തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ളാറ്റ് അനുവദിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു . ‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്ളാറ്റ് സമുച്ചയത്തിലെ 50 ഫ്ളാറ്റുകളാണ് നൽകുക. പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ചതിൽ അധികമുള്ള 50 ഫ്ലാറ്റുകളാണ് നൽകുന്നത്.
കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പതിനൊന്നാമത് ശമ്പള പരിഷ്ക്കരണം അടുത്തമാസം 1 മുതൽ പ്രാബല്യത്തിൽ വരും . പത്താം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷൻ അനുവദിക്കുന്നതിനും ശമ്പള പരിഷ്കരണത്തിലെ ഇപിഎഫ് എംപ്ലോയർ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നൽകി. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കും.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസൽ കിഫ്ബി ഫണ്ടിങ്ങിന് പരിഗണിക്കുന്നതിനു അനുമതി നൽകിയിട്ടുണ്ട് .