കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷം ഒക്ടോബർ 24-ന് നടക്കും. കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടിയിൽ ശ്രീമതി ദ്രൗപദി മുർമു, ആദരണീയ ഇന്ത്യൻ രാഷ്ട്രപതി വിശിഷ്ടാതിഥിയാകുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ശ്രീമതി ദ്രൗപദി മുർമു ബഹുമാന്യയായ ഇന്ത്യൻ രാഷ്ട്രപതി, ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ബഹു. കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,ബഹു. കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ. സുരേഷ് ഗോപി, ബഹു.സംസ്ഥാന വ്യവസായ,നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്, ബഹു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ, ബഹു. ഹൈബി ഈഡൻ എം.പി,ബഹു. ടി ജെ വിനോദ് എം എൽ എ, ബഹു. കൊച്ചി മേയർ ശ്രീ. അഡ്വ. എം. അനിൽകുമാർ, പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ നീലിമ സിഎസ്എസ്ടി, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ആന്റണി വാലുങ്കൽ എന്നിവർ പങ്കെടുക്കും.
സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ ജോസ് ലിനറ്റ് സിഎസ്എസ്ടി സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പാൾ ഡോ. അനു ജോസഫ് ശതാബ്ദി ലോഗോയെക്കുറിച്ച് വി ശദീകരിക്കുകയും ചെയ്യും. ഡയറക്ടർ റവ. സിസ്റ്റർ ടെസ സിഎസ്എസ്ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കും. രാഷ്ട്രപതിയുടെ സന്ദർശനം ശതാബ്ദി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്ന ഏറ്റവും വലിയ ആദരവാണെന്ന് കോളേജ് ഡയറക്ടർ റവ. സിസ്റ്റർ ടെസ സിഎസ്എസ്ടി പത്ര സമ്മേളനത്തിൽ പറഞ്ഞു.
“ഇത് കോളേജിന് മാത്രമല്ല, സ്ത്രീ വിദ്യാഭ്യാസത്തിനായി ഒരു നൂറ്റാണ്ട് മുൻപ് ഞങ്ങളുടെ സ്ഥാപകയായ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കും ത്യാഗങ്ങൾക്കുള്ള ദേശീയമായ അംഗീകാരം കൂടിയാണ്”- സിസ്റ്റർ ടെസ കൂട്ടിച്ചേർത്തു.
“ഒരു നൂറ്റാണ്ട് മുൻപ് ഞങ്ങളുടെ സ്ഥാപക കണ്ട സ്വപ്നമാണ് സ്ത്രീശാക്തീകരണത്തിലൂടെ സമൂഹത്തെ വളർത്തുക എന്നത്. ആ ദൗത്യം നിറവേറ്റാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥിനികൾ സമൂഹത്തിന് നൽകുന്ന സംഭാവനകളാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം”- പ്രിൻസിപ്പൽ ഡോ. അനു ജോസഫ് പറഞ്ഞു.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി അധികൃതർ അറിയിച്ചു. 24-ന് രാവിലെ 11:35-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നാണ് കോളേജിൽ എത്തുക.
പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമെന്ന ഖ്യാതിയോടെ 1925-ലാണ് സെന്റ് തെരേസാസ് കോളേജ് സ്ഥാപിതമാകുന്നത്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യവുമായി കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (CSST) സന്യാസിനി സമൂഹം ആരംഭിച്ച കോളേജിൽ തുടക്കത്തിൽ 41 വിദ്യാർത്ഥിനികൾ മാത്രമാണുണ്ടായിരുന്നത്.
ഇന്ന് ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിലായി 25 ഡിപ്പാർട്ട്മെന്റുകളിലായി നാലായിരത്തി ഇരുന്നൂറ്റി അറുപതിമൂന്നു വിദ്യാർത്ഥിനികളാണ് ഇവിടെ പഠിക്കുന്നത്. 2014-ൽ സ്വയംഭരണ പദവി നേടിയ കോളേജ്, ദേശീയ തലത്തിൽ നാക് അക്രഡിറ്റേഷനിൽ A++ ഗ്രേഡും എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തെ കോളേജുകളിൽ 60- ആം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരസേനാനി അക്കമ്മ ചെറിയാൻ, കെ.ആർ. ഗൗരിയമ്മ,മേഴ്സി രവി, ജമീല പ്രകാശം, ജസ്റ്റിസ് അനു ശിവരാമൻ, പ്രശസ്ത അഭിനേത്രിമാരായ റാണി ചന്ദ്ര, ദിവ്യ ഉണ്ണി, സംവൃത സുനിൽ, അമല പോൾ, അസിൻ തൊട്ടുങ്കൽ, ഗായിക സുജാത മോഹൻ, രഞ്ജിനി ജോസ്, വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി ജയശ്രീ മിശ്ര, വിജയലക്ഷ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, കലാ-കായിക രംഗങ്ങളിൽ പ്രമുഖരായ നിരവധി വനിതകളെ വാർത്തെടുത്ത പാരമ്പര്യമാണ് കോളേജിനുള്ളത്.
കോളേജ് ആർട്ട് ബ്ലോക്ക് ഡയറക്ടർ റവ. സിസ്റ്റർ ടെസ സിഎസ്എസ്ടി,സയൻസ് ബ്ലോക്ക് ഡയറക്ടർ റവ. സിസ്റ്റർ ഫ്രാൻസിസ് ആൻ സിഎസ്എസ്ടി, ലോക്കൽ മാനേജർ റവ. സിസ്റ്റർ ശിൽപ സിഎസ്എസ്ടി, കോളജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, ജനറൽ കൺവീനർ ഡോ. സജിമോൾ അഗസ്റ്റിൻ എം, രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ കോർഡിനേറ്റർ പ്രൊഫ. ലതാ നായർ ആർ, ഡീൻ ഓഫ് എക്സ്റ്റൻഷൻ ആൻഡ് ഇൻകുബേഷൻ പ്രൊഫ. നിർമ്മല പത്മനാഭൻ, ഡീൻ ഓഫ് സെൽഫ് ഫിസാൻസിങ് ഡിപ്പാർട്ട്മെൻ്റ് പ്രൊഫ. കല എം.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.