കരമാന്‍: തെക്കൻ തുർക്കിയില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകരുടെ സംഘം അഞ്ച് ചെറിയ വൃത്താകൃതിയിലുള്ള കാർബണൈസ്ഡ് അപ്പങ്ങൾ കണ്ടെത്തി. വിശുദ്ധ കുര്‍ബാനയ്ക്കായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഓസ്തിയ്ക്കു 1,300 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്ക്.
അഞ്ചെണ്ണത്തില്‍ ഒരെണ്ണത്തില്‍ യേശുക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. പുരാതന റോമൻ ബൈസന്റൈൻ കേന്ദ്രമായ ടോപ്രാക്റ്റെപ്പിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഐറിനോപോളിസ് അഥവാ “സമാധാന നഗരം” എന്നറിയപ്പെടുന്ന പ്രദേശമാണ് ഇത്. അനറ്റോലിയയിലെ ചരിത്ര മേഖലയിലെ കരമാൻ പ്രവിശ്യയിലാണ് ഖനനം നടത്തിയിരിക്കുന്നത്.
ആറാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ ബാർലി ഉപയോഗിച്ച് നിർമ്മിച്ച അപ്പങ്ങൾ കാർബണായി മാറിയ അവസ്ഥയിലാണ് കണ്ടെത്തിയത്. (സാധാരണയായി തീയോ ഉയർന്ന ചൂടോ കാരണം രൂപാന്തരം സംഭവിക്കുന്ന അവസ്ഥ).
കണ്ടെത്തിയ സ്ഥലത്ത് ഓക്സിജൻ രഹിത അന്തരീക്ഷമായിരിന്നുവെന്നും അസാധാരണമാംവിധം നന്നായി സംരക്ഷിക്കപ്പെട്ടിരിന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ആലേഖനം ചെയ്യാറുള്ള ക്രിസ്തുവിന്റെ പ്രതിരൂപം കാലക്രമേണ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് സൂചന നല്‍കുന്നതാണ് കണ്ടുപിടിത്തമെന്ന് സ്പെയിനിലെ മാഡ്രിഡിലുള്ള സിഇയു സാൻ പാബ്ലോ സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ ജിയോവന്നി കൊളമാറ്റി പറഞ്ഞു.
ഒരു അപ്പത്തിൽ യേശുക്രിസ്തുവിന്റെ രൂപത്തിനോടൊപ്പം, “സ്വര്‍ഗ്ഗീയനായ യേശുവിനോടുള്ള ഞങ്ങളുടെ നന്ദിയോടെ” എന്ന ഗ്രീക്ക് ലിഖിതവും കാണാം. മറ്റുള്ളവയിൽ ഗ്രീക്ക് കുരിശിന്റെ ആകൃതിയിലുള്ള ആലേഖനങ്ങളും കാണാം.
കരമാൻ സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഓസ്തിയില് ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ചിത്രം “വിതയ്ക്കുന്ന യേശു” അല്ലെങ്കില്‍ “കർഷകനായ യേശു” എന്നിവയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗവേഷകരുടെ അനുമാനം. പരമ്പരാഗത ക്രിസ്തു രൂപമാണെന്നാണ് വിലയിരുത്തല്‍. കണ്ടെത്തിയ വസ്തുക്കളില്‍ കൂടുതല്‍ പഠനം നടത്തുവാനാണ് ഗവേഷകരുടെ തീരുമാനം.