ന്യൂഡൽഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്.
മിനിറ്റുകൾക്കുള്ളിൽ വാഹനം പൂർണമായും കത്തിനശിച്ചു. പന്ത്രണ്ട് യാത്രക്കാർ എമർജെൻസി വിൻഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവർ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. സംഭവത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.
‘കർണൂൽ ജില്ലയിലെ ചിന്ന ടെക്കൂർ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും സർക്കാർ അധികാരികൾ സാധ്യമായ എല്ലാ പിന്തുണയും നൽകും’, അദ്ദേഹം എക്സിൽ കുറിച്ചു.

