ജനഹിതം /ഫാ. ജോഷി മയ്യാറ്റിൽ
52 മുസ്ലീം പെൺകുട്ടികൾ ഉൾപ്പെടെ നാനൂറോളം വിദ്യാർത്ഥികൾ ചട്ടങ്ങളെല്ലാം അനുസരിച്ച് സ്വച്ഛമായി പഠിക്കുന്ന പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ കൊണ്ടുവന്ന് സ്വന്തം മകളെ ചേർത്തിട്ട് ജൂൺ മുതൽ ഒക്ടോബർ 6 വരെ സ്കൂളിൻ്റെ യൂണിഫോം പാലിച്ചിട്ട് ആ കുടുംബം ഒക്ടോബർ 7 മുതൽ ആ പാവം കുട്ടിയെ വേഷംകെട്ടിച്ചു! നിശ്ചിത യൂണിഫോമിൽ (പെൺകുട്ടികൾ മുടി രണ്ടായി പിന്നിയിടണം എന്നതുൾപ്പെടെ) ഒരു മാറ്റവും അനുവദിക്കില്ല എന്നു വ്യക്തമാക്കിയ മാനേജുമെൻ്റിനെതിരേ ഭീകര പ്രസ്ഥാനക്കാരുമായി സ്കൂളിൽ ചെന്ന് സംഘർഷമുണ്ടാക്കി!! കുട്ടികളുടെ ഭാവി വച്ച് പന്താടുന്നതിൽ ഈ വർഗീയ വാദികൾക്ക് ഒരു മനക്കടിയും ഇല്ലേ?
വിദ്യാലയങ്ങളെ മതഭ്രാന്തിൻ്റെ പരീക്ഷണശാലയാക്കാനുള്ള കുതന്ത്രങ്ങളെ പൊതുസമൂഹം ഒന്നായി നട്ടെല്ലോടെ ചെറുക്കണം. നിലപാടിൽ ഉറച്ചുനിന്ന് മതമൗലികവാദത്തെയും ഭീകരവാദികളുടെയും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുടെയും ഭീഷണിയെയും വിദ്യാഭ്യാസമന്ത്രിയുടെ വിവരക്കേടിനെയും ചെറുത്ത ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ!
മാനവികവും പ്രാർത്ഥനാപൂർവകവുമായ നിങ്ങളുടെ ശുശ്രൂഷകൾക്ക് മനുഷ്യരാശി എന്തുമാത്രം കടപ്പെട്ടിരിക്കുന്നു!! ക്രൈസ്തവ സന്യാസത്തിൻ്റെ അത്യുജ്വലമായ സാമൂഹികധർമം കൂടുതൽ ഊർജ്ജസ്വലതയോടെ തുടരുക… കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കായി സ്കൂൾ തുറന്ന മദർ ഏലീശ്വായുടെ 194-ാം ജന്മദിനമായിരുന്നു ഇന്നലെ… നവംബർ 8ന് ആഗോള സഭ ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോൾ സത്യത്തിൽ സാക്ഷരകേരളവും സ്ത്രീശക്തീകൃത കേരളവുമാണ് ആദരിക്കപ്പെടുന്നത്!
ഈ ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ മനോവിഷമം ഞങ്ങൾക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ക്രൂശിതനിൽ നങ്കൂരമിട്ടിരിക്കുന്ന നിങ്ങൾക്ക് ഇതൊക്കെ ഒരു പൂച്ചെണ്ടായേ തോന്നൂ എന്നറിയാം.
ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൻ്റെ ഭാഗത്തു നിന്നുണ്ടായ പീഡനനിലപാടുകളാണ്. ഇവരെ കൃത്യമായി മനസ്സിലാക്കാൻ പൊതുസമൂഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആദ്യ ദിവസങ്ങളിൽത്തന്നെ ‘ബെസ്റ്റ് ഗുലാണ്ടർ’ അംഗീകാരം കിട്ടിയ ആരുടെയോ ഫോണിൽ നിന്ന് NOC കട്ട് ചെയ്യുമെന്ന് വ്യാജഭീഷണി വന്നെന്നു കേൾക്കുന്നു! സ്കൂളിലെത്തി മാനേജുമെൻ്റിനോട് പരുഷമായി സംസാരിച്ചതും പോരാ, പിന്നെ വസ്തുതാവിരുദ്ധമായ വ്യാജ റിപ്പോർട്ടു നല്കി മന്ത്രിയെ കുഴിയിൽ ചാടിച്ചതും ഇക്കൂട്ടരാണ്! ഏതായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ!
ഈ സമയം വരെ (7.00 am, 16.10.2025) സ്കൂളധികാരികൾ ഉൾപ്പെട്ട ഒരു സമവായ ചർച്ചയും ആ സ്കൂളിൽ നടന്നിട്ടില്ല എന്നതാണ് വാസ്തവം. സ്കൂളിൻ്റെ ചട്ടങ്ങൾ പാലിക്കാൻ മാതാപിതാക്കൾ രേഖാമൂലമുള്ള സമ്മതം തരുമെന്ന വ്യവസ്ഥ പാലിച്ചു മാത്രമേ കുട്ടിയെ ഇനി അവിടെ തുടരാൻ അനുവദിക്കേണ്ടതുള്ളൂ.