ന്യൂയോര്‍ക്ക്: തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച് യുഎഫ്സി മാർഷ്യൽ ആർട്സിലെ ഇതിഹാസതാരം കോണർ മക്ഗ്രെഗർ. ഉത്തേജക പരിശോധനകൾക്ക് ഹാജരാകാത്തതിനെത്തുടർന്ന് പതിനെട്ട് മാസത്തെ സസ്പെൻഷന് ശേഷം വിവാദ നായകനായി മാറിയ ലൈറ്റ്വെയ്റ്റ് ചാമ്പ്യൻ കായികരംഗത്തേക്ക് മടങ്ങിവരുന്നതിനിടെയാണ് ക്രിസ്തു വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
താന്‍ ഒരു ആത്മീയ യാത്രയിലായിരുന്നുവെന്നും പുതിയൊരു സമീപനത്തോടെ കളിയെ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ ഇവിടെ യാദൃശ്ചികമായി വന്നതല്ല, എന്റെ യാത്രയെയും നമ്മുടെ എല്ലാ യാത്രകളെയും നിയന്ത്രിക്കുന്ന ഒരു ഉയർന്ന ശക്തിയുണ്ട് – ദൈവം-” പോരാട്ടത്തിന് മുമ്പുള്ള സമ്മേളനത്തിൽ മക്ഗ്രെഗർ മാധ്യമങ്ങളോട് പറഞ്ഞു.
“ദൈവത്തിന്റെ വചനപ്രകാരമാണ് എന്റെ ജീവിതം ഞാന്‍ ഇനി നയിക്കുക. ഞാൻ ഒരു ആത്മീയ യാത്രയിലാണ്, ഞാൻ രക്ഷിക്കപ്പെട്ടു, ഞാൻ സുഖം പ്രാപിച്ചു”- താരം ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുള്ള പ്രഖ്യാപനം നടത്തി.
വിവിധ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് കോണർ മക്ഗ്രെഗർ. മയക്കുമരുന്ന് ഉപയോഗവും ബലാല്‍സംഘ ഭീഷണിയും ഉള്‍പ്പെടെ നിരവധി തവണ വിവാദങ്ങളില്‍പ്പെട്ട മാർഷ്യൽ ആർട്സിലെ ഇതിഹാസതാരത്തിന്റെ മാനസാന്തരപ്പെട്ടുള്ള തിരിച്ചു വരവിനെ കായികലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ക്രിസ്തു വിശ്വാസത്തിലേക്കുള്ള മടക്കം പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്.

