വത്തിക്കാൻ സിറ്റി: മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്.
വെസ്റ്റ് ബാങ്കിലെ, പ്രത്യേകിച്ച് തായ്ബെ ഗ്രാമത്തിലെ ക്രൈസ്തവരോട് ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കർദ്ദിനാൾ മറുപടി പറഞ്ഞു. ഇത് വളരെ സങ്കീർണ്ണമായ പ്രശ്നമാണെന്നും സാധാരണ ജീവിതം നയിക്കുന്ന ഈ ക്രിസ്ത്യാനികൾ എന്തിനാണ് ഇത്തരം ശത്രുതയ്ക്ക് വിധേയരാകുന്നതെന്ന് മനസ്സിലാകുന്നില്ലായെന്നും കർദ്ദിനാൾ വ്യക്തമാക്കി.
എല്ലാവർക്കും ബഹുമാനത്തോടെയും വസ്തുനിഷ്ഠമായും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം ഭീഷണികൾക്ക് വിധേയരാകാതെ ആളുകൾക്ക് സ്വയം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഗാസയിലെ സമാധാന പദ്ധതി പ്രതീക്ഷ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

