വത്തിക്കാൻ : തീർത്ഥാടകരായ നാം ഇപ്പോൾ ക്രിസ്തുശിഷ്യരെപ്പോലെ, പുതിയൊരു ലോകത്തിൽ വസിക്കാൻ പഠിക്കണമെന്ന് ലിയൊ പതിനാലാമൻ പാപ്പാ .
പ്രത്യാശയുടെ ജൂബിലിവർഷത്തിൽ, ശനിയാഴ്ചകളിൽ നടത്തിപ്പോരുന്ന പ്രത്യേക കൂടിക്കാഴ്ചയുടെ തുടർച്ചയായി ഒക്ടോബർ 25-ന് ശനിയാഴ്ച വിശുദ്ധ പത്രോസിൻറെ ബലിസിക്കയുടെ അങ്കണത്തിൽ അനുവദിച്ച പൊതുദർശനവേളയിൽ ലിയൊ പതിനാലാമൻ പാപ്പാ പതിനാഞ്ചാം നൂറ്റാണ്ടിലെ കർദ്ദിനാളായിരുന്ന ജർമ്മൻ സ്വദേശി കൂസയിലെ നിക്കൊളാസിൻറെ പ്രബോധനങ്ങളെ അവലംബമാക്കി നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം ഉദ്ബോധിപ്പിച്ചത്.
നാല്പതിനായിരത്തോളം പേർ ഈ കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു.
എതിർ ചിന്താധാരകളും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പിളർപ്പും പിടിച്ചുലച്ചതിനാൽ സഭയുടെ ഐക്യം കാണാനും, ക്രിസ്തുമതം ബാഹ്യ ഭീഷണി അനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മതങ്ങൾക്കിടയിലും ലോകത്തിലും സമാധാനം ദർശിക്കാനും കൂസയിലെ നിക്കോളാസിന് കഴിഞ്ഞില്ല എന്ന വസ്തുത അനുസ്മരിച്ച പാപ്പാ, അദ്ദേഹം പാപ്പായുടെ ഒരു നയതന്ത്രപ്രതിനിധി എന്ന നിലയിലുള്ള യാത്രാ വേളകളിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ രചനകളെല്ലാം പ്രകാശപൂരിതങ്ങളാണെന്നും പ്രസ്താവിച്ചു.

