ടെൽ അവീവ്: രണ്ടു വർഷം നീണ്ട ഇസ്രായേൽ പലസ്റ്റിൻ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ നേതൃത്വത്തിലാണ് ഈജിപിൽ നടന്ന സമാധാന ഉച്ചകോടിയിലെ സമാധാനക്കരാറിൽ ഒപ്പുവെച്ചത്. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളാണ് കരാർ സാധ്യമാക്കിയത്.
ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ നടന്ന രാജ്യാന്തര ഉച്ചകോടിയിൽ ട്രംപിൻറെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോക നേതാക്കൾ പങ്കെടുത്തു.എന്നാൽ ഇസ്രയേലും ഹമാസും അംഗീകരിച്ച കരാറിൽ ഇരുപക്ഷത്തേയും പ്രതിനിധികൾ പക്ഷേ പങ്കെടുത്തില്ല.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിൻറെ ഇരുപതിന പദ്ധതി ഉച്ചകോടി ചർച്ച ചെയ്ത് അംഗീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയ ലോകനേതാക്കൾ സമാധാന ചർച്ചകളിൽ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
കരാറിൻറെ ഭാഗമായി, ഇസ്രയേൽ പൗരന്മാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീൻ പൗരന്മാരെ ഇസ്രയേലും മോചിപ്പിച്ചു. “ഞങ്ങൾ എല്ലാവരെയും സന്തോഷിപ്പിക്കാൻ പോകുന്നു, ജൂതന്മാരായാലും അറബ് രാജ്യങ്ങളായാലും മുസ്ലീങ്ങളായാലും സന്തുഷ്ടരാണെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യേഷ്യൻ മേഖലയിലെ നേതാക്കളെ ഒരുമിപ്പിക്കാനാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു .