പുസ്തകം / ബി ജെ
ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുന്നാറിന്റെ നൂറുവര്‍ഷം മുമ്പുള്ള ചരിത്രവും മൂന്നാര്‍ കേന്ദ്രമായി നടന്ന കര്‍മലീത്താ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ചരിത്ര പുസ്തകം മൂന്നു ഭാഷകളില്‍ പുറത്തിറങ്ങി. ‘മൂന്നാര്‍ ബസിലിക്ക; ആദ്യകാല മിഷനറി ലിഖിതങ്ങളില്‍’ എന്ന പുസ്തകം മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കര്‍മലീത്താ സഭയുടെ സ്പെയിനിലെ നവാറ പ്രൊവിന്‍സില്‍ നിന്നുള്ള ഫാ. അല്‍ഫോന്‍സ് മരിയ ഒസിഡി 1893ല്‍ വരാപ്പുഴ രൂപതയില്‍ മിഷനറിയായി എത്തി. 1894ല്‍ മൂന്നാറില്‍ അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹവും തുടര്‍ന്നുവന്ന മിഷനറിമാരും സ്പാനിഷ് – ഫ്രഞ്ച് ഭാഷകളില്‍ എഴുതിയ കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളുമാണ് മൂന്നു ഭാഷകളില്‍
ഇറങ്ങിയിട്ടുള്ള പുസ്തകത്തിന്റെ ഉള്ളടക്കം.
ഫാ അല്‍ഫോന്‍സ് മരിയ, ഫാ. ബ്ലാസ്, ഫാ. സലുസ്റ്റ്യാനോ, ഫാ. എമിലിയോ, ബിഷപ് ബൊനെവെന്തൂറ അരാന, ഫാ.ജുവാന്‍, ബിഷപ് അംബ്രോസ്, ഫാ. മരിയാന് എന്നിവരുടെ ലേഖനങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. വനവും വന്യജീവികളും, മലനിരകള്‍ നിറഞ്ഞ പ്രകൃതിയും തണ്ണുപ്പുള്ള കാലാവസ്ഥയും, തേയില കൃഷി, മൂന്നാറിലെ പ്രളയം, മലമ്പനി, റോഡുകളുടെ നിര്‍മ്മാണം എന്നിവയൊക്കെ വിശദീകരിക്കുന്ന കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്. ഒപ്പം ഒരു നൂറ്റാണ്ടിനുമുന്പുള്ള മൂന്നാറിന്റെ ചിത്രങ്ങളും. കര്‍മലീത്താ സഭയുടെ പ്രസിദ്ധീകരണങ്ങളായ ‘എല്‍ മോന്തേ കാര്‍മെലോ, ലാ ഓമ്പ്രോ മാക്സിമ, എല്‍ കാര്‍മെന്‍’ എന്നിവയില്‍ വന്ന ലേഖനങ്ങള്‍ സ്പെയിനില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന വിജയപുരം രൂപതാംഗം ഫാ. അനോഷ് അബ്രഹാമാണ് കണ്ടെത്തിയത്. ഫാ. അനോഷിനൊടൊപ്പം ചരിത്രകാരനും വിജയപുരം രൂപത കോര്‍പറേറ്റ് മാനേജരുമായ റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍, അധ്യാപകനായ സോജന് ജി. മൂന്നാര്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്നു ഭാഷകളില്‍ അമൂല്യ ചരിത്രശേഷിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകങ്ങള്‍ തയ്യാറാക്കിയത്.
1990ല്‍ മൂന്നാറില്‍ പുല്ലുകൊണ്ട് മേഞ്ഞ പള്ളി ഫാ. അല്‍ഫോന്‍സ് മരിയയുടെ നേതൃത്വത്തില്‍ ഉണ്ടാക്കി. 1938ല്‍ അത് ഇന്നത്തെ രീതിയില്‍ നിര്‍മ്മിച്ചു. 2024ല്‍ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കാ പദവിയിലേക്ക് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തി. ഹൈറേഞ്ചിലെ പതിനാല് ഇടവകകളും നാല്‍പ്പതിലധികം കരിശുപള്ളികളും ഈ ദേവാലയത്തില്‍ നിന്ന് ജന്മംകൊണ്ടവയാണ്.
1930ല്‍ വരാപ്പുഴ അതിരൂപതയില്‍ നിന്ന് വേര്‍പിരിഞ്ഞ് വിജയപുരം രൂപത ഉണ്ടായപ്പോള്‍ മൂന്നാറിലെ മിഷനറിയായിരുന്ന ബൊനവെന്തൂറ അരാനയെ പ്രഥമ മെത്രാനായി നിയമിച്ചതും ചരിത്രം.
പ്രണത ബുക്സാണ് ഒരേസമയം മൂന്ന് ഭാഷകളില്‍ ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കെഡിഎച്ച്പി കമ്പനി മാനേജിംഗ് ഡയറക്ടര്‍ മാത്യു എബ്രഹാം, ബസിലിക്കാ ഡയറക്ടര്‍ ഫാ. മൈക്കള്‍ വലയിഞ്ചിയിലിന് ഇംഗ്ലീഷില്‍ രചിച്ച പുസ്തകം
നല്കി പ്രകാശനം നിര്‍വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി റവ.ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ മൂന്നാര്‍ പ്രസ്ക്ലബ് പ്രസിഡന്റ് സാജു ആലയ്ക്കാപള്ളിക്ക് മലയാളത്തില്‍ രചിച്ച പുസ്തകവും, ഫാ. ജോസഫ് മീനായിക്കോടത്ത് ഇടവക സെക്രട്ടറി ചന്ദ്രന് തമിഴില്‍ രചിച്ച പുസ്തകവും നല്കി പ്രകാശനം നിര്‍വഹിച്ചു.
പുസ്തകത്തെക്കുറിച്ച് പ്രണത ബുക്ക്സ് കൊച്ചി എംഡിയും എറണാകുളം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ ഷാജി ജോര്‍ജും ചപ്പാത്ത് സെന്റ് ആന്റണീസ് ദേവാലയ വികാരി ഫാ. സുരേഷ് ആന്റണിയും വിവരിച്ചു. ദേവാലയത്തോടനുബന്ധിച്ചുള്ള ഫാദര്‍ അല്‍ഫോന്‍സ് മെമ്മോറിയല്‍ ഹാളില്‍ പുസ്തക അവലോകനവും സൗഹൃദ സദസും നടത്തി. മൂന്നാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു. മൂന്നാര്‍ ഡിവൈഎസ്പി എസ്.
ചന്ദ്രകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. കെഡിഎച്ച്പി കമ്പനി വൈസ് പ്രസിഡന്റ് മോഹന്‍ സി. വര്‍ഗീസ്, മാനേജര്‍ പ്രമോദ് കൃഷ്ണ, പ്രസ് ക്ലബ്, ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, മൈ മൂന്നാര്‍ മൂവ്മെന്റ്, ഗ്രീന്‍സ് മൂന്നാര്‍, വ്യാപാരി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍, സന്ന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ വിജയം വരിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
ചരിത്ര പുസ്തക രചയിതാക്കളായ ഡോ. ആന്റണി പാട്ടപ്പറമ്പില്‍, സോജന് ജി. മൂന്നാര്‍, ബസിലിക്ക റെക്ടര്‍ ഫാ. മൈക്കള്‍ വലയിഞ്ചിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.