതിര്‍പ്പ്.
തമിഴ്നാട് സര്‍ക്കാര്‍ സമഗ്ര ശിക്ഷാ പദ്ധതിയില്‍ കേന്ദ്രത്തില്‍ നിന്നു കിട്ടേണ്ട 2,291 കോടി രൂപയുടെ കുടിശിക ആറു ശതമാനം പലിശ സഹിതം വാങ്ങിയെടുക്കുന്നതിന് സുപ്രീം കോടതിയെ സമീപിച്ചു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സിബിഎസ്ഇ സ്കൂളുകളില്‍ ദരിദ്രവിഭാഗങ്ങളിലെ കുട്ടികള്‍ക്കായി 25% സീറ്റുകള്‍ സംവരണം ചെയ്യുകയും അവര്‍ക്ക് ഫീസ് ഇളവ് അനുവദിക്കുകയും ചെയ്യുന്ന വകയില്‍ കേന്ദ്രത്തില്‍ നിന്നു കിട്ടേണ്ട 60% റീഇമ്പേഴ്സ്മെന്റ് വിഹിതം നേടിയെടുക്കാനായിരുന്നു അവരുടെ പ്രാഥമിക ശ്രമം.
പിഎംശ്രീ പദ്ധതി നടപ്പാക്കാത്തതിനാല്‍, മൂന്നുവര്‍ഷമായി സമഗ്ര ശിക്ഷ കേരള വിഹിതമായി കിട്ടേണ്ട 1,158.13 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കയാണ്. സംസ്ഥാനത്ത് 5.6 ലക്ഷം പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളും, ഭിന്നശേഷിവിഭാഗത്തില്‍പെടുന്ന 1.8 ലക്ഷം കുട്ടികളും ഉള്‍പ്പെടെ പിന്നാക്ക, പാര്‍ശ്വവത്കൃത വിഭാഗങ്ങളില്‍ നിന്നുള്ള 40 ലക്ഷം കുട്ടികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും, സൗജന്യ യൂണിഫോം, പാഠപുസ്തക വിതരണം, പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്, പ്രീ-പ്രൈമറി വിദ്യാഭ്യാസ സഹായം, ഹോസ്റ്റലുകള്‍, പരീക്ഷാ നടത്തിപ്പ്, അധ്യാപക പരിശീലനം തുടങ്ങി  നിരവധികാര്യങ്ങള്‍ അവതാളത്തിലായിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി എന്‍. ശിവന്‍കുട്ടി എടുത്തുകാട്ടുകയുണ്ടായി. 
സൈദ്ധാന്തിക പിടിവാശിയുടെ കാലം കഴിഞ്ഞു; ഫണ്ടാണ് നമുക്ക് പ്രധാനം, പിഎംശ്രീ പദ്ധതിയുടെ പേരില്‍ കേരളത്തെ സമ്മര്‍ദത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ഫണ്ട് വാങ്ങിയെടുക്കുന്നതിനുള്ള തന്ത്രമാണ് പിഎംശ്രീ ധാരണാപത്രം
ഒപ്പുവയ്ക്കലെന്നും വരെ അദ്ദേഹം പറഞ്ഞുവച്ചു.2027 മാര്‍ച്ച് വരെ പ്രഖ്യാപിച്ചിട്ടുള്ളതാണ് പിഎംശ്രീ ഫണ്ട് വിഹിതം. ധാരണാപത്രം ഒപ്പുവച്ചതിലൂടെ സമഗ്ര ശിക്ഷ കേരള കുടിശികയും പിഎംശ്രീയുടെ രണ്ടുവര്‍ഷത്തെ ഫണ്ടും ഉള്‍പ്പെടെ മൊത്തം 1,476.13 കോടി രൂപ സംസ്ഥാനത്തിനു കിട്ടുമെന്നും 971 കോടിയുടെ കാര്യം ഉറപ്പായിക്കഴിഞ്ഞുവെന്നും മന്ത്രി അവകാശപ്പെടുന്നുണ്ടായിരുന്നു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും പിഎംശ്രീ ഡാഷ്ബോര്‍ഡില്‍ ഇടംപിടിച്ചിട്ടുള്ളവയാണ്. കേന്ദ്രവുമായിധാരണാപത്രം ഒപ്പുവച്ചതിനെ തുടര്‍ന്ന് 165 സര്‍ക്കാര്‍ സ്കൂളുകളുടെ പട്ടിക പിഎംശ്രീ പദ്ധതിക്കായി ഒരുക്കിയിട്ടുണ്ടെന്ന സൂചനയാണ് വിദ്യാഭ്യാസമന്ത്രി നല്‍കിയത്. 2024 മാര്‍ച്ചില്‍ തന്നെ പിഎംശ്രീ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ധാരണയിലെത്തിയിരുന്നുവെന്നാണ് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ദേശീയതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത പിഎംശ്രീ പദ്ധതിയുടെ കാര്യം രണ്ടുവട്ടം സംസ്ഥാന മന്ത്രിസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, നയപരമായ പരിശോധനയ്ക്കായി മാറ്റിവച്ചതാണ്. ഒടുവില്‍, ഇടതുമുന്നണിയിലോ പാര്‍ട്ടിതലത്തിലോ ഒരിടത്തും ചര്‍ച്ച ചെയ്യാതെ നിഗൂഢമായ രീതിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചുകഴിഞ്ഞിട്ടും, അക്കാര്യം
അറിയാതെ കാബിനറ്റില്‍ സിപിഐ മന്ത്രിമാരില്‍ ഒരാള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചില ദുസ്സൂചനകള്‍ കണ്ട് പ്രതികരിച്ചപ്പോള്‍, തത്ത്വാധിഷ്ഠിതമായ സമീപനം
കൈക്കൊണ്ട് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞത് ധാരണാപത്രം ഒപ്പുവച്ച കാര്യം അറിയാതെയാണത്രെ! പാര്‍ട്ടി പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമാണ് കേരളത്തിലെ നയംമാറ്റം.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും മുന്നണിമര്യാദകളും ലംഘിച്ചുകൊണ്ടാണ് സിപിഎം ഏകപക്ഷീയമായി ആര്‍എസ്എസ് നയത്തിനു കീഴടങ്ങിയതെന്ന വിമര്‍ശനവുമായി സിപിഐ പരസ്യമായി രംഗത്തിറങ്ങിയപ്പോള്‍, ഇത് ഇടതുനയം നടപ്പാക്കുന്ന
സര്‍ക്കാരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിചിത്ര വാദം. പിഎംശ്രീ ധാരണാപത്രത്തില്‍ നിന്നു പിന്മാറണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു. പിണറായി വിജയന് വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍
ബിനോയിയും കൂട്ടരും മെരുങ്ങിക്കൊള്ളും എന്നു കരുതിയവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്, സിപിഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍, മന്ത്രിസഭാ തീരുമാനമില്ലാതെ ധാരണാപത്രത്തില്‍ ഒപ്പുവച്ചത് റൂള്‍സ് ഓഫ് ബിസിനസ് ലംഘനമാണെന്നും നിയമപരമായി അതിനു നിലനില്പില്ലെന്നും വ്യക്തമാക്കി. ബിനോയിയും കൂട്ടരുമായി
മുഖ്യമന്ത്രിയും സിപിഎം ജനറല്‍ സെക്രട്ടറിയും നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്നും വേണ്ടിവന്നാല്‍ രാജിവയ്ക്കുമെന്നും കടുത്ത നിലപാട് സ്വീകരിച്ചതോടെ, ഇടതുമുന്നണിയിലെ രാഷ് ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയായിരുന്നു.
ശബരിമല സ്വര്‍ണപ്പാളി വിവാദവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നോട്ടീസുകളും മറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനെന്നോണം ഉയര്‍ത്തിക്കൊണ്ടുവന്ന ചില സൈഡ് ഷോകള്‍ പോലെയല്ല, തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി കേരളപ്പിറവി ദിനത്തില്‍ വിളിച്ചുകൂട്ടുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണകൂടത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നാടകീയ രംഗങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍, സിപിഐയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കൊടുവില്‍, സിപിഐയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് പിഎംശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ മരവിപ്പിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര സര്‍ക്കാരിനു നല്‍കും. സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴംഗ മന്ത്രിസഭാ ഉപസമിതിവിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതുവരെ ധാരണാപത്രത്തിന്മേല്‍ നടപടിയൊന്നുമുണ്ടാവില്ല.
ധാരണാപത്രത്തില്‍ നിന്ന് പിന്മാറുക അസാധ്യമാണെന്ന് കഴിഞ്ഞ ദിവസം വരെ പറഞ്ഞ പിണറായി വിജയന്, ഇടത് പാര്‍ട്ടികളുടെ ദേശീയ ഐക്യം മുന്‍നിര്‍ത്തി സമവായത്തിന്സമ്മതിക്കുകയായിരുന്നു എന്നാണ് വ്യാഖ്യാനം. സിപിഐക്കു
മുമ്പില്‍ ഇടതുമുന്നണിയിലെ ‘വല്യേട്ടന്’ മുട്ടുമടക്കുന്നു എന്ന മട്ടില്‍ ബ്രേക്കിങ് ന്യൂസ് തലക്കെട്ടുകള്‍ ടിവി വാര്‍ത്താചാനലുകളില്‍ പടര്‍ന്നുകൊണ്ടിരിക്കെ, വൈകി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തു. പിഎംശ്രീ വിഷയത്തില്‍ ബിജെപിയോട് സന്ധിചെയ്ത സിപിഎമ്മിന്റെ യു ടേണിന് സിപിഐയില്‍ നിന്നേറ്റ കനത്ത രാഷ് ട്രീയ
പ്രഹരത്തിന്റെ ക്ഷീണം അകറ്റാന്‍ പിണറായി വിജയന്, കേരളത്തിന്റെ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളെ ഞെട്ടിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ ഒരു ക്ലാസിക് ട്വിസ്റ്റ് ഇറക്കി: ഭരണത്തുടര്‍ച്ചയ്ക്കായുള്ള ‘കിറ്റ്’ രാഷ്ട്രീയത്തിലെ പുതുപുത്തന്‍ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴ!
സാമൂഹ്യക്ഷേമ പെന്ഷന് 400 രൂപ കൂട്ടി 2,000 രൂപയാക്കുന്നു, 35 – 60 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് 1,000 രൂപ സുരക്ഷാ പെന്ഷന്, ആശാവര്‍ക്കര്‍മാര്‍ക്കും അംഗനവാടി വര്‍ക്കര്‍മാര്‍ക്കും സാക്ഷരതാ പ്രേരക്മാര്‍ക്കും 1,000 രൂപ ഓണറേറിയം വര്‍ധന, പ്രൈമറി സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് 1,000 രൂപ ശമ്പള വര്‍ധന, ഗസ്റ്റ് ലെക്ചറര്‍മാര്‍ക്ക് 2,000 രൂപയുടെ വര്‍ധന, സ്കൂള്‍ പാചകക്കാര്‍ക്ക് 50 രൂപ ദിവസവേതന വര്‍ധന, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നാലുശതമാനം ഡിഎ കുടിശിക, നൈപുണ്യ പരിശീലനത്തിന് യുവജനങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപ സ്കോളര്‍ഷിപ്,
റബറിന് താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍ നിന്ന് 200 രൂപയാക്കി, നെല്ലിന് സംഭരണവില കിലോയ്ക്ക് 30 രൂപ – സമസ്ത തലങ്ങളെയും തലോടിക്കൊണ്ട് വാരിക്കോരി സാമ്പത്തിക പാക്കേജുകള്‍. സമഗ്ര ശിക്ഷ കേരളയ്ക്ക് 1,500 കോടി കേന്ദ്ര വിഹിതം കിട്ടാത്തതിനാല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായ സര്‍ക്കാരാണ് കോടിക്കണക്കിന് രൂപയുടെ തിരഞ്ഞെടുപ്പ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്!
മുഖ്യധാരാ മാധ്യമങ്ങളിലെ രാഷ് ട്രീയ ആഖ്യാനങ്ങളുടെ ദിശ ‘മോന്ത’ ചുഴലിക്കാറ്റിനെക്കാള്‍ വേഗത്തില്‍ മാറിമറിഞ്ഞെങ്കിലും, യഥാര്‍ഥ ഇടത് ബദല്‍ശക്തി തങ്ങളാണെന്നു തെളിയിച്ച സിപിഐ ഉയര്‍ത്തിയ, സിപിഎമ്മിന്റെ ബിജെപിയുമായുള്ള നിഗൂഢ ഉടമ്പടിയുടെ കാരണഭൂതന് ആരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടിവരുമോ?

 

