വത്തിക്കാന്‍ സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പയെ ക്ഷണിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ഇന്നലെ ഒക്ടോബര്‍ 22നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ക്ഷണക്കത്ത് മാർപാപ്പയ്ക്ക് സിബിസിഐ അധ്യക്ഷൻ കൈമാറി. സന്ദർശനവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാർപാപ്പയെ അറിയിച്ചു.
ഇന്ത്യയിലേക്കുള്ള ക്ഷണം മാർപാപ്പ സ്വാഗതം ചെയ്തിട്ടുണ്ടെന്നും, വൈകാതെ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമെന്നും അർച്ചുബിഷപ്പ് താഴത്ത് വ്യക്തമാക്കി. 2026 ഫെബ്രുവരിയിൽ നടക്കുന്ന സിബിസിഐ ജനറൽബോഡി യോഗത്തെക്കുറിച്ച് മാർപാപ്പയെ അറിയിച്ചതായും യോഗത്തിനായുള്ള പ്രത്യേക സന്ദേശവും അനുഗ്രഹവും ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ, സംഭാവനകൾ, സഭ നേരിടുന്ന വെല്ലുവിളികൾ തുടങ്ങി സഭയുടെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് മാർപാപ്പയ്ക്ക് കൈമാറിയതായും ആര്‍ച്ച് ബിഷപ്പ് താഴത്ത് അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം നിരവധി തവണ പ്രകടിപ്പിച്ച ആഗോള സഭയുടെ തലവനായിരിന്നു ഫ്രാന്‍സിസ് പാപ്പ. ഇത് സഫലമാകുന്നതിന് മുന്‍പാണ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.