മനാഗ്വേ: നിക്കരാഗ്വേയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലാ പുരിസിമ അതിരൂപത മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറും വൈദികനുമായ ഫാ. മാരിയോ ഡി ജെസൂസ് ഗുവേര കാലെറോ (66) അന്തരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12 ഞായറാഴ്ചയായിരിന്നു അന്ത്യം.
2018 ഡിസംബർ 5ന് മനാഗ്വേ കത്തീഡ്രലിൽ കുമ്പസാരിപ്പിക്കുന്നതിനിടെയാണ് വൈദികന് നേരെ ആസിഡ് ആക്രമണമുണ്ടായത്. കത്തോലിക്ക സഭയ്ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ രൂക്ഷമായ കാലയളവായിരിന്നു ഇത്. വിവിധ ശസ്ത്രക്രിയകളും ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിരിന്നു. ആക്രമണകാരിയോട് ക്ഷമിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
2019 ഓഗസ്റ്റിൽ, ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം പ്രതിയായ ലിയോനിഡോവ്ന ഗോണിനെ മോചിപ്പിച്ചു. നിക്കരാഗ്വ: എ പെർസെക്യുട്ടഡ് ചർച്ച് എന്ന റിപ്പോർട്ടിന്റെ രചയിതാവും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന വൈദികന്റെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.
നമ്മുടെ കർത്താവായ ദൈവം അദ്ദേഹത്തിന് തന്റെ വിശുദ്ധ സ്വർഗ്ഗം സമ്മാനിക്കട്ടെയെന്ന് അവര്‍ ‘എക്സില്‍’ കുറിച്ചു. മനാഗ്വേയിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസും നിക്കരാഗ്വേൻ തലസ്ഥാനത്തെ വൈദികരും ഫാ. മാരിയോ ഡി ജെസൂസിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്.

