പത്തനംതിട്ട: കറുപ്പു വസ്ത്രമണിഞ്ഞ് , ഇരുമുടിക്കെട്ടുമായി മലകയറി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല അയ്യപ്പനെ ദർശിച്ചു. പമ്പാസ്നാനം നടത്തിയതിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിൽ കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്. തേങ്ങയുടച്ച് ചടങ്ങുകൾ പൂർത്തിയാക്കി ഗൂര്‍ഖ ജീപ്പില്‍ 20 മിനിറ്റുകള്‍ കൊണ്ട് രാഷ്ട്രപതി സന്നിധാനത്ത് എത്തി.
പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി. സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു.