ഫാ. ജോൺസൺ പുത്തൻവീട്ടിൽ
“അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ എകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (വി. യോഹ 3:16).
ഭൂമിയിലെ വാസം 1946 – 2025. അതിൽ 1975 മുതൽ 2025 വരെ ആലപ്പുഴ രൂപതയിലെ വൈദിക ശുശ്രൂഷ. 1981 മുതൽ 1983 വരെ തൈക്കൽ സെന്റ് ഫ്രാൻസിസ്, എന്റെ ഇടവക വികാരിയും ആയിരുന്നു. സ്റ്റീഫനച്ചൻ മുതലുള്ള വികാരിമാരെയാണ് കൃത്യമായ ഓർമയുള്ളത്. അന്നു യു.പി. സ്കൂൾ വിദ്യാർത്ഥിയായിരുന്ന എനിക്ക് അച്ചൻ സമ്മാനിച്ച ഒരു അംഗീകാരമാണ് അത്തരമൊരു ഓർമയ്ക്കു നിദാനവും.
മതബോധന ക്ലാസ്സിൽ നടന്ന ഒരു മീറ്റിങ്ങിൽ വികാരി അധ്യക്ഷനായിരുന്നു. പ്രസംഗത്തിലൊന്നു എനിക്കുമായിരുന്നു. സ്വാഗതപ്രസംഗമെന്നു കരുതുന്നു.വളരെ കുറച്ചു കൂട്ടുകാരും അധ്യാപകരും മാത്രമുണ്ടായിരുന്നിട്ടും സഭാകമ്പംമൂലം പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ വാക്കുകളും വരികളും നഷ്ടപ്പെട്ടു,
അതു മുഴുമിപ്പിക്കാതെ എങ്ങിനെയോ പറഞ്ഞു അവസാനിപ്പിച്ചു. സ്വസ്ഥാനത്തെക്കുപോയിരുന്ന എനിക്കു കൂട്ടുകാരുടെ ചിരിയും നോട്ടവും വിഷമമുണ്ടാക്കി. വികാരയച്ചൻ തന്റെ പ്രസംഗസമയത്ത് എന്നെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സദസ്സിനെ തിരുത്തുകയും ചെയ്തു.
പിന്നീടു എന്നെവിളിച്ചു, വേദിയിൽ ഇതുപോലെ വീഴ്ചകളും തെറ്റുകളും വരുത്തിയാണ് തുടങ്ങുക, വിഷമിക്കേണ്ട ഭാവിയിൽ നന്നായി പ്രസംഗിക്കും. കൂടുതൽ വായിക്കുക, എഴുതി പഠിക്കുക, കാണാതെ പറഞ്ഞു ശീലിക്കുക, വേദിയിലെത്തുംമുമ്പ് ആരെയെങ്കിലും പറഞ്ഞു കേൾപ്പിക്കുക എന്നൊക്കെ ഉപദേശിച്ചു.
സാമാന്യം ആൾക്കാർക്കു മനസ്സിലാകുന്ന രീതിയിൽ ഇന്നു സംസാരിക്കുന്നുവെങ്കിൽ അതിന്റെ ആദ്യത്തെ പ്രോത്സാഹനവും തിരുത്തലും ഉപദേശവും സ്റ്റീഫനച്ചനിൽ നിന്നായിരുന്നു. വൈദികനായതിനുശേഷം അച്ചനെ കണ്ടപ്പോൾ ആദ്യം പറഞ്ഞതും പിന്നീട് അച്ചൻ ആയിരുന്ന ഇടവകകളിൽ പ്രസംഗത്തിനും ക്ലാസ്സിനുമെല്ലാം വിളിച്ചിരുന്നപ്പോഴുമെല്ലാം ഇക്കാര്യം ആവർത്തിച്ചു അച്ചനോടു പറഞ്ഞിട്ടുണ്ട്.
അപ്പോൾ എല്ലാം ചിരിച്ചുകൊണ്ട് അങ്ങിനെ ആയിരുന്നോ എന്നും ചോദിച്ചിട്ടുമുണ്ട്.കഴിഞ്ഞമാസം അർത്തുങ്കലിലെ ഹോസ്പിറ്റലിൽ അച്ചൻ ആയിരുന്നപ്പോഴും ഈ മാസം 2 മുതൽ 5 വരെ ചേർത്തല തിരുഹൃദയസെമിനാരിയിൽ വൈദിക വിദ്യാർത്ഥികളെ സഹായിച്ചുകൊണ്ട് ധ്യാനത്തിലായിരുന്നപ്പോഴും അച്ചനെപോയിക്കണ്ടു പ്രാർത്ഥിച്ചു, കരങ്ങളെടുത്തുപിടിച്ചു സംസാരിച്ചു, പോരുമ്പോൾ നെറ്റിയിൽ ഒരു സ്നേഹചുംബനവും നൽകിയിരുന്നു.
സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും ഓരോപ്രാവശ്യം അച്ചനെകാണുമ്പോഴും കൈകളിൽ അമർത്തിപിടിച്ചുകൊണ്ടുള്ള അച്ചന്റെ പ്രതികരണം അവസാനവും അനുഭവിച്ചു. അച്ചനുശേഷം മറ്റു വൈദികരിൽ നിന്നുമെല്ലാം ഏറെ തിരുത്തലുകളും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ടെങ്കിലും എന്നെ സ്വാധീനിച്ച ആദ്യത്തെ ഇടവക വികാരി സ്റ്റീഫനച്ചൻ തന്നെയാണ്.
വഴികാട്ടിയായതിനും പ്രോത്സാഹിപ്പിച്ചതിനും പ്രാർത്ഥനാപുർവം ആദരവോടെ സ്മരിച്ചുകൊണ്ട് സ്വർഗീയഭവനത്തിലേക്കുള്ള യാത്രയിലും നിലയ്ക്കാത്ത വാക്കുകളാൽ ഹൃദയപൂർവം പ്രാർത്ഥനകൾ നേരുന്നു.