ലിമ: ദീർഘനാളത്തെ സത്യത്തിനായുള്ള അന്വേഷണം തന്നെ എത്തിച്ചത് കത്തോലിക്ക വിശ്വാസത്തിലാണെന്ന തുറന്നുപറച്ചിലുമായി ഇവാഞ്ചലിക്കൽ പാസ്റ്റർമാരുടെ മകൻ. പെറു സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറും ഇവാഞ്ചലിക്കൽ പാസ്റ്റർ ദമ്പതികളുടെ മകനുമായ ജോനാഥൻ മെഡിന എസ്പിനലാണ് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള തന്റെ യാത്ര വിവരിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കടുത്ത പ്രൊട്ടസ്റ്റന്റ് അനുഭാവമുള്ള വീട്ടിൽ വളർന്ന ജോനാഥൻ, കൗമാരത്തിന്റെ അവസാന വർഷങ്ങളിൽ താന്‍ വല്ലാത്ത അസ്വസ്ഥതയും പിരിമുറുക്കവും നേരിട്ടതായി പറയുന്നു.കുറച്ച് വർഷങ്ങളായി ഞാൻ അജ്ഞേയവാദിയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ന്യായമായ വിശ്വാസം കണ്ടെത്താൻ ശ്രമിച്ചു.
ചരിത്രപരവും സിദ്ധാന്തപരവുമായ വ്യക്തതയുള്ള ഉത്തരം ലഭിക്കാന്‍ ക്രിസ്തീയ വിശ്വാസത്തിന്റെ വേരുകളും ചരിത്രവും പഠിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുവിശേഷത്തെ ആയിരക്കണക്കിന് വിഭാഗങ്ങളായി എങ്ങനെ വിഭജിക്കാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചു. ക്രിസ്തു സ്ഥാപിച്ച ചരിത്രപരവും ഏകീകൃതവുമായ ഒരു ശരീരമായി കത്തോലിക്കാ സഭയെ കണ്ടെത്താൻ അത് തന്നെ പ്രേരിപ്പിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു.
കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത മുൻ പ്രെസ്ബിറ്റീരിയൻ പാസ്റ്ററായ സ്കോട്ട് ഹാന്റെ സാക്ഷ്യവും തന്റെ വിശ്വാസ യാത്രയില്‍ ബലം പകര്‍ന്നു. വിശുദ്ധ ഗ്രന്ഥം, ദിവ്യകാരുണ്യ ആരാധന, കന്യകാമറിയം എന്നിവയെക്കുറിച്ചുള്ള സ്കോട്ട് ഹാന്റെ വിശദീകരണം കത്തോലിക്കാ വിശ്വാസത്തെ ഒരു കൂട്ടം നിയമങ്ങളായിട്ടല്ല, മറിച്ച് അപ്പോസ്തലന്മാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ജീവിക്കുന്ന പാരമ്പര്യമായി കാണാൻ തന്നെ സഹായിച്ചതായി ജോനാഥൻ കൂട്ടിച്ചേര്‍ത്തു.
എന്റെ പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തിൽ, മരിയൻ ഭക്തിയെ വിഗ്രഹാരാധനയായി ഞാൻ കണ്ടു. എന്നാൽ രക്ഷാചരിത്രത്തിൽ അവളുടെ സ്ഥാനവും ദൈവത്തോടുള്ള അനുസരണത്തിന്റെ മാതൃകയും ഞാൻ മനസ്സിലാക്കിയപ്പോൾ, യേശുവിലേക്ക് നമ്മെ അടുപ്പിക്കുന്ന ഒരു അമ്മയെ ഞാൻ കണ്ടെത്തി.
കന്യകാമറിയത്തോടുള്ള ആദരവും ആഴത്തിലുള്ള ഭക്തിയും വളർത്തിയെടുക്കാൻ തുടങ്ങിയെന്നും ജീവിതം മുഴുവാന്‍ മാറ്റിമറിക്കപ്പെട്ട അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. താന്‍ അറിഞ്ഞ സത്യ വിശ്വാസത്തെ, പരിശുദ്ധ കത്തോലിക്ക സഭയെ ഇന്നു അനേകര്‍ക്ക് മുന്നില്‍ പ്രഘോഷിക്കുവാന്‍ തയാറെടുക്കുകയാണ് ഈ യുവാവ്.

