വത്തിക്കാൻ :സഭയുടെ ഹൃദയം, അതിൻറെ സ്വഭാവത്താൽ തന്നെ, ദരിദ്രരോടും, പരിത്യക്തരോടും, പാർശ്വവത്കൃതരോടും സമൂഹത്തിലെ “പാഴ്വസ്തു” എന്ന് കരുതപ്പെടുന്നവരോടും ഐക്യദാർഢ്യത്തിലാണെന്ന് പാപ്പാ ഉറപ്പുനല്കി .
“റോം”, “സിന്ധി”, പ്രധാനമായും ഇറ്റലിയിലെ സിസിലിയിൽ കാണപ്പെടുന്ന “കമിനാന്തി” വിഭാഗങ്ങളുടെ, ജൂബിലിയോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ. നൃത്തവും പാട്ടുമായി അവർ ഈ കൂടിക്കാഴ്ച അവിസ്മരണീയമാക്കി .
60 വർഷം മുമ്പ്, 1965 സെപ്റ്റംബർ 26-ന് വിശുദ്ധ പോൾ ആറാമൻ പാപ്പാ ,നാടോടിവംശജരുടെ ഭിന്ന വിഭാഗങ്ങളുടെ സമൂഹവുമായി നടത്തിയ ചരിത്രപരമായ ലോകകൂടിക്കാഴ്ചയും പാപ്പാ അനുസ്മരിച്ചു.
നാടോടിവംശജർ അവരോടൊപ്പം സമ്മാനമായി കൊണ്ടുവന്നിട്ടുള്ളത് അവർക്ക് ഏകദൈവത്തിലുള്ള ശക്തമായ വിശ്വാസവും ആ ദൈവത്തിലുള്ള അചഞ്ചല പ്രത്യാശയും, പലപ്പോഴും സമൂഹത്തിൻറെ അരികുകളിലായുള്ള ക്ലേശകരമായ ജീവിതത്തിന് തകർക്കാനാവത്ത ആത്മവിശ്വാസവും ആണെന്ന് പറഞ്ഞ പാപ്പാ അവർക്ക് സമാധാനം ആശംസിച്ചു.
ദൈവത്തിൽ മാത്രം ആശ്രയിക്കൽ, ലൗകികവ്സ്തുക്കളോടു ആസക്തിയില്ലാതിരിക്കൽ, വചനപ്രവർത്തികളിലൂടെ മാതൃകാപരമായ വിശ്വാസം പ്രകടിപ്പിക്കൽ എന്നീ ത്രിവിധകാര്യങ്ങളുടെ സജീവസാക്ഷികളാകാൻ അവർക്കാകുമെന്ന് പാപ്പാ ശ്ലാഘിച്ചു.