കവർ സ്റ്റോറി /സ്റ്റാലിന് ദേവന്, ഫാ. ജോഷി മയ്യാറ്റില്‍
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ശക്തമായ വാക്കുകളുള്ള വിധിയില്‍, സ്വത്ത് ഏകപക്ഷീയമായി വഖഫ് ആയി പ്രഖ്യാപിക്കുന്നതിന് ജുഡീഷ്യല്‍ മുദ്ര നല്കുന്നതിനെതിരേ കേരള ഹൈക്കോടതി കനത്ത മുന്നറിയിപ്പ് നല്കി. ‘അത്തരമൊരു ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തില്‍ ജുഡീഷ്യല്‍ അംഗീകാരം ചാര്‍ത്തുകയാണെങ്കില്‍, നാളെ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം അല്ലെങ്കില്‍ ഈ കോടതി മന്ദിരം എന്നിവയുള്‍പ്പെടെ ഏതു കെട്ടിടവും സംവിധാനവും വഖഫ് ബോര്‍ഡ് ഏതു സമയത്തും ഏതെങ്കിലും ക്രമരഹിതമായ രേഖയുടെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തിന്റെ ബ്രഷ് ഉപയോഗിച്ച് വഖഫാക്കി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്’, കോടതി പറഞ്ഞു.
വഖഫ് ബോര്‍ഡിന് അമിതാധികാരങ്ങള്‍ അംഗീകരിച്ചു നല്‍കുന്നത്, ഭരണഘടനയുടെ 300 അ, 19, 21 എന്നീ ആര്‍ട്ടിക്കിളുകളെ പ്രതിസന്ധിയിലാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം, വാദത്തിനായി വഖഫ് സംരക്ഷണ വേദിയും വഖഫ് ബോര്‍ഡും കോടതിയില്‍ അടിസ്ഥാനമാക്കിയ രേഖകള്‍ കൂലംകഷമായി പഠിച്ചുകൊണ്ട് മുനമ്പം ഒരു കാരണവശാലും വഖഫ് അല്ല എന്ന് കാര്യകാരണ സഹിതം ഡിവിഷന് ബഞ്ച് നിരീക്ഷിച്ചു. മുനമ്പത്തെ വഖഫാക്കി പ്രഖ്യാപിച്ചുള്ള ബോര്‍ഡിന്റെ 2019ലെ വിജ്ഞാപനത്തെ ‘ഭൂമി കൊള്ളയ്ക്കുള്ള തന്ത്രം’ എന്നാണ് വിധിന്യായത്തിന്റെ നാലാം ഖണ്ഡികയില്‍ വിശേഷിപ്പിക്കുന്നത്: ‘വഖഫ് പ്രോപ്പര്‍ട്ടി വിജ്ഞാപനം ചെയ്യുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമി വാങ്ങിയ നൂറുകണക്കിന് കുടുംബങ്ങളുടെയും യഥാര്‍ത്ഥ താമസക്കാരുടെയും ഉപജീവനത്തെ ബാധിച്ച കേരള വഖഫ് ബോര്‍ഡിന്റെ 25.09.2019ലെ വിജ്ഞാപനം ഒരു ഭൂമികൊള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല’. മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ച ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇരുപത്തിയഞ്ചാം പേജില്‍ ന്യായാധിപന്മാര് പ്രസ്താവിക്കുന്നു: ‘ആ നീക്കം മുഴുവന്‍ ഒരു തട്ടിപ്പായിരുന്നു; കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉയര്‍ന്ന വാണിജ്യ മൂല്യം കൈവരിച്ച ഈ വസ്തുവില്‍ കണ്ണുവയ്ക്കുന്ന വെറും ഒരു ഭൂമികൊള്ളക്കാരനെപ്പോലെയാണ് കേരള വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചത്.’
കോടതിയുടെ നിരീക്ഷണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു:
- മുഹമ്മദ് സിദ്ദിഖ് സേട്ടു 1950ല്‍ ഫാറൂഖ് കോളേജിന് എഴുതി നല്‍കിയത് ഒരു വഖഫ് ഡീഡ് ആയിരുന്നില്ല, മറിച്ച് ദാനാധാരം ആയിരുന്നു. അതിന് വഖഫ് ആധാരം എന്ന് പേരിട്ടിട്ടുണ്ടെന്ന വസ്തുത മാത്രമാണ് കേരള വഖഫ് ബോര്‍ഡ് സ്വീകരിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ ഭൂമി മറ്റുള്ളവര്‍ക്ക് കൈമാറാമെന്ന് രേഖയില്‍ പറയുന്നതിനാല്‍ അതിനെ ”മതപരമായ സ്ഥിരസമര്പ്പണം” (ുലൃാമിലി േൃലഹശഴശീൗ െറലറശരമശേീി) ആയി കണക്കാക്കാനാവില്ല.
- 1967 ല്‍ നാട്ടുകാര്ക്കെതിരേയുള്ള ഇന്ജങ്ഷന് സ്യൂട്ടില്‍, പറവൂര്‍ കോടതി മുമ്പാകെ സിദ്ധിഖ് സേട്ടുവിന്റേത് വഖഫ് ഡീഡ് അല്ല മറിച്ച് ദാനാ ധാരമാണെന്നായിരുന്നു ഫാറൂഖ് കോളേജ് വാദിച്ചതെന്നും ഒരു കോടതിയും മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരിക്കലും തീര്‍പ്പു കല്പിച്ചിട്ടില്ലെന്നും 1975ലെ ഹൈക്കോടതി വിധിയില്‍ ദാനാധാരമാണെന്നാണ് പലവട്ടം പരാമര്‍ശിച്ചിട്ടുള്ളതെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
- നിസാര്‍ കമ്മീഷന്റെ മുനമ്പം വഖഫാണെന്ന പരാമര്‍ശം 2008-ല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്പിച്ച പരിശോധനാവിഷയങ്ങളില്‍ (ലേൃാ െീള ൃലളലൃലിരല) പെടാത്തതും റിപ്പോര്‍ട്ട് യാതൊരു അന്വേഷണവും പഠനവും കൂടാതുള്ളതും ആണെന്ന വസ്തുത ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടുന്നു. ആ റിപ്പോര്‍ട്ട് ഏതോ ബാഹ്യശക്തികളുടെ നിഗൂഢ താല്പര്യങ്ങള്ക്ക് അനുസരിച്ചുള്ളതായിരുന്നു എന്ന ഡിവിഷന് ബഞ്ചിന്റെ പരാമര്‍ശം ഈ ലേഖകര്‍ തന്നെ മുമ്പ് പുറത്തു കൊണ്ടുവന്നിട്ടുള്ള സത്യങ്ങള്‍ക്ക് അടിവരയിടുന്നതാണ്. നിസാര്‍ കമ്മീഷനു മുന്നില്‍ മുനമ്പം ഭൂമി വഖഫാണെന്ന വാദമുയര്‍ന്നത് 2008-ലാണ് – അതും നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖപത്രമായ ‘തേജസ്സി’ന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍!
- 2019ല്‍ വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം സര്‍ക്കാരിനെ ബാധിക്കുന്നതല്ല. കാരണം, ചട്ടപ്രകാരമുള്ള ഒരു നടപടിക്രമവും – താമസക്കാര്‍ക്കു നോട്ടീസു നല്കല്, സര്‍വേ നടത്തല്‍, സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കല്‍, ഗസറ്റില്‍ പ്രസിദ്ധീകരിക്കല്‍ എന്നിവ – അവര്‍ അക്കാര്യത്തില്‍ പാലിച്ചിട്ടില്ല. വിജ്ഞാപനമിറക്കുന്നതില്‍ വഖഫ് ബോര്‍ഡു നടത്തിയ ‘വ്യക്തമായ നിയമവിരുദ്ധതയും നഗ്നമായ ഏകപക്ഷീയതയും’ കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കേരള സര്‍ക്കാര്‍ ചെയ്തത്
കോടതി വിധിയുടെ വെളിച്ചത്തില്‍ ഒക്ടോബര്‍ 13-ാം തീയതി സമ്മേളിച്ച കാബിനറ്റ് യോഗം, ‘കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച് കൈക്കൊള്ളേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു തീരുമാനിക്കും’ എന്ന ഒഴുക്കന്‍ പ്രസ്താവന നടത്തി പിരിഞ്ഞു!
സത്യത്തില്‍, മനസ്സറിയാതെ വീണുകിട്ടിയ സുവര്‍ണാവസരം ബോധപൂര്‍വം കളഞ്ഞുകുളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വഖഫ് ബോര്‍ഡിന്റെ 2019-ലെ വിജ്ഞാപനം വഖഫ് ആക്ടിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നും അതിനാല്‍ത്തന്നെ അസാധുവായി പ്രഖ്യാപിക്കപ്പെടാന്‍ യോഗ്യതയുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിനെ അതു ഒരു കാരണവശാലും ബാധിക്കുന്നതല്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന (20ാം ഖണ്ഡികയിലെ വ ഉപഖണ്ഡിക) ഡിവിഷന് ബഞ്ചിന്റെ വിധിയെ കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
മുനമ്പം വഖഫ് ഭൂമിയാണെന്നും അങ്ങനെ എന്നും ആയിരിക്കണം എന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു. വഖഫ് ഭൂമിയായി മുനമ്പത്തെ കോടതി വിധിച്ചാലേ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാനാകൂ എന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ തന്നെ ഇതിനകം പലവട്ടം പറഞ്ഞിട്ടുള്ളതാണല്ലോ! മുനമ്പം വഖഫ് ഭൂമിയാണെന്നും വഖഫ് ബോര്‍ഡിന് കാസര്‍കോട്ട് പകരം ഭൂമി നല്കി മുനമ്പം വിഷയം പരിഹരിക്കണം എന്നതായിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദു റഹ്മാന്റെ തുടക്കം മുതലുള്ള നിലപാടെന്നത് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. മന്ത്രിയുടെ നിലപാടിന് പക്ഷേ നിലംതൊടാന്‍ പറ്റിയ കളമല്ല നിലവില്‍ നൈയാമികമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നു മാത്രം!
മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുനമ്പംകാര് പാവപ്പെട്ടവരും അസംഘടിതരുമാണ് എന്ന ചിന്തയാകാം സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തിനു പിന്‍ബലമേകുന്നത്. പക്ഷേ, മുനമ്പത്തെ ജനത്തിനു പിന്നില്‍ നീതിബോധവും മതേതരത്വബോധവുമുള്ള കേരളം മുഴുവനും അണിനിരന്നിരിക്കുന്നു എന്നതാണ് വസ്തുത. ഇതു കാണാതിരിക്കാന്‍ മാത്രം അന്ധത ബാധിച്ച ഒന്നാണോ പിണറായി സര്‍ക്കാര്‍? ജനത്തിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ ഒരു സര്‍ക്കാര്‍ – അതും തൊഴിലാളിവര്‍ഗ പാര്‍ട്ടി നയിക്കുന്ന ഒരു സര്‍ക്കാര്‍ – എത്ര നാള് കണ്ണടച്ചിരിക്കും?
കേരള സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്
നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിന്റെ വെളിച്ചത്തില്‍ വഖഫ് ബോര്‍ഡിന് ഉണ്ടായിരുന്ന പരമാധികാരത്തിന്റെ വെളിച്ചത്തില്‍ 2022 ജനുവരി 13-ാം തീയതി വഖഫ് ബോര്‍ഡ് ഇഋഛ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന് അയച്ച ഉത്തരവ് ശിരസ്സാ വഹിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തയ്യാറായതിലൂടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി മുനമ്പംകാര് റവന്യൂ തടങ്കലിലായിട്ടുള്ളത്.
ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായ വഖഫ് ബോര്‍ഡ് ആ സ്റ്റാറ്റിയൂട്ടില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ചതെന്നും അതിലൂടെ മുനമ്പം ജനതയുടെ സ്വഭാവിക നീതിയും ഭരണഘടന വാഗ്ദാനംചെയ്യുന്ന മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും അത് വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയവും നിയമവിരുദ്ധമായ നടപടിയുടെ ഫലമാണെന്നും ഹൈക്കോടതിവിധിയുടെ 49-ാം ഖണ്ഡികയില്‍ പറയുന്നത്, ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥതയുള്ള സര്‍ക്കാര്‍ ഗൗരവത്തിലെടുക്കേണ്ടതായിരുന്നു. സര്‍ക്കാരിന് ബാധകമല്ലാത്ത ഒരു സ്റ്റാറ്റിയൂട്ടറി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിന്റെ നടപടികളിലൂടെ മുനമ്പത്തെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നാലു വര്‍ഷത്തോളം നിഷേധിക്കപ്പെട്ടതില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കണമായിരുന്നു. ഈ അനീതി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണമായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്, ഭരണഘടനയുടെ വെളിച്ചത്തില്‍ത്തന്നെ സര്‍ക്കാര്‍ സ്വമേധയാ തെറ്റ് തിരുത്തുന്നതിന്റെ ഭാഗമായി മുനമ്പത്ത് 2022നു മുമ്പുള്ള തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ഉടനടി പുറപ്പെടുവിക്കണമായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ ഭാവി എന്താകും?
വഖഫ് ബോര്‍ഡ് ഒരു വസ്തുവിനെ വഖഫ് ആയി നോട്ടിഫൈ ചെയ്താല്‍ അതില്‍ ആര്‍ക്കെങ്കിലും പരാതിയുള്ള പക്ഷം ആ പരാതി അപ്പീലായി പരിഗണിച്ച് മറിച്ചൊരു തീരുമാനം ട്രൈബ്യൂണലില്‍ നിന്നും ഉണ്ടാകുന്നതു വരെ വഖഫ് ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും എന്നാണ് വഖഫ് ആക്ടിലുള്ളത്.
എന്നാലിവിടെ ഹൈക്കോടതിയാണ് മുനമ്പം ഒരു വഖഫ് ഭൂമി അല്ലായെന്നും 1971ല്‍ പറവൂര്‍ സബ് കോടതിയോ 1975ല്‍ ഹൈക്കോടതിയോ മുനമ്പം ഒരു വഖഫ് ഭൂമിയാണെന്ന് വിധിച്ചിട്ടില്ലായെന്നും സ്റ്റാറ്റിയൂട്ടറി നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വഖഫ് ബോര്‍ഡ് നോട്ടിഫിക്കേഷന്‍ ചെയ്തിരിക്കുന്നത് എന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനത്തെ അസാധുവാക്കണമെന്ന ആവശ്യമാണ് വഖഫ് സംരക്ഷണ വേദി തങ്ങളുടെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അതിനോടനുബന്ധിച്ച് ഉണ്ടായ ഹൈക്കോടതി വിധികളില്‍ രണ്ടു കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാനാകും: 1) ഒരേ വിഷയത്തില്‍ ആദ്യം സിംഗിള്‍ ബഞ്ചും തുടര്‍ന്ന് ഡിവിഷന് ബഞ്ചും രണ്ടു വ്യത്യസ്തനിലപാടുകളാണ് സ്വീകരിച്ചത്; 2) ഒരു ഹര്‍ജിയില്‍ ഹര്ജിക്കാരന് ആവശ്യപ്പെട്ടതിലുപരിയായി മറ്റൊന്നും ഒരു കോടതിയും അനുവദിക്കാന്‍ പാടില്ല എന്നര്‍ത്ഥം വരുന്ന നീതിവാക്യമുണ്ട്. അങ്ങനെ ചെയ്താല്‍ അത് മറ്റൊരു നീതിവാക്യമായ ആയി മാറും. അത്തരമൊന്ന് ഡിവിഷന് ബഞ്ചിന്റെ വിധിയില്‍ ആരോപിക്കപ്പെടാം.
വഖഫ് സംരക്ഷണ വേദി സുപ്രീം കോടതിയില്‍ അപ്പീലിനായി പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്താല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളായിരിക്കും ആ ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുക.
അതിനാല്‍ മിക്കവാറും സുപ്രീം കോടതി അതിനെ അപ്പീലായി പരിഗണിക്കാനും എതിര്‍കക്ഷികള്‍ക്ക് നോട്ടീസയയ്ക്കാനും ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്യാനുമുള്ള സാധ്യതയാണ് കൂടുതല്‍ കാണുന്നത്. അതിനര്‍ത്ഥം ഹൈക്കോടതിയുടെ നിഗമനങ്ങള്‍ തെറ്റാണ് എന്നല്ല. മറിച്ച്, ഈ കേസ്സില്‍ അത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത് ഹര്ജിക്കാരന് ആവശ്യപ്പെട്ടതിലും ഉപരിയായ ഒരു തീരുമാനം ആണോ എന്നാണ്. ഇത് ഒരു സാങ്കേതിക ചോദ്യമാണ്. അതിനാലാണ് വഖഫ് ബോര്‍ഡ് 20.05.2019 ഇറക്കിയ ഉത്തരവ് തെറ്റായ ഒന്നാണെന്ന് കണ്ടെത്തിയിട്ടും കോടതി അതിനെ അസാധു ആക്കാത്തത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും ‘ലഃേൃമ ുലശേമേ’ ആകുമായിരുന്നു.
വഖഫ് ബോര്‍ഡിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും സര്‍ക്കാരിനെ ബാധിക്കുന്നതല്ലായെന്നും എന്നാല്‍ ആ ഉത്തരവിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് ഭരണഘടന നല്കുന്ന മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ബഹു. ഹൈക്കോടതി പറഞ്ഞിട്ടുണ്ടെങ്കിലും സുപ്രീം കോടതിയില്‍ നിന്നും ഒരു അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകാനിടയില്ല എന്നതിന്റെ മറവില്‍, മുസ്ലീംപ്രീണനത്തിന്റെ ഭാഗമായി, മുനമ്പം ജനതയ്ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ സര്‍ക്കാര്‍ തിരികെനല്കാന് സാധ്യതയില്ല.
സമ്പൂര്‍ണ്ണ നീതി നടപ്പാക്കുന്നതിനായി സുപ്രീം കോടതിക്ക് ആര്‍ട്ടിക്കിള്‍ 142നു താഴെ എന്തു വിധിയും പ്രഖ്യാപിക്കാം. പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതി അത്തരം ഒരു നടപടിയിലേക്ക് കടക്കുമോ? എങ്കില്‍ മുനമ്പം വിഷയം ഒരു പഴങ്കഥയായി മാറും.
അതിപ്രധാനമായ നിരീക്ഷണങ്ങള്‍
മുനമ്പവുമായി ബന്ധപ്പെട്ട കേസ്സുകളില്‍ ആരും ഇതുവരെ ഉയര്‍ത്താത്ത വളരെ പ്രസക്തമായ മൂന്നു കാര്യങ്ങള്‍ ഞങ്ങളിവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു:
ആദ്യമായി, ബഹു. ജസ്റ്റിസ് ട.അ. ധര്‍മ്മാധികാരിയും ജസ്റ്റിസ് ശ്യാം കുമാര്‍ ഢ.ങ.ഉം അടങ്ങുന്ന ഡിവിഷന് ബഞ്ചല്ല ആദ്യമായി 01.11.1950ല്‍ സിദ്ധിഖ് സേട്ടു രജിസ്റ്റര്‍ ചെയ്ത ആധാരം വഖഫ് ആധാരമല്ല എന്ന് പറയുന്നത്. 10.10.2025ലെ ബഹു. ഹൈക്കോടതിയുടെ ജഡ്ജ്മെന്റിന്റെ ആറാം ഖണ്ഡികയില്‍, തങ്ങള്‍ പുതിയ ഒരു കണ്ടെത്തല്‍ അല്ല നടത്തുന്നതെന്നും, മറിച്ച് മുനമ്പം ഒരു വഖഫ് അല്ല എന്നു പ്രഖ്യാപിക്കുന്നത് മുന്‍ കോടതിവിധികളുടെ അടിസ്ഥാനത്തിലാണെന്നും എടുത്തുപറയുന്നു. ഏതാണ് ആ വിധികള്‍? പറവൂര്‍ സബ് കോടതി 12.07.1971ല്‍ ഛ.ട ചീ: 53/1967 എന്ന കേസ്സില്‍ പുറപ്പെടുവിച്ച വിധിയിലും തുടര്‍ന്ന് ആ കേസ്സിന്റെ തന്നെ അപ്പീലില്‍ ബഹു. ഹൈക്കോടതി ഡിവിഷന് ബഞ്ച് അ.ട ചീ: 600/1971 എന്ന കേസ്സില്‍ 30.09.1975ല്‍ പുറപ്പെടുവിച്ച വിധിയിലും സിദ്ധിഖ് സേട്ടു രജിസ്റ്റര്‍ ചെയ്ത പ്രമാണം ഒരു ഇഷ്ടദാനാധാരം ആണ് എന്നു പറഞ്ഞിരുന്നു. അതിനര്‍ത്ഥം ഭൂമി വഖഫ് അല്ല എന്നു തന്നെയാണ്
രണ്ടാമതായി, ഒരു കോടതിയും ഇതുവരെ മുനമ്പത്തെ ഒരു വഖഫായി പ്രഖ്യാപിച്ചിട്ടില്ല എന്ന കോടതിയുടെ നിരീക്ഷണമാണ്. ഈ വര്‍ഷം തന്നെ അതായത് 03.06.2025 ബഹു. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഛ.ജ (ണ) ചീ: 9 എന്ന കേസ്സില്‍ നാളിതുവരെ പറവൂര്‍ സബ് കോടതിയോ ബഹു. ഹൈക്കോടതിയോ മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ചിട്ടില്ല എന്ന് വിധിച്ചിട്ടുണ്ട്. അതിനാല്‍ 10.10.2025ല്‍ ബഹു. ഹൈക്കോടതി പുതിയ കണ്ടെത്തലുകള്‍ ഒന്നുംതന്നെ നടത്തിയിട്ടില്ല എന്നും മുന്‍കാല വിധികള്‍ എടുത്തുപറയുക മാത്രമാണ് ഉണ്ടായതെന്നും നാം മനസ്സിലാക്കണം.
മൂന്നാമതായി, വഖഫ് ആക്ട് 1995 നിലവില്‍ വരുന്നതിനു മുമ്പ് ഏതെങ്കിലും സിവില്‍ കോടതി ഒരു പ്രമാണത്തില്‍ ഉള്‍പ്പെട്ട വസ്തുവിന്റെ സ്വഭാവം നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ വഖഫ് ട്രൈബ്യൂണല്‍ പുന:പരിശോധിക്കാന്‍ പാടില്ല എന്ന് ആ ആക്ടിന്റെ സെക്ഷന്‍ 7 (യ)ല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു വിരുദ്ധമായാണ് 20.05.2019ല്‍ വഖഫ് ബോര്‍ഡ് മുനമ്പത്തെ വഖഫ് ആയി പ്രഖ്യാപിച്ചത്. കാരണം, ആ വിഷയം ട്രൈബ്യൂണലിന് പുന:പരിശോധിക്കാന്‍ കഴിയില്ല എന്നതു തന്നെ. ട്രൈബ്യൂണലിന് പുന:പരിശോധിക്കാന്‍ കഴിയാത്ത ഒരു തീരുമാനം വഖഫ് ബോര്‍ഡിന് എടുക്കാന്‍ സാധിക്കുമോ? ഈ ചോദ്യം അങ്ങേയറ്റം പ്രസക്തമാണ്, ഈ കേസ്സിന്റെ മാനങ്ങളെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്.
അതിനാല്‍, 10.10.2025ലെ ഹൈക്കോടതി ഉത്തരവില്‍ ‘ില ൗഹേൃമ ുലശേമേ’ ഉണ്ടോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. ഈയൊരു വാദം കേരള സര്‍ക്കാരോ ഫറൂഖ് കോളേജോ മുനമ്പത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് കേസ്സില്‍ ഉള്‍പ്പെട്ട കക്ഷികളോ ഉയര്‍ത്തിയാല്‍ സുപ്രീം കോടതി മുമ്പാകെ വഖഫ് സംരക്ഷണ വേദി ഉയര്‍ത്താനിരിക്കുന്ന എല്ലാ വാദങ്ങളും തകര്‍ന്നടിയും എന്ന് ഞങ്ങള്‍ക്കുറപ്പാണ്. കാരണം, വഖഫ് ബോര്‍ഡിന്റെ തീരുമാനം ശരിയോ എന്നു പരിശോധിക്കാന്‍ വഖഫ് ട്രൈബ്യൂണലിനു മാത്രമേ കഴിയൂ എന്നാണ് അവരുടെ വാദം.
വഖഫ് ഭേദഗതി നിയമത്തിലൂടെയും പരിഹാരം
മുനമ്പം വിഷയത്തിന് മറ്റൊരു പരിഹാരം കൂടി ഉറപ്പായിട്ടുണ്ട്. പുതിയ വഖഫ് ആക്ടിന്റെ ടലര.2ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ടാം പ്രൊവീസോ പ്രകാരം ട്രസ്റ്റുകളെയും സൊസൈറ്റികളെയും സ്റ്റാറ്റിയൂട്ടറി നിയമങ്ങള്ക്കടിയില് രജിസ്റ്റര്‍ ചെയ്ത മറ്റ് പൊതുധര്മ്മ സ്ഥാപനങ്ങളെയും വഖഫ് ആക്ടിന്റെ പരിധിയില്‍ നിന്നും മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ സമര്‍പ്പണം നടത്തിയത് വഖഫിനു സമാനമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ – അതായത് മതപരം, ഭക്തിപരം, സാന്ത്വനപരം എന്നീ കാര്യങ്ങള്‍ക്കായി – ഒരു മുസ്ലീം നടത്തിയത് ആയിരിക്കണമെന്നു മാത്രം.
മുനമ്പത്തെ കാര്യമെടുത്താല്‍, സമര്‍പ്പണം നടത്തിയത് ഒരു മുസ്ലിം ആണ്. വഖഫിനു സമാനമായ ഉദ്ദേശ്യത്തിനു വേണ്ടിയാണ് നടത്തിയതെന്നും കാണുന്നു. സമര്‍പ്പണം നടത്തിയിരിക്കുന്നത് 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ടിനടിയില്‍ 1948ല്‍ തന്നെ ഒരു പൊതുധര്മ്മ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഫറൂഖ് കോളേജിന്റെ പേരിലാണ്.
പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘനാവിരുദ്ധമാണെന്ന് ആരോപിച്ച് പലരും സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന് ചട്ടങ്ങള്‍ രൂപീകരിച്ച് നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഇതുവരെ കഴിയാതിരുന്നത്. എന്നാല്‍ ബഹു. സുപ്രീം കോടതി 15.10.2025ല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലും അതില്‍ പുതിയ ആക്ടിലെ ടലര.2നെ സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ ഒന്നും പറയാത്ത സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാരിന് എത്രയും വേഗം ചട്ടങ്ങള്‍ രൂപീകരിക്കാവുന്നതാണ്. പുതിയ ആക്ടിന്റെ ടലര.108ആയില് പറയും പ്രകാരം പാര്‍ലമെന്റില്‍ അത് അവതരിപ്പിച്ചു പാസാക്കി കഴിഞ്ഞാല്‍ പിന്നെ ആറു മാസത്തിനുള്ളില്‍ത്തന്നെ മുനമ്പത്തിന് ഒരു ശാശ്വത പരിഹാരം ഉറപ്പാണ്. കാരണം, അതിനുശേഷം വഖഫ് ട്രൈബൂണലിന് മുന്നിലുള്ള മുനമ്പം സംബന്ധിയായ കേസ്സുകളില്‍ തീരുമാനം എടുക്കാന്‍ വഖഫ് ട്രൈബ്യൂണലിനു കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷേ, ഈ പരിഹാരമാകാം ഏറ്റവും ആദ്യം നടപ്പിലാകുന്നത്. നമുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.
അല്പം ചരിത്രം
സംസ്ഥാന വഖഫ് ബോര്‍ഡ് നിലവില്‍ വന്നത് 1954-ല്‍ നെഹ്രു കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ആയിരുന്നു. വഖഫ് ഭൂമികളെല്ലാം വഖഫ് രജിസ്ട്രിയിലേക്ക് എഴുതിച്ചേര്‍ക്കണമെന്ന് അതില്‍ നിയമമുണ്ടായിരുന്നു. മുഹമ്മദ് സിദ്ദിഖ് സേട്ടുവില്‍ നിന്ന് മുനമ്പം ഭൂമി സ്വീകരിച്ച ഫാറൂഖ് കോളേജ് അതിനെ വഖഫായി കരുതിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് വഖഫ് രജിസ്ട്രിയിലേക്ക് അത് എഴുതിച്ചില്ല എന്നതു തന്നെയാണ്. പിന്നീട് 58 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുനമ്പം വഖഫാണെന്ന മുറവിളി ആദ്യമായി ഉയരുന്നത്. അത് ഒരു ഭീകര പ്രസ്ഥാനത്തിന്റെ മുഖപത്രത്തിലൂടെ ആയിരുന്നു. ആ റിപ്പോര്‍ട്ടുമാത്രം അടിസ്ഥാനമാക്കി 2009 ജൂണ്‍ 24-ാം തീയതി വഖഫ് ബോര്‍ഡ് ഇഋഛ ശ്രീ. ആ.ങ. ജമാല്‍ മുനമ്പത്തെ വഖഫ് ഭൂമിയായി പ്രഖ്യാപിച്ച് കല്പനയിറക്കുകയായിരുന്നു. അതിന് പ്രകാരമാണ് ജസ്റ്റിസ് ങ.അ. നിസാര്‍ ജൂണ്‍ 26-ാം തീയതി വഖഫ് വകുപ്പു മന്ത്രിക്ക് മുനമ്പം വഖഫാണെന്ന് പതിനഞ്ചാമത്തേതായി റിപ്പോര്‍ട്ടു നല്‍കിയത്. 2010ല്‍ ഇതു സംബന്ധിച്ച ഗവണ്മെന്റ് ഓര്‍ഡര്‍ ഇറങ്ങി. 2019 മെയ് 20-ാം തീയതി ബോര്‍ഡ് ഇഋഛ ശ്രീ. പാണക്കാട് റഷീദലി തങ്ങള്‍ വഖഫ് രജിസ്ട്രിയിലേക്ക് മുനമ്പം ഭൂമി എഴുതിച്ചേര്‍ത്തു.
മുനമ്പം വഖഫ് ഭൂമിയായതിനാല്‍ ‘അന്യവ്യക്തികളില്‍ നിന്ന്’ (മുനമ്പംകാരില് നിന്ന്) കരം സ്വീകരിക്കരുതെന്നും അവക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും പോക്കു വരവു നടത്തിക്കൊടുക്കരുതെന്നും സമാനമായ മറ്റു നടപടികള്‍ കൈക്കൊള്ളരുതെന്നും 2022 ജനുവരി 13-ാം തീയതി കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളുടെ ഓഫീസര്‍മാര്‍ക്ക് ഇഋഛ ആ.ങ. ജമാല്‍ കല്പന അയച്ചു. അതിന്‍പ്രകാരമാണ് 610 കുടുംബങ്ങള്‍ അന്യായമായി റവന്യൂ തടങ്കലില്‍ ആയത്.