തിരുവനന്തപുരം: ഇന്നലെ ഒരുവിഭാഗം ആശാ വർക്കർമാർമാരുടെ ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ ആശാ വർക്കർമാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് .
ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വർക്കർമാർ.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായും പരാതിയുണ്ട് . സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉൾപ്പെടെ നീക്കം ചെയ്തതും പ്രതിഷേധത്തിന് കാരണമായി .