അടൂർ : പുനലൂർ രൂപതയിലെ പത്തനാപുരം ഫൊറോനയുടെ നേതൃത്ത്വത്തിൽ 2025 ഒക്ടോബർ 26ന് ജപമാലറാലി നടത്തപ്പെട്ടു. അടൂർ മലങ്കര തിരുഹൃദയ ദേവാലയത്തിൽ നിന്നും ഉച്ച കഴിഞ്ഞ് 3.30ന് പ്രാർഥനയോടെ ആരംഭിച്ച ജപമാല റാലി അടൂർ സെൻ്റ് ജോൺ ഓഫ് ദ ക്രോസ് ലത്തീൻ കത്തോലിക്ക ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് എത്തിച്ചേർന്നു.
പത്തനാപുരം ഫൊറോനയിലെ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ആത്മീയ സാന്നിധ്യവും അല്മയരുടെ ജപമാല പ്രാർഥനയും റാലിയെ ധന്യമാക്കി. പത്തനാപുരം, പാടം, കൂടൽ, ചെങ്ങറ, മരുതിമൂട്, അങ്ങാടിക്കൽ, വയല, ഏനാത്ത്, കിഴക്കുപുറം, ചൂരക്കോട്, അടൂർ എന്നീ ദേവാലയങ്ങളിൽ നിന്നുള്ള 1500-ലധികം വിശ്വാസികൾ പങ്കെടുത്തു.
പരിശുദ്ധ കന്യകമറിയത്തിന്റെയും മാലാഖമാരുടെയും വേഷംധരിച്ച് നൂറിലധികം കുട്ടികൾ റാലിയെ വർണ്ണാഭമാക്കി. ആതിഥേയരായ അടൂർ സെൻ്റ് ജോൺ ഓഫ് ദ ക്രോസ് ദേവാലയത്തിലെ ഗായകസംഘം ജപമാല പ്രാർഥനയ്ക്ക് നേതൃത്ത്വം നൽകി.
വിശുദ്ധ കുർബാനയ്ക്ക് ഫൊറോന വികാരി റവ. ഫാ. ജിജോ ജോർജ് ഭാഗ്യോദയം മുഖ്യകാർമികത്ത്വം വഹിച്ചു, വയല വികാരി റവ. ഫാ. ആൻ്റണി ഫെർണാണ്ടസ് വചന സന്ദേശം നൽകി. മരുതിമൂട് വികാരി റവ. ഫാ. സാംഷൈൻ, സഹവികാരി റവ. ഫാ. ബിബിൻ സെബാസ്റ്റ്യൻ, ആത്മീയ ഗുരു റവ. ഫാ. ഡാനിയൽ നെൽസൺ, അടൂർ വികാരി റവ. ഫാ. ജോസ് MSFS, കൂടൽ വികാരി റവ. ഫാ. മൈക്കിൾ ബെനഡിറ്റ് SCJ, കോന്നി തിരുഹൃദയ ആശ്രമത്തിന്റെ സുപ്പീരിയർ റവ. ഫാ. തോമസ് വിനോദ് SCJ എന്നിവർ സഹകാർമികരായിരുന്നു.
ജപമാല റാലിക്ക് നേതൃത്വം നൽകിയത് പത്തനാപുരം ഫെറോനയിലെ വൈദീകരും, അജപാലന സമിതി അംഗങ്ങളും, അടൂർ സെൻ്റ് ജോൺ ഓഫ് ദ ക്രോസ് ഇടവക അജപാലന സമിതിയും ഒരുമിച്ച് ചേർന്നാണ്.



