തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി . മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി ഉണ്ടായിരുന്നത്.
പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കും . സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും.
നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും എന്നും ‘സ്ത്രീ സുരക്ഷ’ എന്ന പേരിൽ വീട്ടമ്മമാർക്കായി പ്രതിമാസം 1000 രൂപ വെച്ച് പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, സാക്ഷരതാ പ്രവർത്തകർ എന്നിവർക്ക് പ്രതിമാസം 1000 രൂപ വീതം വർദ്ധിപ്പിക്കാൻ തീരുമാനിച്ച വിവരവും മുഖ്യമന്ത്രി അറിയിച്ചു.

